CricketNationalNewsSports

വിരാടിന് ശനകയുടെ മറുപടി,ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ഗുവാഹാട്ടി: ശ്രീലങ്കയെ 67 റണ്‍സിന് തകര്‍ത്ത് ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ 1-0 ന് മുന്നിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സിലൊതുങ്ങി. നായകന്‍ ഡാസണ്‍ ശനകയുടെ അപരാജിത സെഞ്ചുറിയാണ് ശ്രീലങ്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

108 റണ്‍സെടുത്ത് പുറത്താവാതെ നിന്ന നായകന്‍ ഡാസണ്‍ ശനകയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. തകര്‍ത്തടിച്ചിട്ടും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ ശനകയ്ക്ക് സാധിച്ചില്ല. ഓപ്പണര്‍ പത്തും നിസ്സങ്ക 72 റണ്‍സെടുത്ത് മികച്ച പ്രകടനം പുറത്തെടുത്തു. ഒരു ഘട്ടത്തില്‍ വമ്പന്‍ തോല്‍വിയിലേക്ക് കൂപ്പുകുത്തേണ്ടിയിരുന്ന ശ്രീലങ്കയെ അവസാന ഓവറുകളില്‍ കത്തിക്കയറിയ നായകന്‍ ഡാസണ്‍ ശനക രക്ഷപ്പെടുത്തുകയായിരുന്നു. മറ്റ് ബാറ്റര്‍മാര്‍ക്ക് വേണ്ടവിധത്തില്‍ തിളങ്ങാനായില്ല. വിരാട് കോലിയുടെ സെഞ്ചുറി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് നാല് വിക്കറ്റ് നഷ്ടമായി. ആവിഷ്‌ക ഫെര്‍ണാണ്ടോ (5), കുശാല്‍ മെന്‍ഡിസ് (0), ചരിത് അസലങ്ക (23), ധനഞ്ജയ ഡി സില്‍വ (47) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്.

കൂറ്റന്‍ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ടീം സ്‌കോര്‍ 19-ല്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ആവിഷ്‌ക ഫെര്‍ണാണ്ടോയെ മുഹമ്മദ് സിറാജ് ഹാര്‍ദിക് പാണ്ഡ്യയുടെ കൈയ്യിലെത്തിച്ചു. വെറും അഞ്ച് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

പിന്നാലെ വന്ന കുശാല്‍ മെന്‍ഡിസിനെ അതിമനോഹരമായ ഇന്‍സ്വിങ്ങറിലൂടെ ക്ലീന്‍ ബൗള്‍ഡാക്കി സിറാജ് വീണ്ടും കരുത്തുകാട്ടി. അക്കൗണ്ട് തുറക്കുംമുന്‍പ് മെന്‍ഡിസ് പുറത്തായി. നാലാമനായി വന്ന ചരിത് അസലങ്കയെ കൂട്ടുപിടിച്ച് ഓപ്പണര്‍ പത്തും നിസ്സങ്ക വലിയ അപകടത്തില്‍ നിന്ന് ടീമിനെ രക്ഷിച്ചു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 50 കടത്തി.

എന്നാല്‍ 23 റണ്‍സെടുത്ത അസലങ്കയെ വിക്കറ്റ് കീപ്പര്‍ രാഹുലിന്റെ കൈയ്യിലെത്തിച്ച് ഉമ്രാന്‍ മാലിക്ക് ഈ കൂട്ടുകെട്ട് പൊളിച്ചു. അസലങ്കയ്ക്ക് പകരം ധനഞ്ജയ ഡി സില്‍വ ക്രീസിലെത്തിയതോടെ ലങ്കന്‍ ഇന്നിങ്‌സിന് ജീവന്‍ വെച്ചു. സില്‍വയും നിസ്സങ്കയും ചേര്‍ന്ന് അനായാസം ബാറ്റുവീശിയപ്പോള്‍ ലങ്കന്‍ സ്‌കോര്‍ കുതിച്ചു. ഇരുവരും 72 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. അതിനിടെ നിസങ്ക അര്‍ധസെഞ്ചുറി നേടുകയും ചെയ്തു.

എന്നാല്‍ ടീം സ്‌കോര്‍ 136-ല്‍ നില്‍ക്കെ മുഹമ്മദ് ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു. 40 പന്തില്‍ നിന്ന് 47 റണ്‍സെടുത്ത സില്‍വയെ ഷമി രാഹുലിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ ലങ്ക വീണ്ടും പ്രതിരോധത്തിലായി. സില്‍വയ്ക്ക് പകരം നായകന്‍ ഡാസണ്‍ ശനക ക്രീസിലെത്തി.

പക്ഷേ അവിടുന്നങ്ങോട്ട് ശ്രീലങ്കയ്ക്ക് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടു സില്‍വയ്ക്ക് പിന്നാലെ നന്നായി കളിച്ച നിസ്സങ്കയെ മടക്കി ഉമ്രാന്‍ മാലിക്ക് ശ്രീലങ്കയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. 80 പന്തുകളില്‍ നിന്ന് 11 ബൗണ്ടറിയുടെ സഹായത്തോടെ 72 റണ്‍സെടുത്ത നിസ്സങ്കയെ ഉമ്രാന്‍ അക്ഷര്‍ പട്ടേലിന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ വന്ന ഹസരംഗ ഏഴ് പന്തില്‍ 16 റണ്‍സ് നേടിയെങ്കിലും താരത്തെ ചാഹല്‍ ശ്രേയസ് അയ്യരുടെ കൈയ്യിലെത്തിച്ചു. ശേഷം വന്ന ദുനിത് വെല്ലലാഗെയെയും ഉമ്രാന്‍ മടക്കി. ഇതോടെ ശ്രീലങ്ക 136 ന് മൂന്ന് എന്ന സ്‌കോറില്‍ നിന്ന് 179 ന് ഏഴ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. പിന്നാലെ വന്ന ചമിക കരുണരത്‌നെയെ കൂട്ടുപിടിച്ച് ശനക ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും ചേര്‍ന്ന് ശ്രീലങ്കന്‍ സ്‌കോര്‍ 200 കടത്തി.

എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ ഈ കൂട്ടുകെട്ട് തകര്‍ത്തു. 14 റണ്‍സെടുത്ത കരുണരത്‌നെയെ ഹാര്‍ദിക് രോഹിത് ശര്‍മയുടെ കൈയ്യിലെത്തിച്ചു. വാലറ്റത്ത് വന്ന കസുന്‍ രജിതയെ കൂട്ടുപിടിച്ച് ശനക ഒറ്റയ്ക്ക് പോരാട്ടം തുടര്‍ന്നു. താരം അര്‍ധസെഞ്ചുറി നേടുകയും ടീം സ്‌കോര്‍ 250 കടത്തുകയും ചെയ്തു. ശനകയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പതറി.

മൂന്ന് തവണയാണ് ശനകയെ പുറത്താക്കാനുളള അവസരം ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ പാഴാക്കിയത്. അതിന് വലിയ വിലയാണ് ഇന്ത്യ കൊടുക്കേണ്ടിവന്നത്. ശനക ഒരറ്റത്ത് കൊടുങ്കാറ്റായപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിയര്‍ത്തു. ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ശനകയെ പുറത്താക്കാന്‍ രോഹിത്തിന് സാധിച്ചില്ല.

അവസാന ഓവറില്‍ ശനക അര്‍ഹിച്ച സെഞ്ചുറി സ്വന്തമാക്കി. ഷമി ചെയ്ത ഓവറിലെ നാലാം പന്തില്‍ ബൗണ്ടറി നേടിക്കൊണ്ടാണ് താരം മൂന്നക്കം കണ്ടത്. ശനകയുടെ രണ്ടാമത്തെ മാത്രം സെഞ്ചുറിയാണിത്. പിന്നാലെ ഇന്ത്യ വിജയം സ്വന്തമാക്കി.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സെടുത്തു. 113 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. രോഹിത് ശര്‍മ (83), ശുഭ്മാന്‍ ഗില്‍ (70) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് നല്‍കിയത്. രോഹിത്താണ് കൂടുതല്‍ ആക്രമിച്ച് കളിച്ചത്. 41 പന്തുകളില്‍ നിന്ന് ഇന്ത്യന്‍ നായകന്‍ അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. പിന്നാലെ ഗില്ലിനെ കൂട്ടുപിടിച്ച് താരം ടീം സ്‌കോര്‍ 100 കടത്തി. 14. 5 ഓവറിലാണ് ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്.

ടീം മൂന്നക്കം കണ്ടതോടെ ഗില്ലും ടോപ് ഗിയറിലായി. അനായാസം റണ്‍സ് നേടിക്കൊണ്ട് താരവും അര്‍ധസെഞ്ചുറി നേടി. 51 പന്തുകളില്‍ നിന്നാണ് ഗില്‍ അര്‍ധസെഞ്ചുറി നേടിയത്. 19-ാം ഓവര്‍ ചെയ്ത ദുനിത് വെല്ലലാഗെയുടെ ആദ്യ മൂന്ന് പന്തുകളും ബൗണ്ടറി കടത്തി ഗില്‍ കഴിവ് തെളിയിച്ചു.

എന്നാല്‍ 20-ാം ഓവറിലെ നാലാം പന്തില്‍ താരം ഗില്ലിനെ പുറത്തായി ശ്രീലങ്കന്‍ നായകന്‍ ഡാസണ്‍ ശനക ഇന്ത്യയുടെ ആദ്യ വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചു. 70 റണ്‍സെടുത്ത ഗില്ലിനെ ശനക വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. 60 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളുടെ സഹായത്തോടെയാണ് താരം 70 റണ്‍സെടുത്തത്. ഓപ്പണിങ് വിക്കറ്റില്‍ രോഹിത്തിനൊപ്പം 143 റണ്‍സ് ചേര്‍ത്ത ശേഷമാണ് താരം ക്രീസ് വിട്ടത്. ഗില്ലിന് പകരം സൂപ്പര്‍ താരം വിരാട് കോലി ക്രീസിലെത്തി.

ഗില്‍ വീണിട്ടും രോഹിത് അനായാസം ബാറ്റിങ് തുടര്‍ന്നു. എന്നാല്‍ 24-ാം ഓവറിലെ ആദ്യ പന്തില്‍ രോഹിത്തിനെ അമ്പരപ്പിച്ചുകൊണ്ട് ദില്‍ഷന്‍ മധുശങ്ക വിക്കറ്റ് പിഴുതു. രോഹിത്തിന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കടപുഴക്കി. 67 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 83 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്. രോഹിത്തിന് പകരം ശ്രേയസ്സ് അയ്യരാണ് ക്രീസിലെത്തിയത്. കോലിയോടൊപ്പം ബാറ്റുചെയ്ത ശ്രേയസ് 27 ഓവറില്‍ ടീം സ്‌കോര്‍ 200 കടത്തി.

ശ്രേയസ്സും കോലിയും ചേര്‍ന്ന് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിക്കുന്നതിനിടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. 24 പന്തുകളില്‍ നിന്ന് 28 റണ്‍സെടുത്ത ശ്രേയസ്സിനെ ധനഞ്ജയ ഡി സില്‍വ ആവിഷ്‌ക ഫെര്‍ണാണ്ടോയുടെ കൈയ്യിലെത്തിച്ചു. ശ്രേയസ്സിന് പകരം കെ.എല്‍.രാഹുലാണ് ക്രീസിലെത്തിയത്. രാഹുലിനെ കൂട്ടുപിടിച്ച് കോലി അനായാസം ബാറ്റുവീശി. പിന്നാലെ 36-ാം ഓവറില്‍ താരം അര്‍ധശതകം കുറിച്ചു. 47 പന്തുകളില്‍ നിന്നാണ് കോലി അര്‍ധസെഞ്ചുറി നേടിയത്.

മറുവശത്ത് രാഹുലും നന്നായി ബാറ്റുവീശിയതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 90 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ 29 പന്തുകളില്‍ നിന്ന് 39 റണ്‍സെടുത്ത രാഹുലിനെ പുറത്താക്കി കസുന്‍ രജിത ഈ കൂട്ടുകെട്ട് പൊളിച്ചു. രാഹുലിനെ രജിത ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ടീം സ്‌കോര്‍ 300 കടത്തിയ ശേഷമാണ് രാഹുല്‍ ക്രീസ് വിട്ടത്.

പിന്നാലെ വന്ന ഹാര്‍ദിക്ക് പാണ്ഡ്യ 12 പന്തില്‍ 14 റണ്‍സെടുത്ത് മടങ്ങി. ഹാര്‍ദിക്കിന് പകരം അക്ഷര്‍ പട്ടേല്‍ ക്രീസിലെത്തി. അക്ഷറിനെ സാക്ഷിയാക്കി കോലി അത്യുഗ്രന്‍ സെഞ്ചുറിയടിച്ചു. 80 പന്തുകളില്‍ നിന്ന് 10 ഫോറിന്റെയും ഒരു സിക്‌സിന്റെയും സഹായത്തോടെയാണ് കോലി മൂന്നക്കം കണ്ടത്. തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും സെഞ്ചുറി നേടാന്‍ കോലിയ്ക്ക് കഴിഞ്ഞു. ഡിസംബര്‍ 10 ന് നടന്ന ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിലും കോലി സെഞ്ചുറി നേടിയിരുന്നു. കോലിയുടെ 45-ാം ഏകദിന സെഞ്ചുറിയാണിത്.

ഈ സെഞ്ചുറിയോടെ ശ്രീലങ്കയ്‌ക്കെതിരേ ഏകദിനത്തില്‍ ഏറ്റവുമധികം ശതകങ്ങള്‍ നേടുന്ന താരം എന്ന സച്ചിന്റെ റെക്കോഡ് കോലി മറികടന്നു. ഒപ്പം ഇന്ത്യയില്‍ ഏറ്റവുമധികം ഏകദിന സെഞ്ചുറി നേടുന്ന താരം എന്ന സച്ചിന്റെ റെക്കോഡിനൊപ്പം എത്താനും കോലിയ്ക്ക് കഴിഞ്ഞു. എന്നാല്‍ കോലി സെഞ്ചുറി നേടിയതിന് പിന്നാലെ അക്ഷര്‍ പട്ടേല്‍ പുറത്തായി. വെറും ഒന്‍പത് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. പിന്നാലെ കോലിയും മടങ്ങി. കസുന്‍ രജിതയാണ് കോലിയെ പുറത്താക്കിയത്. രജിതയുടെ സ്ലോ ബോള്‍ സിക്‌സ് നേടാനുള്ള കോലിയുടെ ശ്രമം വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസ് കൈയ്യിലൊതുക്കി. 87 പന്തുകളില്‍ നിന്ന് 12 ഫോറിന്റെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 113 റണ്‍സെടുത്താണ് കോലി ക്രീസ് വിട്ടത്.

പിന്നാലെ ക്രീസിലൊന്നിച്ച മുഹമ്മദ് ഷമിയും (4), മുഹമ്മദ് സിറാജും (7) പുറത്താവാതെ നിന്നു. ശ്രീലങ്കയ്ക്ക് വേണ്ടി കസുന്‍ രജിത മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദില്‍ഷന്‍ മധുശങ്ക, ചമിക കരുണരത്‌നെ, ഡാസണ്‍ ശനക, ധനഞ്ജയ ഡി സില്‍വ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker