CricketNewsSports

ലങ്കയെ കറക്കി വീഴ്ത്തി കുല്‍ദീപ്; ജയത്തോടെ ഇന്ത്യ ഫൈനലില്‍

കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആവേശ പോരാട്ടത്തില്‍ ശ്രീലങ്കയെ 41 റണ്‍സിന് കീഴടക്കി ഫൈനലുറപ്പിച്ച് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറില്‍ 213 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ അവസാനം വരെ പൊരുതിയ ലങ്ക ഇന്ത്യക്ക് കടുത്ത പോരാട്ടം സമ്മാനിച്ച് 41.3വറില്‍ 172 റണ്‍സിന് ഓള്‍ ഔട്ടായി.നാലു വിക്കറ്റെടുത്ത കുല്‍ദീപ് യാാദവും രണ്ട് വിക്കറ്റ് വീതമെടുത്ത രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുമ്രയുമാണ് ഇന്ത്യന്‍ ജയം സാധ്യമാക്കിയത്. സ്കോര്‍ ഇന്ത്യ 49.1 ഓവറില്‍ 213ന് ഓള്‍ ഔട്ട്, ശ്രീലങ്ക 41.3 ഓവറില്‍ 172ന് ഓള്‍ ഔട്ട്.

സൂപ്പര്‍ ഫോറിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചപ്പോള്‍ ശ്രീലങ്ക-പാക്കിസ്ഥാന്‍ മത്സരം നിര്‍ണായകമായി. ഈ മത്സരത്തിലെ വിജയികളാകും ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യ, ബംഗ്ലാദേശിനെ നേരിടും. പരാജയമറിയാതെ 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ശ്രീലങ്കയുടെ വിജയക്കുതിപ്പിന് കൂടിയാണ് ഇന്ത്യ ഇന്ന് വിരാമമിട്ടത്.

99-6 എന്ന സ്കോറില്‍ പരാജയം ഉറപ്പിച്ച ലങ്കയ്ക്ക് ഏഴാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ധനഞ്ജയ ഡിസില്‍വയും ദുനിത് വെല്ലാലെഗെയും പ്രതീക്ഷ നല്‍കിയെങ്കിലും ധന‍ഞ്ജയ ഡിസില്‍വയെ വീഴ്ത്തി രവീന്ദ്ര ജഡേജയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. മഹീഷ തീക്ഷണയെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ സൂര്യകുമാര്‍ യാദവ് പറന്നു പിടിച്ചപ്പോള്‍ കസുന്‍ രജിതയെയും മഹീഷ പതിരാനയെയും ഒരു ഓവറില്‍ മടക്കി കുല്‍ദീപ് യാദവ് ലങ്കന്‍ പോരാട്ടം അവസാനിപ്പിച്ചു.

ബൗളിംഗില്‍ അഞ്ച് വിക്കറ്റുമായി ഇന്ത്യയെ വട്ടം കറക്കിയ ദുനിത് വെല്ലാലെഗെ 46 പന്തില്‍ 42 റണ്‍സുമായി പുറത്താകാതെ നിന്നു.ഇന്ത്യക്കായി കുല്‍ദീപ് 43 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍  ബുമ്ര 30 റണ്‍സിനും ജ‍ഡേജ 33 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യ ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയെ തുടക്കത്തിലെ തകര്‍ച്ചയിക്ക് തള്ളിവിട്ട് ബുമ്രയും സിറാജും ചേര്‍ന്ന് പ്രതിരോധത്തിലാക്കിയിരുന്നു. ലങ്കന്‍ ഓപ്പണര്‍ പാതും നിസങ്കയെ തന്‍റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ച ബുമ്ര പിന്നാലെ സ്ലോ ബോളില്‍ കുശാല്‍ മെന്‍ഡിസിനെ പകരക്കാരനായി ഇറങ്ങിയ സൂര്യകുമാര്‍ യാദവിന്‍റെ കൈകളിലെത്തിിച്ച് ലങ്കക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു.

ഇതിന് പിന്നാലെ ദിമുത് കരുണരത്നെയെ സ്ലിപ്പില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ കൈകളിലെത്തിച്ച മുഹമ്മദ് സിറാജും ആഞ്ഞടിച്ചതോടെ ലങ്ക 25-3ലേക്ക് കൂപ്പുകുത്തി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിയുടെയും(53), ഇഷാന്‍ കിഷന്‍(31), കെ എല്‍ രാഹുല്‍(39) എന്നിവരുടെ ഭേദപ്പെട്ട പ്രകടനത്തിന്‍റെയും അടിസ്ഥാനത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 186 റണ്‍സിന് ഓമ്പതാം വിക്കറ്റ് നഷ്ടമായ ഇന്ത്യക്ക് അവസാന വിക്കറ്റില്‍ അക്സര്‍ പട്ടേലും(26) മുഹമ്മദ് സിറാജും(5*) ചേര്‍ന്ന് 27 റണ്‍സ് കൂട്ടിച്ചേര്‍ത്തത് നിര്‍ണായകമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button