CricketNewsSports

കോലി കരുത്തിൽ ഇന്ത്യ, പാകിസ്താനെ തകർത്ത് സെമിയിലേക്ക്

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ പാകിസ്താനെതിരേ ആറു വിക്കറ്റിന്റെ അനായാസ ജയവുമായി സെമി ഉറപ്പിച്ച് ഇന്ത്യ. പാകിസ്താന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം 42.3 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.

വിരാട് കോലിയുടെ സെഞ്ചുറിയും ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ ഇന്നിങ്‌സുകളുമാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്. ഗില്ലിനൊപ്പവും ശ്രേയസിനൊപ്പവും സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത വിരാട് കോലി വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായി. ഏകദിനത്തില്‍ 51-ാം സെഞ്ചുറി നേടിയ കോലി 111 പന്തില്‍ നിന്ന് ഏഴ് ഫോറടക്കം 100 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

വ്യക്തിഗത സ്‌കോര്‍ 15 റണ്‍സിലെത്തിയതോടെ വിരാട് കോലി ഏകദിനത്തില്‍ 14,000 റണ്‍സ് തികച്ചു. സച്ചിനെ മറികടന്ന് ഏറ്റവും വേഗത്തില്‍ 14,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോഡും കോലിക്ക് സ്വന്തമായി. സച്ചിനും ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയ്ക്കും ശേഷം ഏകദിനത്തില്‍ 14,000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ താരമാണ് കോലി.

15 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 20 റണ്‍സെടുത്ത് ടീമിന് മികച്ച തുടക്കം സമ്മാനിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍നിരയില്‍ ആദ്യം പുറത്തായത്. ഷഹീന്‍ അഫ്രീദിയാണ് താരത്തെ പുറത്താക്കിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ഗില്‍ – വിരാട് കോലി സഖ്യം 69 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്നിങ്‌സ് ട്രാക്കിലാക്കി. പിന്നാലെ ഗില്ലിനെ പുറത്താക്കി അബ്രാര്‍ അഹമ്മദ് ഈ കൂട്ടുകെട്ട് പൊളിച്ചു. 52 പന്തില്‍ നിന്ന് ഏഴു ഫോറടക്കം 46 റണ്‍സെടുത്താണ് ഗില്‍ പുറത്തായത്.

ഗില്‍ പുറത്തായ ശേഷം മൂന്നാം വിക്കറ്റില്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം കോലി 114 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മധ്യ ഓവറുകളില്‍ ഇന്ത്യയ്ക്കായി നിര്‍ണായക റണ്‍സ് നേടിയത് ഈ സഖ്യമാണ്. 67 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 56 റണ്‍സെടുത്ത ശ്രേയസിനെ 39-ാം ഓവറില്‍ ഖുഷ്ദില്‍ ഷായുടെ പന്തില്‍ ഇമാം ഉള്‍ ഹഖ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. പാകിസ്താനു വേണ്ടി ഷഹീന്‍ അഫ്രീദി രണ്ടു വിക്കറ്റ് വീഴ്ത്തി.

നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 49.4 ഓവറില്‍ 241 റണ്‍സിന് ഓള്‍ഔട്ടായി. സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍, ഖുഷ്ദില്‍ ഷാ എന്നിവരുടെ ഇന്നിങ്‌സുകളാണ് പാകിസ്താന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

ശ്രദ്ധയോടെ ഇന്നിങ്‌സ് ആരംഭിച്ച പാകിസ്താന് പക്ഷേ ആദ്യ 10 ഓവറിനിടെ തന്നെ ഓപ്പണര്‍മാരായ ബാബര്‍ അസം (26 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറിയടക്കം 23 റണ്‍സ്), ഇമാം ഉള്‍ ഹഖ് (26 പന്തില്‍ 10) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ബാബറിനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കിയപ്പോള്‍ ഇമാമിനെ അക്ഷര്‍ പട്ടേല്‍ റണ്ണൗട്ടാക്കി.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച സൗദ് ഷക്കീല്‍ – മുഹമ്മദ് റിസ്വാന്‍ സഖ്യം 104 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെയാണ് പാക് ഇന്നിങ്‌സ് 150 കടന്നത്. ഇതിനിടെ 34-ാം ഓവറില്‍ റിസ്വാന്റെ കുറ്റി പിഴുത് അക്ഷര്‍ പട്ടേല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 77 പന്തില്‍ നിന്ന് മൂന്ന് ഫോറടക്കം 46 റണ്‍സായിരുന്നു റിസ്വാന്റെ സമ്പാദ്യം. പിന്നാലെ നിലയുറപ്പിച്ച സൗദ് ഷക്കീലിനെ ഹാര്‍ദിക് പാണ്ഡ്യയും പുറത്താക്കിയതോടെ അവര്‍ പ്രതിസന്ധിയിലായി. 76 പന്തില്‍ നിന്ന് അഞ്ചു ഫോറടക്കം 62 റണ്‍സെടുത്തുനില്‍ക്കെയാണ് ഹാര്‍ദിക്, ഷക്കീലിനെ മടക്കിയത്.

പിന്നാലെ നിലയുറപ്പിക്കും മുമ്പ് തയ്യബ് താഹിറിനെ രവീന്ദ്ര ജഡേജയും പുറത്താക്കിയതോടെ പാകിസ്താന്‍ അഞ്ചിന് 165 റണ്‍സെന്ന നിലയിലായി. വെറും നാല് റണ്‍സ് മാത്രമാണ് താഹിറിന് നേടാനായത്. തുടര്‍ന്ന് ആറാം വിക്കറ്റില്‍ ഒന്നിച്ച സല്‍മാന്‍ ആഗ – ഖുഷ്ദില്‍ ഷാ സഖ്യം പാകിസ്താനെ 200 റണ്‍സിലെത്തിച്ചു. പിന്നാലെ കുല്‍ദീപ് യാദവിനെ കടന്നാക്രമിക്കാനുള്ള സല്‍മാന്റെ ശ്രമം പാളി, പന്ത് രവീന്ദ്ര ജഡേജയുടെ കൈകളില്‍. 24 പന്തില്‍ നിന്ന് ഒരു ബൗണ്ടറിപോലുമില്ലാതെ 19 റണ്‍സെടുത്താണ് താരം പുറത്തായത്. നസീം ഷാ 16 പന്തില്‍ നിന്ന് 14 റണ്‍സെടുത്തു.

അവസാന ഓവറുകളില്‍ 39 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത ഖുല്‍ദില്‍ ഷായാണ് പാക് സ്‌കോര്‍ 241-ല്‍ എത്തിച്ചത്. ഇന്ത്യയ്ക്കായി കുല്‍ദീപ് മൂന്നും ഹാര്‍ദിക് പാണ്ഡ്യ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. അക്ഷറും ജഡേജയും ഹര്‍ഷിത് റാണയും ഓരോ വിക്കറ്റെടുത്തു.

ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ബംഗ്ലാദേശിനെതിരെയുള്ള അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തി. പാക് ടീമില്‍ ഒരു മാറ്റമുണ്ട്. പരിക്കേറ്റ ഫഖര്‍ സമാന് പകരം ഇമാമുള്‍ ഹഖ് ഓപ്പണറായി

ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.

പാകിസ്താന്‍: ഇമാമുല്‍ ഹഖ്, ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), സല്‍മാന്‍ ആഗ, തയ്യബ് താഹിര്‍, ഖുഷ്ദില്‍ ഷാ, ഷഹീന്‍ അഫ്രീദി, നസീംഷാ, ഹാരിസ് റൗഫ്, അബ്‌റാര്‍ അഹ്‌മദ്.

2023 ലോകകപ്പ് ഫൈനലുതൊട്ട് ടോസ് ഭാഗ്യം ഇന്ത്യയെ കനിഞ്ഞിട്ടില്ല. തുടര്‍ച്ചയായ 12-ാം മത്സരത്തിലാണ് ടോസ് ഇന്ത്യക്ക് എതിരാവുന്നത്. തുടര്‍ച്ചയായ 11 മത്സരങ്ങളില്‍ ടോസ് നഷ്ടപ്പെട്ട നെതര്‍ലന്‍ഡ്‌സിനെ മറികടന്ന് ആവര്‍ത്തിച്ച് ഏറ്റവും കൂടുതല്‍ ടോസ് നഷ്ടപ്പെടുന്ന ടീമായി ഇന്ത്യ മാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker