FootballNationalNewsSports

സഡന്‍ ഡത്തില്‍ കുവൈത്ത് വീണു,സാഫ് കപ്പ് ഇന്ത്യക്ക്

ബെംഗളൂരു: ഇന്‍റർ കോണ്ടിനന്‍റൽ കപ്പിന് പിന്നാലെ സാഫ് കപ്പും ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഉയര്‍ത്തി. കുവൈത്തിനെതിരെ ബെംഗളൂരുവിലെ ശ്രീകണ്‌ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ആവേശ ഫൈനലില്‍ എക്സ്‍ട്രാടൈമിലും മത്സരം 1-1ന് സമനിലയില്‍ തുടർന്നതോടെ പെനാല്‍റ്റി ഷൂട്ടൗട്ടാണ് വിജയികളെ കണ്ടെത്തിയത്. ഷൂട്ടൗട്ട് സഡന്‍ ഡത്തിലേക്ക് നീണ്ടപ്പോള്‍ ഇന്ത്യ 5-4ന് കുവൈത്തിനെ മലർത്തിയടിച്ചു.

ഷൂട്ടൗട്ടില്‍ ഇന്ത്യക്കായി സുനില്‍ ഛേത്രിയും സന്ദേശ് ജിംഗാനും ലാലിയൻസുവാല ചാംഗ്തേയും സുഭാശിഷ് ബോസും മഹേഷ് സിംഗും ലക്ഷ്യം കണ്ടപ്പോള്‍ ഉദാന്ത സിംഗ് കിക്ക് പാഴാക്കി. എങ്കിലും സഡന്‍ ഡത്തിലെ കുവൈത്തിന്‍റെ ആദ്യ കിക്ക് ഗുർപ്രീത് സിംഗ് സന്ധു തടുത്തതോടെ ഇന്ത്യ കിരീടമണിഞ്ഞു. സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒന്‍പതാം കിരീടമാണിത്. 

അടിയും തിരിച്ചടിയുമായി ത്രില്ലടിപ്പിക്കുന്നതായിരുന്നു ശ്രീകണ്‌ഠീരവ സ്റ്റേഡിയത്തിലെ ആദ്യപകുതി. കിക്കോഫായി 14-ാം മിനുറ്റില്‍ ഇന്ത്യയെ ഞെട്ടിച്ച് കുവൈത്ത് ലീഡ് പിടിച്ചു. അല്‍ ബുലൗഷിയുടെ അസിസ്റ്റില്‍ ഷബീബ് അല്‍ ഖാല്‍ദിയുടെ വകയായിരുന്നു ഗോള്‍. 28-ാം മിനുറ്റില്‍ സന്ദേശ് ജിംഗാന്‍ മഞ്ഞക്കാര്‍ഡ് കണ്ടു.

പരിക്കേറ്റതോടെ പ്രതിരോധ താരം അന്‍വര്‍ അലിക്ക് പകരം മെഹ്‌താബ് സിംഗിനെ 35-ാം മിനുറ്റില്‍ ഇന്ത്യക്ക് കളത്തിലിറക്കേണ്ടിവന്നു. ഒരു ഗോള്‍ ലീഡ് വഴങ്ങി ഇന്ത്യ ഇടവേളയ്‌ക്ക് പിരിയും എന്ന് തോന്നിയിരിക്കേ 38-ാം മിനുറ്റില്‍ മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദിന്‍റെ ഇടത് പാര്‍ശ്വത്തില്‍ നിന്നുള്ള ക്രോസില്‍ ലാലിയൻസുവാല ചാംഗ്തേ ഇന്ത്യയെ 1-1ന് സമനിലയിലേക്ക് നയിച്ചു. 

രണ്ടാംപകുതിയുടെ തുടക്കം മുതല്‍ അടുത്ത ഗോളിനായി ഇന്ത്യ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ മത്സരം പലകുറി കയ്യാങ്കളിയായി. ഗോള്‍ മാറി നിന്നതോടെ ആഷിഖ് കുരുണിയന് പകരം മഹേഷ് സിംഗിനെയും അനിരുദ്ധ് ഥാപ്പയ്‌ക്ക് പകരം രോഹിത് കുമാറിനെയും കളത്തിലിറക്കി. 89-ാം മിനുറ്റില്‍ ബോക്‌സിന് തൊട്ടുപുറത്തെ മെഹ്‌താബിന്‍റെ ടാക്കിള്‍ ഫ്രീകിക്കായെങ്കിലും ഇന്ത്യന്‍ പ്രതിരോധം രക്ഷയായി. തൊട്ടുപിന്നാലെ സഹലിനെ പിന്‍വലിച്ച് ഉദാന്ത സിംഗിനെ ഇറക്കി.

എന്നാല്‍ അവസാന നിമിഷങ്ങളില്‍ ലഭിച്ച അവസരങ്ങള്‍ ഗോളിലേക്ക് വഴിതിരിച്ച് വിടാന്‍ മഹേഷ് സിംഗ് ഉള്‍പ്പടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിയാതിരുന്നതോടെ മത്സരം എക്സ്ട്രാടൈമിലേക്ക് നീണ്ടു. അവിടേയും വലകുലുക്കാന്‍ ഇരു ടീമുകള്‍ക്കും കഴിയാതെ വന്നതോടെ ഫലത്തിനായി ഷൂട്ടൗട്ടിനെ ആശ്രയിക്കുകയായിരുന്നു.  

ഇഗോര്‍ സ്റ്റിമാക് 4-2-3-1 ശൈലിയിലാണ് ബെംഗളൂരുവിലെ ശ്രീകണ്ഠീര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീമിനെ അണിനിരത്തിയത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഏക സ്‌ട്രൈക്കറായി എത്തിയപ്പോള്‍ മലയാളി താരങ്ങളായ സഹല്‍ അബ്‌ദുല്‍ സമദും ആഷിഖ് കുരുണിയനും സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ടായിരുന്നു.

ലാലിയൻസുവാല ചാംഗ്തേ, ജീക്‌സണ്‍ സിംഗ്, അനിരുഥ് ഥാപ്പ, ആകാശ് മിശ്ര, അന്‍വര്‍ അലി, സന്ദേശ് ജിംഗാന്‍, നിഖില്‍ പൂജാരി, ഗുര്‍പ്രീത് സിംഗ് സന്ധു എന്നിവരാണ് ഇന്ത്യയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ടായിരുന്ന മറ്റ് താരങ്ങള്‍. അതേസമയം 4-3-3 ഫോര്‍മേഷനിലാണ് റൂയി ബെന്‍റോയുടെ കുവൈത്ത് മൈതാനത്തെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker