CricketNewsSports

സഞ്ജു പൂജയെടുത്തു, ഇന്ത്യയ്ക്ക് വിജയദശമി ! തകർപ്പൻ ജയം പരമ്പര തൂത്തുവാരി

ഹൈദരാബാദ്: ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനത്തോടെ ഇന്ത്യക്ക് വമ്പന്‍ ജയം. 133 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ സ്വന്തമാക്കിയത്. നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 297 റണ്‍സടിച്ചെടുത്തു. ബംഗ്ലാദേശിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരി (3-0). അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടീം സ്‌കോറാണ് ഇന്ത്യ ഹൈദരാബാദില്‍ സ്വന്തമാക്കിയത്.

42 പന്തില്‍ നിന്ന് 63 റണ്‍സെടുത്ത തൗഹിദ് ഹൃദോയിയും 25 പന്തില്‍ നിന്ന് 45 റണ്‍സെടുത്ത ലിട്ടണ്‍ ദാസും മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ പിടിച്ചുനിന്നത്. പര്‍വേസ് ഹുസൈന്‍ ഇമോന്‍ (0), ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ (14), തന്‍സിദ് ഹസ്സന്‍(15) മെഹ്ദി ഹസന്‍ മിറാസ് (3) എന്നിവരെല്ലാം നേരത്തെ കൂടാരം കയറി. ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റുകള്‍ നേടി. രവി ബിഷ്‌ണോയ്, മായങ്ക് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ, രണ്ടാം വിക്കറ്റില്‍ സഞ്ജു സാംസണും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ചേര്‍ന്ന വെടിക്കെട്ട് കൂട്ടുക്കെട്ടാണ് ഇന്ത്യക്ക് പടുകൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. സഞ്ജു 47 പന്തില്‍ നിന്ന് 111 റണ്‍സടിച്ചു. 40 പന്തില്‍ നിന്ന് തന്റെ കന്നി സെഞ്ചുറിയും മലയാളി താരം സ്വന്തമാക്കി. ഓരോവറില്‍ പറത്തിയ അഞ്ചെണ്ണം അടക്കം എട്ട് സിക്സറുകളും 11 ഫോറുകളും അടങ്ങിയതാണ് സഞ്ജുവിന്റെ ഇന്നിങ്സ്.

35 പന്തില്‍നിന്ന് 75 റണ്‍ ആണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നേടിയത്. ആറ് സിക്സറുകളും എട്ട് ഫോറുകളും ഇതിലുണ്ട്. ഇരുവരുടെയും കൂട്ടിക്കെട്ടിന് ശേഷമെത്തിയ റിയാന്‍ പരാഗും ഹര്‍ദിക് പാണ്ഡ്യയും തകര്‍പ്പന്‍ പ്രകടനംതന്നെയാണ് കാഴ്ചവെച്ചത്. പരാഗ് 13 പന്തില്‍ നിന്ന് 34 അടിച്ചു. 18 പന്തില്‍ നിന്ന് 47 റണ്ണായിരുന്നു പാണ്ഡ്യയുടെ സമ്പാദ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker