
ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 242 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ 49.4 ഓവറില്‍ 241 റണ്‍സിന് ഓള്‍ ഔട്ടായി.62 റണ്‍സെടുത്ത സൗദ് ഷക്കീലാണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. ബാബര്‍ അസം 23 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‌വാന്‍ 46 റണ്‍സടിച്ചു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്നും ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ടും വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അക്സര്‍ പട്ടേലും രവീന്ദ്ര ജഡേജയും ഹര്‍ഷിത് റാണയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ പാകിസ്ഥാന് ഇമാം ഉൾ ഹഖും ബാബർ അസമും ചേര്‍ന്ന് 8 ഓവറില്‍ 41 റണ്‍സെടുത്ത് നല്ല തുടക്കമാണ് നല്‍കിയത്. എന്നാല്‍ 26 പന്തില്‍ അഞ്ച് ബൗണ്ടറികളോടെ 23 റണ്‍സെടുത്ത ബാബറിനെ വിക്കറ്റിന് പിന്നില്‍ രാഹുലിന്‍റെ കൈകളിലെത്തിച്ച ഹാര്‍ദ്ദിക് പാണ്ഡ്യ പാകിസ്ഥാന് ആദ്യ പ്രഹരമേല്‍പ്പിച്ചു. പിന്നാലെ ഇമാമിനെ അക്സര്‍ റണ്ണൗട്ടാക്കി. ഇതോടെ പാകിസ്ഥാന്‍ 47-2 എന്ന സ്കോറില്‍ പതറി.
ബംഗ്ലാദേശിനെതിരെയെന്ന പോലെ മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്തുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ മൂന്നാം വിക്കറ്റില്‍ മുഹമ്മദ് റിസ്‌വാനും സൗദ് ഷക്കീലും ചേര്‍ന്ന് പതുക്കെ പാകിസ്ഥാനെ മികച്ച സ്കോറിലേക്ക് നയിച്ചു. 33 ഓവറില്‍151-2 എന്ന മികച്ച നിലയിലായിരുന്നു പാകിസ്ഥാൻ. ഇതിനിടെ ഹാര്‍ദ്ദിക്കിന്‍റെ പന്തില്‍ റിസ്‌വാനും അക്സറിന്‍റെ പന്തില്‍ സൗദ് ഷക്കീലും നല്‍കിയ ക്യാച്ചുകള്‍ ഇന്ത്യ നഷ്ടമാക്കുകയും ചെയ്തതോടെ പാകിസ്ഥാന്‍ മികച്ച സ്കോര്‍ സ്വപ്നം കണ്ടു.
46 റണ്‍സെടുത്തു നില്‍ക്കെ ഹാര്‍ദ്ദിക്കിന്‍റെ പന്തില്‍ റിസ്‌വാനെ ഹര്‍ഷിത് റാണ കൈവിട്ടെങ്കിലും തൊട്ടടുത്ത ഓവറില്‍ അതേ സ്കോറില്‍ റിസ്‌വാനെ അക്സര്‍ പുറത്താക്കി. 58 റണ്‍സെടുത്ത് നില്‍ക്കെ അക്സറിന്‍റെ പന്തില്‍ കുല്‍ദീപ് യാദവ് സൗദ് ഷക്കീലിനെ(62) കൈവിട്ടെങ്കിലും അടുത്ത ഓവറില്‍ ഹാര്‍ദ്ദിക് വീഴ്ത്തി. പിന്നാലെ തയ്യാബ് താഹിറിനെ രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡാക്കുക കൂടി ചെയ്തതോടെ 151-2ല്‍ നിന്ന് പാകിസ്ഥാന്‍ 165-5ലേക്ക് തകര്‍ന്നടിഞ്ഞു.
ആറാം വിക്കറ്റില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന സല്‍മാന്‍ ആഗയും കുഷ്ദീല്‍ ഷായും ചേര്‍ന്ന് പാകിസ്ഥാനെ 200 കടത്തി പ്രതീക്ഷ നല്‍കിയെങ്കിലും കുല്‍ദീപ് യാദവിന്‍റെ ഇരട്ടപ്രഹരം അവര്‍ക്ക് വീണ്ടും പ്രഹരമായി. 43-ാം ഓവറിലെ തുടര്‍ച്ചയായ പന്തുകളില്‍ സല്‍മാന്‍ ആഗയെയു(19) ഷഹീന്‍ അഫ്രീദിയെയും(0) മടക്കിയ കുല്‍ദീപ് പാകിസ്ഥാനെ വീണ്ടും പ്രതിസന്ധിയിലാക്കി.
47-ാം ഓവറില്‍ നസീം ഷായെ(14) വിരാട് കോലിയുടെ കൈകളിലെത്തിച്ച കുല്‍ദീപ് പാകിസ്ഥാന് കടുത്ത പ്രതിസന്ധിയിലാക്കിയെങ്കിലും കുഷ്ദില്‍ ഷായുടെ(39 പന്തില്‍ 38) പോരാട്ടം അവരെ 241 റണ്‍സിലെത്തിച്ചു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് 10 ഓവറില്‍ 40 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 8 ഓവറില്‍ 31 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.