25.5 C
Kottayam
Sunday, May 19, 2024

ഇരട്ടസെഞ്ചുറിയ്ക്ക് അരികെ ഒലി പോപ്പ് വീണു;ഇംഗ്ലണ്ട് 420 റൺസിന് പുറത്ത്

Must read

ഹൈദരാബാദ്: ഹൈദരാബാദ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 420 റണ്‍സിന് പുറത്ത്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് മുന്നില്‍ 231 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തിയ ശേഷമാണ് സന്ദര്‍ശകരുടെ പുറത്താകല്‍. മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത ഒലി പോപ്പിന് ഇരട്ട സെഞ്ചുറിയിലേക്കെത്താന്‍ സാധിക്കാതിരുന്നത് ഇംഗ്ലണ്ടിന് നിരാശയായി. 278 പന്തില്‍ നിന്ന് 21 ബൗണ്ടറിയടക്കം 196 റണ്‍സെടുത്ത പോപ്പിന്റെ കുറ്റിതെറിപ്പിച്ച് ജസ്പ്രീത് ബുംറ ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു.

നേരത്തേ ആറു വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 28 റണ്‍സെടുത്ത റെഹാന്‍ അഹമ്മദിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഒലി പോപ്പിനൊപ്പം നിര്‍ണായകമായ 64 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമായിരുന്നു താരത്തിന്റെ മടക്കം. പിന്നാലെ ടോം ഹാര്‍ട്ട്‌ലിയെ കൂട്ടുപിടിച്ച് എട്ടാം വിക്കറ്റില്‍ 80 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ പോപ്പിനായി. 34 റണ്‍സെടുത്ത ഹാര്‍ട്ട്‌ലിയെ പുറത്താക്കി അശ്വിനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

190 റണ്‍സ് ലീഡ് വഴങ്ങിയ ശേഷം രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇംഗ്ലണ്ടിന് ശുഭകരമായിരുന്നില്ല കാര്യങ്ങള്‍. ഓപ്പണര്‍ സാക് ക്രൗളിയുടെ വിക്കറ്റാണ് അവര്‍ക്ക് ആദ്യം നഷ്ടമായത്. 31 റണ്‍സെടുത്ത താരത്തെ അശ്വിന്‍ രോഹിത്തിന്റെ കൈയിലെത്തിച്ചു. നിലയുറപ്പിച്ച ബെന്‍ ഡക്കറ്റിന്റെ ഊഴമായിരുന്നു അടുത്തത്.

ഒലി പോപ്പിനൊപ്പം 68 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന് പിന്നാലെ ബുംറ ഡക്കറ്റിന്റെ കുറ്റി തെറിപ്പിച്ചു. 52 പന്തില്‍ നിന്ന് 47 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നാലെ നിലയുറപ്പിക്കും മുമ്പ് ജോ റൂട്ടിനെ (2) മടക്കി ബുംറയും ജോണി ബെയര്‍സ്റ്റോയെ (10) പുറത്താക്കി ജഡേജയും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്സിനെ (6) മടക്കി അശ്വിനും ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി.

എന്നാല്‍ ആറാം വിക്കറ്റില്‍ ഒന്നിച്ച ഒലി പോപ്പ് – ഫോക്സ് സഖ്യം 112 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 81 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ഫോക്സിനെ മടക്കി അക്ഷര്‍ പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week