ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോര്‍ട്ട്. 2021ല്‍ മാത്രം 1.63 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. ഇത് 2015നേക്കാള്‍ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏകദേശം 78,284 പേര്‍ യുഎസ് പൗരന്മാരാകാന്‍ താത്പര്യപ്പെടുന്നവരാണെന്നും സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കുകളില്‍ പറയുന്നു. ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് ഹാജി ഫസ്ലുര്‍ റഹ്മാന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്. 2019ലും 2020ലും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണം യഥാക്രമം 1,44,017ഉം 85,256 ആയിരുന്നു.
യുഎസ്, ഓസ്ട്രേലിയ, കാനഡ, എന്നിവയാണ് സ്ഥിരതാമസത്തിന് ആളുകള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന രാജ്യങ്ങള്‍. ബ്രിട്ടന്‍, ഇറ്റലി, ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ പിന്നാലെ വരുന്നു. ഓസ്ട്രേലിയയില്‍ 23,533 ഇന്ത്യന്‍ പൗരന്മാര്‍ താമസിക്കുന്നുണ്ട്, കാനഡ (21,597), ബ്രിട്ടന്‍ (14,637), ഇറ്റലി (5,987), ന്യൂസിലന്‍ഡ് (2,643), സിംഗപ്പൂര്‍ (2,516) എന്നിങ്ങനെയാണ് കണക്ക്.
കഴിഞ്ഞ വര്‍ഷം 78,284 ഇന്ത്യക്കാരാണ് യുഎസ് പൗരത്വം സ്വീകരിച്ചത്. 2020ല്‍ 30,828 പേരും 2019ല്‍ 61,683 പേരുമാണ് ഇന്ത്യന്‍ പൗരത്വമുപേക്ഷിച്ച് യുഎസിലേക്ക് ചേക്കേറിയത്. പാകിസ്താനില്‍ താമസമാക്കിയ 41 ഇന്ത്യന്‍ വംശജരും കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. 2020-ല്‍ പാകിസ്താനില്‍ താമസമാക്കിയ ഏഴ് പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചിരുന്നു.
2021ല്‍ യുഎഇയില്‍ താമസക്കാരായ 326 പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചുവെന്നും കണക്കുകളില്‍ പറയുന്നു. ഇവര്‍ ബഹ്റൈന്‍, ബെല്‍ജിയം, സൈപ്രസ്, അയര്‍ലന്‍ഡ്, ജോര്‍ദാന്‍, മൗറീഷ്യസ്, പോര്‍ച്ചുഗല്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ പൗരത്വത്തിനായി അപേക്ഷിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2015 നും 2021നും ഇടയില്‍ ആകെ 9,32,276 ഇന്ത്യന്‍ പൗരന്മാര്‍ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചുവെന്ന് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നല്‍കിയ സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നു.