ന്യുഡല്‍ഹി: കൊവിഡ് 19 വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ കാലത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവെന്ന് ദേശീയ വനിതാ കമ്മീഷന്‍. ഗാര്‍ഹിക പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും വര്‍ധിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ രേഖാ ശര്‍മ്മ വ്യക്തമാക്കി.
<p>ഇ മെയില്‍ വഴി കമ്മീഷന് പരാതികള്‍ ലഭിക്കുന്നുണ്ട്. മാര്‍ച്ച് 2-8 കാലയളവില്‍ കമ്മീഷന് 116 പരാതികള്‍ ലഭിച്ചു. എന്നാല്‍ ലോക്ക്ഡൗണ്‍ കാലത്ത് മാര്‍ച്ച് 23-31 വരെ 257 പരാതികളാണ് ലഭിച്ചത്.</p>
<p>മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ ഒന്നുവരെ മാത്രം 69 ഗാര്‍ഹിക പീഡന പരാതികള്‍ ലഭിച്ചു. അന്തസ്സോടെ ജീവിക്കാന്‍ അനുവദിക്കുന്നില്ല എന്നുകാട്ടി 77 പരാതികളും വിവാഹിതര്‍ അടക്കം നേരിടുന്ന അതിക്രമങ്ങളുടെ 15 പരാതികളും രണ്ട് സ്ത്രീധന മരണങ്ങളും, 13 ബലാത്സംഗങ്ങളും/ബലാത്സംഗ ശ്രമങ്ങളിലും പരാതികള്‍ ലഭിച്ചു. ലോക്ക് ഡൗണിന് മുന്‍പ് ഗാര്‍ഹിക പീഡനങ്ങള്‍ 30, വിവാഹിതരായ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ 13, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം നിഷേധിച്ചത് 35 എന്നിങ്ങനെയായിരുന്നു കേസുകളെന്നും രേഖ ശര്‍മ്മ ചൂണ്ടിക്കാട്ടി.</p>
<p>ഏറ്റവും കൂടുതല്‍ പരാതികള്‍ വന്നത് ഉത്തര്‍പ്രദേശില്‍ നിന്നാണ് 90 എണ്ണം. ഡല്‍ഹി (37), ബിഹാര്‍ (18), മധ്യപ്രദേശ് (11), മഹാരാഷ്ട്ര (18) എന്നിങ്ങനെയാണ്. കേരളത്തില്‍ നിന്ന് മൂന്നു പരാതികള്‍ ലഭിച്ചു. ഇതില്‍ ഒരെണ്ണം തീര്‍പ്പാക്കിയെന്നും കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.</p>
<p>ദിവസവും ഒന്നോ രണ്ടോ പരാതികള്‍ തനിക്ക് നേരിട്ട് ലഭിക്കുന്നുണ്ട്. വ്യാഴാഴ്ച നൈനിറ്റാളില്‍ നിന്ന് ഒരു പരാതി വന്നു. ഭര്‍ത്താവ് വാക്കുകള്‍ കൊണ്ട് മുറിപ്പെടുത്തുന്നുവെന്നും മര്‍ദ്ദിക്കുന്നുവെന്നുമാണ് പരാതി. ലോക്ക്ഡൗണ്‍ ആയതിനാല്‍ ഡല്‍ഹിയിലുള്ള മാതാപിതാക്കളുടെ അടുക്കലേക്ക് പോകാന്‍ കഴിയുന്നില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. ലോക്ക്ഡൗണിലെ അവശേഷിക്കുന്ന കാലം തന്നെ ഒരു ഹോസ്റ്റലിലേക്ക് മാറ്റണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. ഭര്‍ത്താവ് വീട്ടില്‍ നിന്ന് മാറാതെ ഇരിക്കുന്നതിനാല്‍ പോലീസിനെ സമീപിക്കാന്‍ പോലും കഴിയുന്നില്ല. ഭര്‍തൃവീട്ടില്‍ താമസിക്കുന്ന കാലത്തോളം പീഡനം തുടരുമെന്നും അവര്‍ പറഞ്ഞതായി രേഖ ശര്‍മ്മ വ്യക്തമാക്കി.</p>