KeralaNews

ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ പ്രവാസി ഇന്ത്യക്കാർക്ക് ഇരുട്ടടി – മുഖ്യമന്ത്രി, കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം :2020-ലെ കേന്ദ്ര ബഡ്ജറ്റിൽ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ
പ്രവാസി ഇന്ത്യക്കാർക്ക് ഇരുട്ടടിയാണെന്ന്
മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബഡ്ജറ്റിനോടൊപ്പം അവതരിപ്പിച്ച ധനബില്ലിൽ ഇന്ത്യയിൽ നികുതി അടയ്ക്കുന്നതിനു വേണ്ട സ്ഥിരവാസി പദവി നിശ്ചയിക്കുന്നതിനാവശ്യമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ഇൻകം ടാക്സ് ആക്റ്റ് 1961 – ലെ സെക്ഷൻ 6 ഭേദഗതി ചെയ്യാനുള്ള ശുപാർശ പ്രവാസികളെ രൂക്ഷമായി ബാധിക്കും.

നിലവിൽ, 182-ഓ അതിൽ കൂടുതലോ ദിവസം ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരേയോ, ഇന്ത്യയിൽ ജനിച്ച ആളുകളേയോ ആണ് സ്ഥിരവാസികളായി കണക്കാക്കുന്നത്. ഈ കാലയളവ് 120 ദിവസങ്ങളായി കുറയ്ക്കുന്നതാണ് ഭേദഗതി നിർദേശം. സാധാരണ ഗതിയില്‍ ഇന്ത്യയില്‍ താമസിക്കുന്ന ഒരാള്‍ ലോകത്ത് എവിടെ നിന്നും വരുമാനം ഉണ്ടാക്കിയാലും അത് ഇന്ത്യയിൽ നികുതിയ്ക്ക് വിധേയമാണ്. എന്നാല്‍ സ്ഥിരവാസി അല്ലാത്ത ഒരാള്‍ക്ക് ഇതില്‍ ഇളവുണ്ട്. ആ ഇളവാണ്‌ ഇല്ലാതാവുക. ധനകാര്യ ബില്ലിൻ്റെ വിശദീകരണ കുറിപ്പിൽ നികുതി വെട്ടിപ്പ് പരിശോധിക്കാനാണെന്നു പറയുന്നുണ്ടെങ്കിലും, ഭൂരിപക്ഷം വരുന്ന, കൃത്യമായി നികുതി നിയമങ്ങൾ പാലിക്കുന്ന ആളുകളെ ആണ് ഭേദഗതി ബാധിക്കുക.

മദ്ധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിൽ ഉള്ള ഭൂരിപക്ഷം മലയാളികളും കേരളത്തിൽ വീടും കുടുംബവും-ബന്ധുക്കളും ഉള്ളവരാണ്. വീട്ടുകാര്യങ്ങൾക്കായി അവർ കേരളത്തിൽ വരികയും താമസിക്കുകയും ചെയ്യുന്നു. നികുതി വെട്ടിപ്പ് അവരുടെ ലക്ഷ്യമല്ല. നികുതി ഒഴിവാക്കുന്നതിനു വേണ്ടി രാജ്യം വിടുന്ന കൂട്ടത്തില്‍ പെടുന്നവരല്ല അവർ.

ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുകയോ ചെറുകിട ബിസിനസ് നടത്തുകയോ ചെയ്യുന്ന മലയാളികൾക്ക് നാട്ടിലുള്ള കുടുംബത്തിന്‍റെ കാര്യങ്ങൾ നോക്കേണ്ട ഉത്തരവാദിത്വമുണ്ട്. സ്ഥിരവാസി ആയി കണക്കാനുള്ള മാനദണ്ഡം 182 ദിവസമായിരുന്നത് 120 ദിവസമായി കുറച്ചപ്പോൾ പ്രവാസികൾക്ക് സ്വന്തം നാട്ടിനോടുള്ള സ്നേഹത്തിലും കർത്തവ്യങ്ങളിലുമാണ് കത്തി വെക്കുന്നത്. എണ്ണക്കമ്പനികളിലും റിഗ്ഗുകളിലും മർച്ചന്റ് കപ്പലുകളിലും മറ്റും ജോലി ചെയ്യുന്നവരും 120 ദിവസത്തിൽ കൂടുതൽ നാട്ടിൽ വിവിധ കാരണങ്ങളാൽ താങ്ങേണ്ടിവരുന്നവരും ഈ ഭേദഗതിയുടെ ഇരകളാകും എന്നതാണ് ഇപ്പോൾ ഉയർന്നിട്ടുള്ള ആശങ്ക. പ്രവാസികൾക്കുള്ള ആനുകൂല്യങ്ങൾ അവർക്ക് നിഷേധിക്കപ്പെടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

മറ്റൊരു ഭേദഗതി നിർദേശം ഇപ്പോൾ താമസിക്കുന്ന രാജ്യത്തോ പ്രദേശത്തോ നികുതി അടക്കേണ്ടതില്ലാത്ത ഇന്ത്യൻ പൗരനായ വ്യക്തി, മുൻവർഷങ്ങളിൽ ഇന്ത്യയിൽ താമസിച്ചതായി കണക്കാക്കി നികുതി ചുമത്താനുള്ളതാണ്. നികുതി വെട്ടിപ്പ് തടയുകയും അത് കണ്ടെത്തി ആ പണം സാമൂഹ്യക്ഷേമത്തിനായി ഉപയോഗിക്കുകയും ചെയ്യണം എന്നതിൽ ആർക്കും തര്‍ക്കമില്ല. എന്നാൽ അത്തരം നടപടികൾ ആദായ നികുതി അടയ്ക്കാൻ വരുമാനമില്ലാത്ത, സാമ്പത്തികമായി താഴേക്കിടയിലുള്ള ഗൾഫ് മലയാളികളെ തകർക്കുന്നതാകരുത്. കഠിനാദ്ധ്വാനത്തിലൂടെ സമ്പാദിക്കുന്ന പണം ജന്മനാട്ടിലേയ്ക്ക് കൊണ്ടുവരുന്ന സാധാരണക്കാരായ പ്രവാസികളെ കടന്നാക്രമിക്കരുത്.

ഗൾഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികൾ അയക്കുന്ന പണമാണ് കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയുടെ വലിയ കൈത്താങ്ങ്. ഈ ഭേദഗതി അതുകൊണ്ട് തന്നെ കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നത് നിസ്സംശയമാണ്.
നികുതി വെട്ടിപ്പ് പരിശോധിക്കാനെന്ന പേരിൽ നടപ്പിലാക്കുന്ന ഈ ഭേദഗതി വിദേശത്ത് കഷ്ടപ്പെട്ട് രാജ്യത്തിനായി വിദേശനാണ്യം സമ്പാദിക്കുന്ന സാധാരണക്കാരൻ്റെ വയറ്റത്തടിക്കുന്നതാണ്. ഈ ഭേദഗതി നടപ്പിലാക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker