രണ്ടു ലക്ഷമോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ എട്ടിന്റെ പണി കിട്ടും; കള്ളപ്പണമിടപാട് തടയാന്‍ പുതിയ നടപടികളുമായി ആദായ നികുതി വകുപ്പ്
ന്യൂഡല്‍ഹി: ഒരു വ്യക്തിയില്‍നിന്ന് രണ്ടു ലക്ഷം രൂപയില്‍ താഴെ മാത്രമേ പണമായി സ്വീകരിക്കാനാകൂ എന്ന് ആദായനികുതി വകുപ്പ്. രണ്ടു ലക്ഷം രൂപയോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ പിഴ അടയ്ക്കേണ്ടിവരും. ആദായനികുതി നിയമം സെക്ഷന്‍ 269എസ്ടി പ്രകാരമാണിത്.
ഇത്രയും തുക ചെക്കായോ, ബാങ്ക് ഡ്രാഫ്റ്റായോ ഇലക്ട്രോണിക് ട്രാന്‍സ്ഫറായോ ആണ് നല്‍കേണ്ടത്. ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, ഐഎംപിഎസ്, യുപിഐ, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, ഭീം തുടങ്ങിയ വഴിയുള്ള ഇടപാടുകളാണ് ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍(ഇസിഎസ്)ആയി പരിഗണിക്കുന്നത്.
രാജ്യത്ത് വന്‍തോതില്‍ അനധികൃത പണമിടപാടുകള്‍ നടക്കുന്നതിനാലാണ് ആദായ നികുതി നിയമത്തില്‍ ഇതുകൂടി ഉള്‍പ്പെടുത്തിയത്. വന്‍കിട ഭൂമിയിടപാടുകളില്‍ ഉള്‍പ്പടെ കള്ളപ്പണമിടപാട് തടയുന്നതിന്റെ ഭാഗമായാണിത്. സ്വീകരിച്ചതുക എത്രയാണോ അതിന് തുല്യമായ തുകയാണ് പിഴയായി നല്‍കേണ്ടിവരിക. എന്നാല്‍, ഇടപാടിന് മതിയായ കാരണങ്ങളുണ്ടെന്ന് തെളിയിക്കാനായാല്‍ പിഴ ഈടാക്കില്ല. ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് പണം സ്വീകരിക്കുന്നിന് ഈ നിയമം ബാധകമല്ല.