ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കെതിരായ ഗൂഡാലോചന രാജ്യദ്രോഹ കുറ്റത്തിന് തുല്യമെന്ന് ഡല്‍ഹി ഹൈക്കോടതി. വളരെ ഗുരുതരമായ കുറ്റകൃത്യമാണ് അതെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. കൃത്യമായ തെളിവുകളും കാരണവും ഇല്ലാതെ പ്രധാനമന്ത്രിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് ഉന്നയിക്കാന്‍ പോലും കഴിയില്ലെന്നും ജസ്റ്റിസ് ജസ്മീത് സിംഗ് നിരീക്ഷിച്ചു.
പ്രധാനമന്ത്രിയെ ലക്ഷ്യം വച്ചുള്ള ഗൂഢാലോചന ഐപിസി പ്രകാരം കുറ്റകരമാണെന്നും രാജ്യദ്രോഹമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയില്‍ ബിജു ജനതാദള്‍ എംപിയും മുതിര്‍ന്ന അഭിഭാഷകനുമായ പിനാകി മിശ്രയ്ക്ക് പങ്കുണ്ടെന്ന അഭിഭാഷകന്‍ ജയ് അനന്ത് ദേഹാദ്രായിയുടെ ആരോപണത്തെ തുടര്‍ന്ന് നല്‍കിയ മാനനഷ്ടക്കേസ് പരിഗണിക്കുകയായിരുന്നു കോടതി.
പിനാകി മിശ്രയും മഹുവ മൊയ്ത്രയും തമ്മിലുള്ള അടുത്ത ബന്ധമാണ് ആരോപണങ്ങള്‍ക്ക് അടിസ്ഥാനമെന്ന് ദെഹാദ്രായിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു. പ്രധാനമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണം തെളിയിക്കാന്‍ ദെഹാദ്രായിയുടെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടെങ്കിലും തെളിവുകളൊന്നും നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
ഗൂഢാലോചന നടക്കുന്നത് താന്‍ വ്യക്തിപരമായി കണ്ടിരുന്നു എന്ന് ദെഹാദ്രായിക്ക് വേണ്ടി വാദിച്ച അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ കോടതി ഇടപെടുകയും ചെയ്തു. നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും, നിങ്ങള്‍ പറയുന്നത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഓഫീസിനെക്കുറിച്ചാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
നഷ്ടപരിഹാരവും മാപ്പപേക്ഷയും ആവശ്യപ്പെട്ട പിനാകി മിശ്ര അതിന് പുറമേ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് ദേഹദ്രായിയെ തടയണമെന്നും വാര്‍ത്താ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ പ്ലാറ്റ്ഫോമുകളില്‍ നിന്ന് അത്തരം ഉള്ളടക്കം നീക്കം ചെയ്യണമെന്നും കോടതിയോട് അഭ്യര്‍ത്ഥിച്ചു.