KeralaNews

വല്ലച്ചിറയിൽ പത്ത് പേരെ കടിച്ച തെരുവുനായ വണ്ടിയിടിച്ചു ചത്തു; പോസ്റ്റ്‌മോര്‍ട്ടത്തില്‍ പേവിഷബാധ സ്ഥിരീകരിച്ചു

തൃശ്ശൂർ: വല്ലച്ചിറ ഊരകം ഭാഗങ്ങളിലിറങ്ങി 10 ലധികം ആളുകളെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായ വണ്ടിയിടിച്ച് ചത്തിരുന്നു. ശേഷം നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.  കടിയേറ്റിട്ടുള്ളവർ ചികിത്സ തേടണമെന്ന് ചേർപ്പ് പഞ്ചായത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നായ കടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.  

അതേസമയം, സംസ്ഥാനത്ത് വിവിധയിടങ്ങളിലായി തെരുവുനായ ആക്രമണത്തിൽ നിരവധി ആളുകൾക്ക് പരിക്കേറ്റ വാർത്ത പുറത്തുവരികയാണ്.  കണ്ണൂർ പരിയാരം വായാട് വീട്ടമ്മയെ തെരുവ് നായ ആക്രമിച്ചു. പുതിയടത്ത് പ്രസന്നയുടെ കാലിനാണ്  തെരുവ് നായ കടിച്ചത്. ഇവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പത്തനംതിട്ട കുളനടയിൽ ഒൻപതുപേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. തുമ്പമൺ, ഉളനാട് പ്രദേശങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം. ഇന്ന് രാവിലെ മുതൽ ഉച്ചവരെയാണ് നായയുടെ ആക്രമണം ഉണ്ടായത്. ആക്രമണകാരിയായ നായയെ നാട്ടുകാർ പിടികൂടിയെങ്കിലും പിന്നീട് നായ ചത്തു. പരിക്കേറ്റവരിൽ ഒരാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാന്‍ വഴിതേടി സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ഉത്തരവിറക്കുന്നതില്‍ സര്‍ക്കാര്‍ നിയമ സാധുത തേടും. നിലവിലെ കേന്ദ്ര ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് തദ്ദേശമന്ത്രി എംബി രാജേഷ് പറഞ്ഞു. 2001ലെ ചട്ടങ്ങളില്‍ മാറ്റംവരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു കൊണ്ടിരിക്കുമ്പോഴാണ് ഇക്കഴിഞ്ഞ മാര്‍ച്ച് 10ന് കൂടുതല്‍ കര്‍ക്കശമാക്കി ചട്ടം പുതുക്കിയത്. 

ഇതനുസരിച്ച് മാത്രമേ സര്‍ക്കാരിന് ഇടപെടാന്‍ സാധിക്കൂ. 2017 മുതല്‍ 2021 വരെ എട്ടു ജില്ലകളില്‍ തെരുവുനായ വന്ധ്യംകരണ നിര്‍വഹണ ഏജന്‍സിയായി കുടുംബശ്രീ പ്രവര്‍ത്തിച്ചു. 79,426 ശസ്ത്രക്രിയ ചെയ്തു. എന്നാല്‍ 2021ല്‍ കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് കുടുംബശ്രീയെ വിലക്കി. തെരുവുനായകളുടെ വന്ധ്യംകരണത്തിന് കുടുംബശ്രീക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാനും കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് മന്ത്രി അറിയിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker