മലപ്പുറം: പാണക്കാട് മുഈൻ അലി തങ്ങളെ താൻ ഭീഷണിപ്പെടുത്തിയ കേസിൽ മുസ്ലിം ലീഗ് പ്രവർത്തകൻ റാഫി പുതിയകടവിനെ രാത്രി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മലപ്പുറം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായ റാഫി പുതിയകടവിനെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
ഭീഷണിപെടുത്തൽ, കലാപാഹ്വാനം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തെന്നും അറസ്റ്റ് രേഖപ്പെടുത്തിയെന്നും മലപ്പുറം പൊലീസ് വ്യക്തമാക്കി. മുഈൻ അലി തങ്ങളോട് ശത്രുത ഇല്ലെന്നും സൗഹൃദ സംഭാഷണത്തിന് ഇടയിൽ പറഞ്ഞ പരാമർശങ്ങളാണ് കേസിന് ആധാരമായതെന്നുമാണ് റാഫി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.
വീൽചെയര്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസിൽ നേരത്തെ, പാണക്കാട് മുഈൻ അലി തങ്ങളെ താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി പ്രതി റാഫി പുതിയകടവിൽ രംഗത്തെത്തിയിരുന്നു. തങ്ങളുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്നും സൗഹൃദ സംഭാഷണത്തിനിടെയുണ്ടായതാണ് വീൽചെയര്‍ പരാമര്‍ശമെന്നുമാണ് റാഫി പറഞ്ഞത്.
അത് തമാശയായി പറഞ്ഞതാണ്. ഫോൺ സംഭാഷണം മുഈൻ അലി തങ്ങൾ പുറത്ത് വിട്ടത് എന്തുകൊണ്ട് എന്നറിയില്ല, സംഭവത്തിൽ താൻ മാപ്പ് ചോദിക്കുന്നു. മുഈൻ അലി തങ്ങൾ തനിക്കെതിരെ നൽകിയ പരാതി രണ്ട് ദിവസത്തിനകം പിൻവലിക്കുമെന്നാണ് കരുതുന്നത്. രണ്ട് ദിവസത്തിനകം തങ്ങളെ നേരിൽക്കാണുമെന്നും തങ്ങളുമായി നല്ല ബന്ധമാണ് ഇപ്പോഴുമെന്നും റാഫി പറഞ്ഞിരുന്നു.
യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമാണ് മുഈന്‍ അലി ശിഹാബ് തങ്ങൾ. വെള്ളിയാഴ്ചയാണ് മുഈന്‍ അലി തങ്ങളുടെ ഫോണിലേക്ക് ഭീഷണിയും മുന്നറിയിപ്പുമായി രണ്ട് ശബ്ദ സന്ദേശങ്ങളെത്തിയത്. 31 സെക്കന്‍ഡ് ദൈര്‍ഘ്യമുളള ആദ്യ ശബ്ദസന്ദേശത്തില്‍ സമുദായ നേതാക്കളെയും പാര്‍ട്ടി നേതാക്കളെയും വെല്ലുവിളിക്കാനാണ് തീരുമാനമെങ്കില്‍ വില്‍ ചെയറില്‍ പോകേണ്ടി വരുമെന്ന ഭീഷണിയാണുളളത്. 15 സെക്കന്‍ഡ് ദൈര്‍ഘ്യമുളള രണ്ടാമത്തെ സന്ദേശം കൃത്യമായ വധഭീഷണിയാണ് നല്‍കുന്നത്.
ഇതിന് പിന്നാലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയകടവിലാണ് ഭീഷണി സന്ദേശം അയച്ചതെന്ന് കാട്ടി മുഈന്‍ അലി തങ്ങള്‍ മലപ്പുറം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മുഈന്‍ അലി തങ്ങളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, റാഫിക്കെതിരെ കലാപാഹ്വാനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ് എടുക്കുകയായിരുന്നു.