CrimeKeralaNews

രാമൻപിള്ള വക്കീലും കുടുങ്ങും? തെളിവു നശിപ്പിച്ച ഉപകരണങ്ങൾ ഹാജരാക്കണം, ദിലീപിൻ്റെ അഭിഭാഷകർക്ക് നോട്ടീസ്

കൊച്ചി:വധഗൂഢാലോചനാക്കേസിൽ (murder conspiracy case)ദിലീപിന്റെ (dileep)അഭിഭാഷകർക്ക്(advocates) ക്രൈംബ്രാഞ്ച്(crime branch) നോട്ടീസ്. രാമൻപിളള അസോസിയേറ്റ്സിനാണ് നോട്ടീസ് നൽകിയത്. സൈബർ ഹാക്കർ സായി ശങ്കറിന്റെ പക്കൽ നിന്ന് വാങ്ങിവെച്ച ഡിജിറ്റൽ ഗാഡ്ജറ്റുകൾ അടക്കമുളളവ ഉടൻ ഹാജരാക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ലാപ് ടോപ് അടക്കം അഞ്ച് വസ്തുക്കൾ  ദിലീപിന്റെ അഭിഭാഷകർ തന്റെ പക്കൽ നിന്ന് വാങ്ങിയെന്നാണ് സായി ശങ്കറിന്റെ മൊഴി. ഇത് അടിയന്തരമായി ഹാജരാക്കാനാണ് നിർദേശം.

അഡ്വ ഫിലിപ് ടി.വർഗീസ്, അ‍ഡ്വ സുജേഷ് മേനോൻ എന്നിവർ അടക്കമുള്ളവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ദിലീപിന്‍റെ ഫോണിലെ സുപ്രധാന തെളിവ് രേഖകൾ നശിപ്പിക്കാൻ കൂട്ടുനിന്നെന്നാണ് ആരോപണം. ഇവർ പറഞ്ഞിട്ടാണ് ദിലീപിന്‍റെ ഫോണിലെ ചിത്രങ്ങളും രേഖകളും മായിച്ചതെന്നാണ് അറസ്റ്റിലായ സൈബർ ഹാക്കർ സായി ശങ്കർ മൊഴി നൽകിയിരിക്കുന്നത്. 

കേസിലെ തെളിവ് നശിപ്പിച്ചെന്ന ആരോപണത്തിൽ ദിലീപിന്‍റെ മൂന്ന് അഭിഭാഷകർക്ക് കേരള ബാർ കൗൺസിലും നോട്ടീസ് നൽകിയിട്ടുണ്ട്. അതിജീവിത നൽകിയ പരാതിയിലാണ് നടപടി. സീനിയർ അഭിഭാഷകനായ ബി രാമൻ പിള്ള, ഫിലിപ് ടി വർഗീസ്, സുജേഷ് മോനോൻ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. നടിയുടെ ആരോപണത്തിൽ രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിട്ടുള്ളത്. വിചാരണ നടക്കുന്ന കേസിൽ 20 സാക്ഷികളെ അഭിഭാഷകൻ ഇടപെട്ട് കൂറ് മാറ്റിയെന്നും കോടതിയെ സഹായിക്കണ്ട അഭിഭാഷകനിൽ നിന്ന് നീതി തടയുന്ന പ്രവർത്തിയാണുണ്ടായതെന്നും നടിയുടെ പരാതിയിലുണ്ട്.  


ദിലീപുമായി (Actor Dileep) തനിക്ക്  നേരിട്ട് ബന്ധമുണ്ടായിരുന്നില്ലെന്ന് ഹാക്കർ സായിശങ്കർ (Sai Shanker) . ഫോണിൽ നിന്ന് നശിപ്പിച്ചത് സുപ്രധാന രേഖകളാണെന്ന് അറിയില്ലായിരുന്നു. രേഖകൾ നശിപ്പിക്കുമ്പോൾ ദിലീപ് കൂടെയുണ്ടായിരുന്നു. ദിലീപിന്റെ ഫോണുകൾ പരിശോധിച്ചത് താനാണ്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കോടതിയെ സമീപിച്ചിട്ടില്ലെന്നും സായിശങ്കർ അവറിൽ പറഞ്ഞിരുന്നു.

ദിലീപിന്റെ ഫോൺരേഖ നശിപ്പിക്കുന്നതിനാണ് പ്രാധാന്യം നൽകിയത്. നശിപ്പിച്ചുകളഞ്ഞതിൽ കോടതി രേഖകളുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിലെ രേഖകളാണ് നശിപ്പിച്ചത്. വാട്സാപ്പിൽ ഉണ്ടായിരുന്നത് കോടതി രേഖകളാണ്. വാട്സാപ്പിലേക്ക് ഫോർവേഡ് ചെയ്ത് വന്നതാണിവ. നടിയുടെ സ്റ്റേറ്റ്മെന്റുകളായിരുന്നു പലതും. കോടതിയിൽ നിന്ന് കിട്ടുന്ന രേഖകളല്ല എന്ന് തന്നോട് പറഞ്ഞിരുന്നു. ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധം നശിപ്പിക്കാൻ പറഞ്ഞു. 

ഫോണിൽ പൾസർ സുനിയുടെ ചിത്രങ്ങളുണ്ടായിരുന്നില്ല. 2019, 2020 കാലത്തെ ചിത്രങ്ങളാണ് ഫോണിൽ അധികവും ഉണ്ടായിരുന്നത്. കുടുംബചിത്രങ്ങളാണ് കൂടുതൽ ഉണ്ടായിരുന്നത്. അന്വേഷണ ഉദ്യോ​ഗസ്ഥരുടെ ഫോൺവിളി വിവരങ്ങളും ഉണ്ടായിരുന്നു. അഭിഭാഷകരുടെ പെൻഡ്രൈവിലാണ് വിവരങ്ങൾ ഉണ്ടായിരുന്നത്. കേസിന്റെ വിവരങ്ങളാണെന്ന് മനസിലായപ്പോൾ താൻ ചോദിച്ചു. സംരക്ഷിച്ചുകൊള്ളാമെന്ന് അഭിഭാഷകർ ഉറപ്പ് നൽകി. അന്വേഷണം വന്നപ്പോൾ മാറിനിൽക്കാൻ സഹായിച്ചതും ദിലീപിന്റെ അഭിഭാഷകരാണ് എന്നും സായിശങ്കർ പറയുന്നു. 

കാവ്യയുടെ മൊഴിയെടുക്കൽ നാളെ

ഇതിനിടെ അസൗകര്യം അറിയിച്ചതിനെത്തുടർന്ന് കാവ്യാ മാധവന്‍റെ മൊഴിയെടുക്കൽ ബുധനാഴ്ചത്തേക്ക് മാറ്റി.നിലവിൽ സാക്ഷി ആയാണ് കാവ്യാ മാധവനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുള്ളത്. സാക്ഷിയായ സ്ത്രീകളെ പൊലിസ് സ്‌റ്റേഷനിൽ വിളിപ്പിക്കരുതെന്നാണ് ചട്ടം. ഈ സാഹചര്യത്തിൽ ആണ് കാവ്യയുടെ സൗകര്യം തേടിയത്. കേസിലെ ഗൂഢാലോചനയെക്കുറിച്ച് കാവ്യയ്ക്ക് എല്ലാം അറിയാമെന്നാണ് ബാലചന്ദ്ര കുമാർ അടക്കം ഉള്ളവരുടെ മൊഴികൾ.

ഇത് സംബന്ധിച്ച ചില ഓഡിയോ സംഭാഷണവും പുറത്ത് വന്നിരുന്നു. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് കുരുക്കായി കൂടുതല്‍ ശബ്ദരേഖകൾ പുറത്ത് വന്നിരുന്നു. നടൻ ദിലീപും സുഹൃത്ത് ബൈജു ചെങ്ങാമനാടും തമ്മിൽ നടന്നതെന്ന് കരുതപ്പെടുന്ന ഒരു ഫോൺ സംഭാഷണം കൂടി പുറത്തുവന്നു. ഇത് താൻ അനുഭവിക്കേണ്ട ശിക്ഷല്ലെന്നും ഒരു സ്ത്രീ അനുഭവിക്കേണ്ടത് ആയിരുന്നുവെന്നും സംഭാഷണത്തിൽ പറയുന്നു. 2017ൽ നടന്നതാണ് ഈ സംഭാഷണം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

ദിലീപിന് വേണ്ടി സാക്ഷിയെ സ്വാധീനിക്കുന്ന മൊബൈൽ ഫോണ്‍ സംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു. ഡോക്ടർ ഹൈദരലിയും ദിലീപിന്‍റെ സഹോദരി ഭർത്താവ് സൂരജും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. ദിലീപിന് അനുകൂലമായി മൊഴി നൽകാൻ സൂരജ് ഡോക്ടറിനോട് ആവശ്യപ്പെടുന്നതാണ് സംഭാഷണം. നടി ആക്രമിക്കപ്പെടുമ്പോൾ ആലുവയിലെ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു എന്നാണ് ദിലീപിന്‍റെ വാദം. ഇങ്ങനെയായിരുന്നു ആദ്യം ദിലീപ് മൊഴി നൽകിയിരുന്നത്.

എന്നാലിത് തെറ്റാണെന്ന് പിന്നീട് അന്വേഷണ സംഘം കണ്ടെത്തി. ദിലീപ് അഡ്മിറ്റ് ആയിരുന്നില്ലെന്ന് ഡോക്ടർ ഹൈദരലി ആദ്യം മൊഴി നൽകിയിരുന്നു. ഈ മൊഴി തിരുത്താനാണ് ആവശ്യപ്പെടുന്നത്. രേഖകൾ പൊലീസിന്റെ കൈവശം ഉണ്ടെന്ന് ഡോക്ടർ പറയുമ്പോൾ ആ തെളിവിന്  പ്രസക്തിയില്ല, കോടതിക്ക്  നൽകുന്ന മൊഴിയാണ് ഇനി പ്രധാനമെന്നു സൂരജ് മറുപടി നൽകുന്നു. പ്രശ്നങ്ങളൊന്നുമില്ലാതെ വക്കീൽ നോക്കുമെന്നും ഡോക്ടർ വക്കീൽ പഠിപ്പിക്കുന്നതപോലെ പറഞ്ഞാൽ മതിയെന്നും സംഭാഷണത്തിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker