
കോഴിക്കോട്: താമരശ്ശേരി അടിവാരം ചിപ്പിലിത്തോട് പുലിക്കല്‍ പാലത്തിന് സമീപം കാര്‍ ആഴത്തിലേക്ക് മറിഞ്ഞ് അപകടം. യാത്രക്കാരിക്ക് സാരമായി പരിക്കേറ്റു. ആനക്കാംപൊയില്‍ ഫരീക്കല്‍ ബാബുവിന്റെ ഭാര്യ സോഫിയക്കാണ് തലയ്ക്ക് പരിക്കേറ്റത്. ഇന്ന് രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്. തുഷാരഗിരി ചിപ്പിലിത്തോട് പുഴയിലേക്കാണ് കാര്‍ പതിച്ചത്.
നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് റോഡില്‍ നിന്ന് തെന്നി മാറിയ വാഹനം പുഴയിലേക്ക് പതിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ബാബുവും സോഫിയയും ഇവരുടെ പേരക്കുട്ടി അഞ്ചുവയസ്സുകാരിയായ ഇസ്‌ബെലുമാണ് കാറിലുണ്ടായിരുന്നത്. വയനാട് മാനന്തവാടി പള്ളിക്കുന്നില്‍ പള്ളിപെരുന്നാള്‍ കണ്ട് മടങ്ങി വരികയായിരുന്നു മൂവരും. ഇവരെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റൊരു സംഭവത്തിൽ മലപ്പുറം എരുമമുണ്ടയിൽ ടൂറിസ്റ്റ് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരിയായ അധ്യാപിക മരിച്ചു. എരുമമുണ്ട സ്വദേശി ഷൈനിയാണ് മരിച്ചത്. പള്ളിയിൽ പോയി മടങ്ങി വരുന്നതിനിടെയയിരുന്നു അപകടം. ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഷൈനിയുടെ ഭർത്താവ് ബാബുവിനും ഒപ്പമുണ്ടായിരുന്ന അയൽവായി ലൂസിക്കും അപകടത്തിൽ പരിക്കേറ്റു.