International

ഇമ്രാനില്ലാത്തത് ബുദ്ധിയും കഴിവും:പരിഹാസവുമായി മുൻ ഭാര്യ

ഇസ്‌ലാമാബാദ്: അവിശ്വാസപ്രമേയത്തിൽ വോട്ടെടുപ്പ് നേരിടാനിരിക്കെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷവിമർശനവുമായി മുൻ ഭാര്യയും സാമൂഹിക പ്രവർത്തകയുമായ റെഹം ഖാൻ. ഇമ്രാൻ താറുമാറാക്കിയത് ശരിയാക്കാൻ പാക്കിസ്ഥാനിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് റെഹം ഖാൻ പറഞ്ഞു. ‘നയാ പാക്കിസ്ഥാൻ’ (പുതിയ പാക്കിസ്ഥാൻ) സൃഷ്ടിക്കുമെന്ന വാഗ്ദാനവുമായാണ് 2018ൽ ഇമ്രാൻ അധികാരത്തിൽ വന്നത്. എന്നാൽ അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിലുൾപ്പെടെ ദയനീയമായി പരാജയപ്പെട്ടതായി അവർ പറഞ്ഞു.

‘ഇമ്രാൻ ചരിത്രമാണ്! നയാ പാക്കിസ്ഥാൻ അവശേഷിപ്പിച്ച കുഴപ്പങ്ങൾ വൃത്തിയാക്കാൻ നമ്മൾ ഒരുമിച്ച് നിൽക്കണമെന്ന് ഞാൻ കരുതുന്നു.’– റെഹം ഖാൻ ട്വീറ്റ് ചെയ്തു. ഇമ്രാൻ ഖാന് ഇല്ലാത്തത് ബുദ്ധിയും കഴിവും ആണെന്നും റെഹം ഖാൻ പരിഹസിച്ചു. ദൈവകൃപയാൽ ജീവിതത്തിൽ സമ്പാദ്യവും പ്രശസ്തിയും ഉൾപ്പെടെ എല്ലാം നേടിയതിനാൽ മറ്റൊന്നും ആവശ്യമില്ലെന്നു രാജ്യത്തെ അഭിസംബോധന ചെയ്യവെ ഇമ്രാൻ പറഞ്ഞിരുന്നു. ഇതു സൂചിപ്പിച്ചായിരുന്നു റെഹമിന്റെ പരിഹാസം.

തന്റെ കുട്ടിക്കാലത്ത് പാക്കിസ്ഥാൻ ഉന്നതിയിലേക്ക് ഉയരുന്നത് കണ്ടെന്ന ഇമ്രാന്റെ അഭിപ്രായത്തോട് റെഹം യോജിച്ചു. ‘അതെ, നിങ്ങൾ പ്രധാനമന്ത്രി അല്ലാതിരുന്നപ്പോൾ പാക്കിസ്ഥാൻ മഹത്തരമായിരുന്നു.’– അവർ പറഞ്ഞു. രാജിവയ്ക്കില്ലെന്നും ശക്തമായി തിരിച്ചുവരുമെന്നും വ്യാഴാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് ഇമ്രാൻ  പ്രഖ്യാപിച്ചിരുന്നു.

ഒരു വിദേശരാജ്യം തന്നെ പുറത്താക്കാൻ ഇടപെട്ടുവെന്ന് അമേരിക്കയുടെ പേരെടുത്തു പറയാതെ ഇമ്രാൻ ആരോപിച്ചു. റഷ്യ സന്ദർശിച്ച് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ചർച്ച നടത്തിയതിന്റെ പേരിലാണ് പാശ്ചാത്യ രാജ്യം തനിക്കെതിരെ തിരിഞ്ഞതെന്നും ഇമ്രാൻ പറഞ്ഞു.

ഇമ്രാൻ സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ ഉടൻ വോട്ടെടുപ്പു വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളംവച്ചതിനെത്തുടർന്ന് ദേശീയ അസംബ്ലി ഞായറാഴ്ച വരെ നിർത്തിവച്ചു. വ്യാഴാഴ്ച, പാക്ക് ദേശീയ അസംബ്ലി സമ്മേളിച്ചപ്പോൾ 24 ഇന അജൻഡയിൽ നാലാമതായിരുന്നു അവിശ്വാസപ്രമേയം. ഉടൻ വോട്ടെടുപ്പു വേണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടതോടെ ഡപ്യൂട്ടി സ്പീക്കർ ഖ്വാസിം സുരി ഞായറാഴ്ച 11 വരെ സഭ നിർത്തി.

രണ്ടു ഘടകകക്ഷികൾ പിന്തുണ പിൻവലിച്ചതുകൊണ്ട് ഇമ്രാൻ സർക്കാർ ഫലത്തിൽ ന്യൂനപക്ഷമാണ്. ഭരണസഖ്യത്തിലെ 2 പ്രധാനകക്ഷികൾ ഒപ്പംവന്നതോടെ ഭൂരിപക്ഷത്തിനു വേണ്ട 172 വോട്ടുകൾ പ്രതിപക്ഷം ഉറപ്പാക്കി. ഇമ്രാന്റെ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടിയിലെ 2 ഡസനോളം വിമതരെ കൂട്ടാതെതന്നെ അവർക്ക് 177 പേരുടെ പിന്തുണയായി.

ഇതിനിടെ, പ്രതിപക്ഷവും സർക്കാരുമായി ധാരണയ്ക്കു പിൻവാതിൽ ശ്രമം നടക്കുന്നതായി സൂചനയുണ്ട്. അവിശ്വാസപ്രമേയം പ്രതിപക്ഷത്തെക്കൊണ്ടു പിൻവലിപ്പിക്കുക, പകരം ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാൻ ഇമ്രാൻ തയാറാവുക എന്ന ഫോർമുലയാണ് ചർച്ച ചെയ്യുന്നത്. ഇമ്രാനെ വിശ്വസിക്കാൻ പ്രതിപക്ഷം തയാറല്ലാത്തതിനാൽ സർക്കാരിലെ മറ്റൊരു ഉന്നതൻ ഇക്കാര്യം ഉറപ്പാക്കുമെന്നാണു റിപ്പോർട്ട്.

ചർച്ച വിജയിച്ചാൽ ഓഗസ്റ്റിൽ പൊതുതിരഞ്ഞെടുപ്പു നടക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വാ‍ർത്താ ഏജൻസി പിടിഐയോടു വെളിപ്പെടുത്തി. പാക്കിസ്ഥാനിൽ ഇതുവരെ ഒരു പ്രധാനമന്ത്രിയും അവിശ്വാസത്തിലൂടെ പുറത്തായിട്ടില്ല; ഒരു പ്രധാനമന്ത്രി പോലും 5 വർഷ കാലാവധി പൂർത്തിയാക്കിയിട്ടുമില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button