പത്തനംതിട്ടയില്‍ രണ്ടു കുട്ടികളുള്ള യുവതിക്ക് വേണ്ടി കാമുകന്മാര്‍ നടുറോഡില്‍ തമ്മില്‍ തല്ലി; സിനിമ കഥയെ വെല്ലുന്ന സംഭവത്തില്‍ വട്ടംചുറ്റി പോലീസ്
പത്തനംതിട്ട: രണ്ടു മുതിര്‍ന്ന മക്കളുടെ അമ്മയായ യുവതിക്ക് വേണ്ടി കാമുകന്മാര്‍ പട്ടാപ്പകല്‍ നടുറോഡില്‍ തമ്മിലടിച്ചു. സംഗതി വഷളാകാതിരിക്കാന്‍ വീട്ടമ്മ ഒരു കാമുകനൊപ്പം കാറില്‍ കയറി സ്ഥലം വിട്ടു. രണ്ടാമന്‍ ഇവര്‍ പോയ കാറിന് പിന്നാലെ സ്‌കൂട്ടറില്‍ ചേസ് ചെയ്തു. പോകുന്ന വഴിക്ക് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പട്ടാപ്പകല്‍ വീട്ടമ്മയെ കാറില്‍ തട്ടിക്കൊണ്ടു പോകുന്നുവെന്ന് സന്ദേശവും നല്‍കി. കഥയറിയാത്ത പോലീസ് വയര്‍ലെസ് അലര്‍ട്ടും നല്‍കി നാടുമുഴുവന്‍ തിരിച്ചില്‍ നടത്തി. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയാണ് പത്തനംതിട്ടയിലാണ് പോലീസിനെ ഫൂളാക്കി കൊണ്ട് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
കഥ ഇങ്ങനെ: മണിയാര്‍ എ.ആര്‍ ക്യാമ്പിന് സമീപമുള്ള, രണ്ടു മുതിര്‍ന്ന മക്കളുടെ അമ്മയായ യുവതിയാണ് കഥയിലെ നായിക. ഇതുവരെയുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ യുവതിക്ക് രണ്ടു കാമുകന്മാരുണ്ട്. ഭര്‍ത്താവ് കെഎസ്ആര്‍ടിസിയില്‍ എം പാനല്‍ ഡ്രൈവറാണ്. കാമുകരില്‍ ഒരാള്‍ പൊന്‍കുന്നം സ്വദേശിയായ പോലീസ് ഡ്രൈവര്‍, പാലാ സ്റ്റേഷനില്‍ ജോലി ചെയ്യുന്നു. മറ്റൊരു കാമുകന്‍ സീതത്തോട് കെഎസ്ഇബിയിലെ ഡ്രൈവര്‍. ചുരുക്കിപ്പറഞ്ഞാല്‍ ഭര്‍ത്താവും കാമുകന്മാരുമെല്ലാം ഡ്രൈവര്‍മാര്‍. ഇന്നലെ ഉച്ചയ്ക്ക് ശേഷം മണിക്കൂറുകളുടെ ഇടവേളകളില്‍ പത്തനംതിട്ടയില്‍ വച്ച് കാണാന്‍ വീട്ടമ്മ കാമുകന്മാര്‍ക്ക് സമയം കൊടുക്കുന്നു. ഇത് അനുസരിച്ച് രണ്ടു മണിക്ക് പാലായില്‍ നിന്ന് പോലീസ് ഡ്രൈവര്‍ മൂന്നിന് പത്തനംതിട്ടയില്‍ എത്തി വന്നപാടേ രണ്ടു പേരും തമ്മില്‍ വഴക്കായി പോലീസ് കാമുകന്‍ വീട്ടമ്മയുടെ മുഖമടച്ച് രണ്ടെണ്ണം കൊടുത്തു.
ഐശ്വര്യ തീയറ്ററിന് സമീപമുള്ള സെന്റ് ലൂക്ക് ഹോസ്പിറ്റലില്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടമ്മ വീട്ടില്‍ നിന്ന് ഇറങ്ങിയത്. അതിന്‍ പ്രകാരം ആശുപത്രി മുറ്റത്ത് വന്നപ്പോഴാണ് രണ്ടാമത്തെ കാമുകനായ കെഎസ്ഇബി ഡ്രൈവറുടെ വരവ്. കാമുകന്മാര്‍ നേര്‍ക്ക് നേരെ കണ്ടതോടെ തെറിവിളിയും കൈയേറ്റവും ആരംഭിച്ചതോടെ വീട്ടമ്മ പോലീസുകാരനൊപ്പം കാറില്‍ കയറി സ്ഥലം വിട്ടു. കെഎസ്ഇബി ഡ്രൈവര്‍ സ്‌കൂട്ടറില്‍ ചേസിങ് നടത്തി. ഇതിനിടെയാണ് പോലീസില്‍ വിളിച്ച് കിഡ്‌നാപ്പിങ് നടന്നുവെന്ന് അറിയിച്ചത്. ഇതോടെ പത്തനംതിട്ട പോലീസ് പരക്കം പാഞ്ഞു.
തട്ടിക്കൊണ്ടു പോകപ്പെട്ട യുവതിക്കായി നാടുമുഴുവന്‍ പോലീസ് പാഞ്ഞു. കിട്ടാതെ വന്നപ്പോള്‍ വിവരം നല്‍കിയയാളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. ആദ്യമൊക്കെ ഇയാള്‍ ഉരുണ്ടു കളിച്ചെങ്കിലും ഒടുവില്‍ ഇയാള്‍ സത്യം പറഞ്ഞു. തുടര്‍ന്ന് പാലാ സ്റ്റേഷനുമായി ബന്ധപ്പെട്ട് പോലീസുകാരന്റെ നമ്പര്‍ എടുത്തു. ഇയാളെയും വീട്ടമ്മയെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. വീട്ടമ്മയുടെ ഭര്‍ത്താവിനെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഏറെ സമയത്തിന് ശേഷം വീട്ടമ്മയും പോലീസുകാരനായ കാമുകനും സ്റ്റേഷനില്‍ എത്തി. വീട്ടമ്മയ്ക്ക് പരാതി ഇല്ലാത്തതിനാല്‍ മൂവരെയും താക്കീത് നല്‍കി പോലീസ് വിട്ടയച്ചു.