ഗുവാഹത്തി: ഐഐടിയിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഒന്നാം വർഷ ബി ടെക് വിദ്യാർത്ഥി ബിഹാർ സ്വദേശി സൗരഭ് കുമാറാ(20)ണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മുറിയിൽ നിന്ന് ഒരു കുറിപ്പ് കണ്ടെടുത്തു. ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായും പൊലീസ് അറിയിച്ചു.
സ്ഥാപനത്തിന് അനാസ്ഥയുണ്ടായെന്നാരോപിച്ച കുടുംബം വിദ്യാർത്ഥിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. സംഭവം വിശദമായി അന്വേഷിക്കുന്നുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. വിദ്യാർത്ഥിയുടെ മരണത്തിൽ ദുഖം രേഖപ്പെടുത്തി ഐഐടി ഗുവാഹത്തി പ്രസ്താവനയിറക്കി. വിദ്യാർത്ഥിയുടെ മരണത്തെക്കുറിച്ചുള്ള ദൗർഭാഗ്യകരമായ വാർത്ത പങ്കുവെക്കുന്നതിൽ അഗാധമായ ഖേദമുണ്ട്.
തങ്ങളുടെ ഹൃദയംഗമമായ അനുശോചനം കുടുംബത്തിനെ അറിയിക്കുന്നുവെന്നും ഈ പ്രയാസകരമായ സമയത്ത് അവർക്ക് ആവശ്യമായ പിന്തുണ നൽകുന്നുവെന്നും സ്ഥാപനം പ്രസ്താവനയിൽ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ പൊലീസ് അന്വേഷിക്കുകയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)