KeralaNews

കേരളത്തിൽ ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്‍റെ സാന്നിധ്യമുണ്ടെന്ന് ഐജിഐബി

തിരുവനന്തപുരം: കേരളത്തിൽ ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്‍റെ സാന്നിധ്യമുണ്ടെന്ന് ഐജിഐബി. രോഗവ്യാപനത്തില്‍ ഗുരുതര സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ വിനോദ് സ്കറിയ ഡൽഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

വൈറസുകളിലെ ജനിതക വ്യതിയാനത്തെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സിഎസ്ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക് ആന്‍റ് ഇന്‍റ്ഗ്രേറ്റഡ് ബയോളജിയെന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിന്‍റെ പഠനത്തിലാണ് സംസ്ഥാനത്തെ പല ജില്ലകളിലും എൻ440 കെ വകഭേദത്തില്‍പ്പെട്ട വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. പ്രതിരോധ മാര്‍ഗങ്ങളെ മറികടക്കാന്‍ ശേഷിയുള്ള വൈറസ് രോഗ വ്യാപനം തീവ്രമാക്കുമെന്നാണ് ഐജിഐബി ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ രണ്ട് തവണ വാക്സീനെടുത്തവർക്ക് വീണ്ടും കൊവിഡ് വരാനുള്ള സാധ്യതയും ഐജിഐബി തള്ളിക്കളയുന്നില്ല. രണ്ടാംതരംഗത്തിൽ രോഗവ്യാപനമുണ്ടായ ഒഡീഷ, ഛത്തീസ്ഘട്ട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അതേസമയം ഇന്ത്യയിൽ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം ഇന്നും ഒന്നരലക്ഷം കടന്നിട്ടുണ്ട്. ഇന്ത്യയിലേതടക്കം രോഗവ്യാപനത്തില്‍ ആശങ്കയറിയിച്ച ലോകാരോഗ്യസംഘടന ആരോഗ്യസംവിധാനങ്ങള്‍ വലിയ വെല്ലുവിളി നേരിടുകയാണെന്ന് വ്യക്തമാക്കി.

കേരളത്തിൽ ഇന്നലെ 7515 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1162, കോഴിക്കോട് 867, തൃശൂര്‍ 690, മലപ്പുറം 633, കോട്ടയം 629, തിരുവനന്തപുരം 579, കണ്ണൂര്‍ 503, ആലപ്പുഴ 456, കൊല്ലം 448, കാസര്‍ഗോഡ് 430, പാലക്കാട് 348, പത്തനംതിട്ട 312, ഇടുക്കി 259, വയനാട് 199 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (104), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 112 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 73,441 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,38,87,699 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4814 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 198 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6747 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 534 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 1114, കോഴിക്കോട് 835, തൃശൂര്‍ 661, മലപ്പുറം 597, കോട്ടയം 570, തിരുവനന്തപുരം 417, കണ്ണൂര്‍ 405, ആലപ്പുഴ 449, കൊല്ലം 444, കാസര്‍ഗോഡ് 388, പാലക്കാട് 144, പത്തനംതിട്ട 280, ഇടുക്കി 251, വയനാട് 192 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, തൃശൂര്‍ 7, കാസര്‍ഗോഡ് 6, പാലക്കാട് 4, കോഴിക്കോട് 3, തിരുവനന്തപുരം, വയനാട് 2 വീതം, പത്തനംതിട്ട, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2959 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 196, കൊല്ലം 583, പത്തനംതിട്ട 132, ആലപ്പുഴ 81, കോട്ടയം 216, ഇടുക്കി 106, എറണാകുളം 336, തൃശൂര്‍ 186, പാലക്കാട് 61, മലപ്പുറം 263, കോഴിക്കോട് 409, വയനാട് 63, കണ്ണൂര്‍ 266, കാസര്‍ഗോഡ് 61 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 52,132 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,23,133 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,82,589 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,75,007 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7582 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1289 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

14 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 416 ഹോട്ട് സ്പോട്ടുകളാണുള്ളത്.

കൊവിഡ് വ്യാപനം തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ഇന്നലെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്(ടിപിആര്‍) കൂടിയ മേഖലകളില്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അധികാരവും സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലുണ്ട്.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്. ഇഫ്താര്‍ വിരുന്നുകള്‍ ഉള്‍പ്പെടെയുള്ള ഒത്തുചേരലുകള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കണം. യോഗങ്ങള്‍ പരമാവധി ഓണ്‍ലൈന്‍ ആക്കണം. ഷോപ്പിങ് മാള്‍, തിയറ്റര്‍ ഉള്‍പ്പെടെ എസി ഉള്ള സ്ഥലങ്ങളിലെ ആളുകളെ കുറയ്ക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

1. സിനിമാ തിയേറ്ററുകളും ഹോട്ടലുകളും റെസ്റ്റോറന്റുകളും ഒരേസമയം അമ്പത് ശതമാനം ആളുകളെ മാത്രമേ പ്രവേശിക്കാവൂ. ഹോട്ടലുകളും റെസ്റ്റോറന്റുകളും ഹോംഡെലിവറി പ്രോത്സോഹിപ്പിക്കണം.

2.മെഗാ ഷോപ്പിങ് ഫെസ്റ്റിവലും മറ്റു മേളകളും രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കണം.

3. ബസുകളില്‍ നിന്നുള്ള യാത്ര അനുവദിക്കില്ല. ഇക്കാര്യം മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഉറപ്പുവരുത്തണം.

4. എ.സി. സംവിധാനമുള്ള മാളുകള്‍ തിയേറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. പ്രവേശനം പരിമിതപ്പെടുത്തണം. ഇവിടങ്ങളില്‍ തെര്‍മല്‍ സ്‌ക്രീനിങ് സംവിധാനം ഏര്‍പ്പെടുത്തണം.

5. സിവില്‍ സപ്ലൈസ്, ഹോര്‍ട്ടികോര്‍പ്, കെപ്‌കോ, മത്സ്യഫെഡ്, മില്‍മ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ വില്പനയും ഹോംഡെലിവറിയും പ്രോത്സാഹിപ്പിക്കണം.

6 എല്ലാ വ്യാപാരസ്ഥാപനങ്ങളും രാത്രി ഒമ്പത് മണിക്ക് അടയ്ക്കണം. സ്ഥാപനങ്ങള്‍ ഹോംഡെലിവറി പ്രോത്സാഹിപ്പിക്കണം.

7 സയോഗങ്ങളും മറ്റും ഓണ്‍ലൈനില്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കണം. ആശുപത്രികളിലെ ഒപികളിലെ തിരക്ക് ഒഴിവാക്കന്‍ ഇ-സഞ്ജീവനി ടെലിമെഡിസിന് ഉള്‍പ്പെടെയുള്ള സൗകര്യം ഉപയോഗപ്പെടുത്തണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button