NationalNews

വാക്സിനെടുത്തില്ലെ? …റേഷനുമില്ല പെട്രോളുമില്ല, കർശന നിലപാടിൽ കളക്ടർ

മുംബൈ :കോവിഡ് പ്രതിരോധവാക്സിന്റെ ഒരുഡോസെങ്കിലും എടുത്തിട്ടില്ലാത്തവർക്ക് റേഷൻകടകളിൽനിന്ന് പലചരക്കുസാധനങ്ങൾ നൽകരുതെന്നും പെട്രോളോ പാചകവാതകമോ കൊടുക്കരുതെന്നും മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലാഭരണകൂടം ഉത്തരവിട്ടു. ജില്ലയിൽ പ്രതിരോധകുത്തിവെപ്പ് പ്രതീക്ഷിച്ചരീതിയിൽ മുന്നേറുന്നില്ലെന്ന് കണ്ടതിനെത്തുടർന്നാണ് ഈ നടപടി.

കോവിഡ് വാക്സിനെടുത്തതിന്റെ സർട്ടിഫിക്കറ്റ് കാണിച്ചവർക്കുമാത്രം റേഷൻസാധനങ്ങൾ നൽകിയാൽ മതിയെന്നു കാണിച്ച് കളക്ടർ സുനിൽ ചവാനാണ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ഗ്യാസ് ഏജൻസികൾക്കും പെട്രോൾപമ്പുകൾക്കും സമാനനിർദേശം നൽകിയിട്ടുണ്ട്. ഇതു ലംഘിക്കുന്ന കടയുടമകൾക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്നും ഉത്തരവിൽ പറയുന്നു.

ഒരുഡോസെങ്കിലും വാക്സിൻ എടുത്തിട്ടില്ലാത്തവർ അജന്ത, എല്ലോറ ഗുഹകളടക്കമുള്ള ജില്ലയിലെ ചരിത്രസ്മാരകങ്ങളിൽ പ്രവേശിക്കുന്നത് വിലക്കിയിട്ടുമുണ്ട്.

സംസ്ഥാനത്തെ അർഹരായ മുഴുവനാളുകൾക്കും നവംബർ അവസാനത്തോടെ ആദ്യഡോസ് വാക്സിൻ നൽകാനാണ് മഹാരാഷ്ട്ര സർക്കാരിന്റെ ശ്രമം. എന്നാൽ, ഔറംഗാബാദിൽ ഇതുവരെ 71 ശതമാനം പേരേ ആദ്യഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളൂ. രണ്ടുഡോസുമെടുത്തത് 24 ശതമാനം മാത്രമാണ്. ഇവിടുത്തെ ജനസംഖ്യയിലെ വലിയൊരുവിഭാഗം കർഷകത്തൊഴിലാളികളാണ്. ജോലിക്കുപോകുന്നതുകൊണ്ട് പകൽസമയം വാക്സിനേഷൻ കേന്ദ്രങ്ങളിലെത്താൻ ഇവർക്കുകഴിയുന്നില്ല എന്നത് മനസ്സിലാക്കി വൈകുന്നേരങ്ങളിൽ പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു.

ഒരുഡോസ് വാക്സിൻപോലും എടുത്തിട്ടില്ലാത്ത ജീവനക്കാർക്ക് ശമ്പളം നൽകില്ലെന്ന് താനെ നഗരസഭ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പിടിച്ചുവെക്കുന്ന ശമ്പളം വാക്സിനെടുത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷമേ നൽകൂ. ഡിസംബർ ഒന്നുമുതൽ ഒന്നാംഡോസ് വാക്സിൻ സൗജന്യമായി നൽകില്ലെന്ന് നാഗ്പുർ നഗരസഭയും അറിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker