28.4 C
Kottayam
Friday, May 3, 2024

ഞാനായിരുന്നെങ്കില്‍ അവനെ ടി20 ലോകകപ്പ് ടീമിലെടുക്കും; സഞ്ജുവിനെ എഴുതിത്തള്ളാനാവില്ലെന്ന് സുരേഷ് റെയ്ന

Must read

മൊഹാലി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ടീമിലെത്തിയതോടെ മലയാളി താരം സഞ്ജു സാംസണിന്‍റെ ടി20 ലോകകപ്പ് സാധ്യതകള്‍ വര്‍ധിച്ചുവെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യൻ താരം സുരേഷ് റെയ്ന. ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് കടുത്ത മത്സരം പ്രതീക്ഷിക്കാമെന്നും റെയ്ന പറഞ്ഞു.

ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പറാവാൻ കടുത്ത മത്സരം തന്നെ പ്രതീക്ഷിക്കാം. റിഷഭ് പന്ത് ശാരീരികക്ഷമത വീണ്ടെടുത്ത് തിരിച്ചെത്തുകയും കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറായി തിളങ്ങുകയും ചെയ്താലും ഇഷാന്‍ കിഷനും ജിതേഷ് ശര്‍മയും സഞ്ജു സാംസണുമെല്ലാം ഇന്ത്യൻ ടീമിലെ നിര്‍മായക സ്ഥാനത്തേക്ക് മത്സരത്തിനുണ്ടാവും.

സഞ്ജുവിനെ ഒരിക്കലും ടി20 ലോകകപ്പ് ടീമില്‍ നിന്ന് എഴുതിത്തള്ളാനാവില്ല. പ്രത്യേകിച്ച് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ നേടിയ സെഞ്ചുറിയുടെ പശ്ചാത്തലത്തില്‍. നിര്‍ഭയനായ ക്രിക്കറ്ററും മികച്ച വിക്കറ്റ് കീപ്പറും ക്യാപ്റ്റനാക്കാന്‍ പറ്റുന്ന കളിക്കാരനുമാണ്. അവസരം കിട്ടിയപ്പോഴൊക്കെ അവന്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ അവന്‍ ലോകകപ്പ് ടീമിലുണ്ടെങ്കില്‍ ഇന്ത്യയുടെ എക്സ് ഫാക്ടറാകാന്‍ സാധ്യതയുള്ള കളിക്കാരനാണ്.

സഞ്ജുവിന് പുറമെ ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി മത്സരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവരിലാരെ എടുക്കണമെന്നത് നിര്‍ണായകമാണ്. ഞാനായിരുന്നെങ്കില്‍ പക്ഷെ സഞ്ജുവിനെ ലോകകപ്പ് ടീമിലെടുക്കും.

കാരണം, മധ്യ ഓവറുകളില്‍ പന്ത് ഉയര്‍ത്തി അടിച്ച് സിക്സ് നേടാനുള്ള അവന്‍റെ മികവ് തന്നെ. ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കുന്നതില്‍ ഐപില്ലിലെ പ്രകടനവും നിര്‍ണായകമാകും. എന്നാല്‍ അഫ്ഗഗാനിസ്ഥാനെതിരായ പരമ്പരയും സെലക്ഷനില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നും റെയ്ന ജിയോ സിനിമയിലെ ടോക് ഷോയില്‍ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week