EntertainmentKeralaNews

മക്കൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യേണ്ടി വന്നേനെ! ഒരു ജോലി വേണം; സുധിയുടെ ഭാര്യ പറയുന്നു

കൊച്ചി:പ്രേക്ഷകരെയാകെ വിഷമത്തിലാഴ്ത്തിയ വിയോഗമായിരുന്നു നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടേത്. ആ വേദനയിൽ നിന്നും അദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും ഇന്നും മുക്തരായിട്ടില്ല. മിമിക്രി വേദികളിലൂടെയാണ് കൊല്ലം സുധി ശ്രദ്ധനേടുന്നത്. പിന്നീട് സിനിമയിലും ടെലിവിഷനിലുമെല്ലാം സാന്നിധ്യം അറിയിച്ച സുധി സ്റ്റാര്‍ മാജിക്ക് ഷോയിലൂടെ മലയാളികൾക്ക് സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെ പ്രിയപ്പെട്ടവനായി മാറുകയായിരുന്നു.

ഉള്ളില്‍ നീറുന്ന സങ്കടങ്ങളുള്ളപ്പോഴും മറ്റുള്ളവരെ ചിരിപ്പിച്ചിരുന്ന കലാകാരനാണ് കൊല്ലം സുധി. ജീവിതത്തിലെ പ്രതിസന്ധികള്‍ അതിജീവിച്ച് നല്ലൊരു ജീവിതം ജീവിച്ച് തുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി മരണം കടന്നു വരുന്നതും സുധിയെ തട്ടിയെടുക്കുന്നതും. രണ്ടു മക്കളെയും ഭാര്യ രേണുവിനെ ഏല്പിച്ചു കൊണ്ടാണ് സുധി പോയത്. സുധിച്ചേട്ടന്‍ ഞങ്ങളെ വിട്ട് എങ്ങും പോവില്ലെന്നായിരുന്നു നടന്റെ വിയോഗശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ ഭാര്യ രേണു പറഞ്ഞത്. സുധിയുടെ ഓർമ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്.

Kollam Sudhi

സോഷ്യൽ മീഡിയയിൽ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്. എന്നാൽ ഇതിനു താഴെയെല്ലാം മോശം കമന്റുകളാണ് പലപ്പോഴും വരാറുള്ളത്. ഒരിടയ്ക്ക് വ്യാപകമായ സൈബർ ആക്രമണങ്ങളിലേക്കും ഇത് പോയിരുന്നു. ഇപ്പോഴിതാ അതിനോട് പ്രതികരിച്ചിരിക്കുകയാണ് സുധിയുടെ ഭാര്യ രേണു.

‘എന്റെ ഈ അവസ്ഥ വരുന്നവര്‍ക്ക് മാത്രമേ അത് മനസ്സിലാവൂ. ജീവന് തുല്യം സ്‌നേഹിച്ച ഭര്‍ത്താവ് മരിച്ചെന്നത് ഞാൻ അക്സെപ്റ്റ് ചെയ്തില്ലെങ്കിൽ എനിക്ക് തന്നെ ചിലപ്പോൾ ഭ്രാന്തായി പോകുമായിരുന്നു. മക്കൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യേണ്ടി വന്നേനെ. അതില്‍ നിന്ന് പുറത്തു കടക്കാന്‍ എന്തെങ്കിലും ഒക്കെ ചെയ്യണം. ഇന്‍സ്റ്റഗ്രാമില്‍ ഞാന്‍ ഫോട്ടോസ് ഇടുന്നത് ഏട്ടനൊപ്പമുള്ള പഴയ കാലം ഓര്‍ത്തുകൊണ്ടുള്ള സന്തോഷത്തിലാണ്. എന്റെ മനസ്സിലെ വേദന മാറ്റാനാണ്’,

‘ഏട്ടന്‍ മരിക്കുന്നതിന് കുറച്ചു നാള്‍ മുന്‍പാണ് എനിക്ക് ഫോണ്‍ വാങ്ങി തന്നത്. അതിന് ശേഷമാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോയും റീല്‍സും എല്ലാം ഇടാന്‍ തുടങ്ങിയത്. ഇപ്പോഴും ഇന്‍സ്റ്റഗ്രാം എന്താണ് അതിന്റെ റീച്ച് എന്താണ് എന്നൊന്നും എനിക്കറിയില്ല. അച്ഛനെ സ്‌നേഹിക്കുന്നവര്‍ മെസേജ് ഇടുമ്പോള്‍ മറുപടി നല്‍കണേ എന്ന് മകന്‍ കിച്ചു ആണ് എന്നോട് പറഞ്ഞത്’, രേണു പറയുന്നു.

‘ഞാന്‍ എന്റെ കാര്യങ്ങള്‍ക്ക് വേണ്ടി പുറത്തിറങ്ങുന്നതിനെ തന്നെ നെഗറ്റീവായി കാണുന്നവരുണ്ട്. മക്കളുടെ പഠനത്തിന്റെ ആവശ്യത്തിനും, എന്റെ വിധവ പെന്‍ഷന്‍ കാര്യങ്ങള്‍ക്കും, ഒരു ജോലി തരപ്പെടുത്താനും ഒക്കെയുള്ള ഓട്ടത്തിലാണ് ഞാന്‍. ഏട്ടൻ മരിച്ച സമയത്ത് ഒരുപാട് പേർ സഹായിച്ചിരുന്നു. ഫ്‌ളവേഴ്‌സുകാരാണ് ചടങ്ങുകൾ എല്ലാം നടത്തിയത്. ലക്ഷ്മി നക്ഷത്രയും, അനൂപ് സാറും എല്ലാവരും കൂടെയുണ്ട്. പക്ഷെ എല്ലാവരുടെയും സഹായം എല്ലാ കാലത്തും കിട്ടണം എന്നില്ലല്ലോ. എനിക്ക് ഇപ്പോൾ ഒരു ജോലിയാണ് ആവശ്യം’,

Kollam Sudhi

‘റേഷന്‍ കടയില്‍ നിന്ന് അരിയും മറ്റു സാധനങ്ങളും കിട്ടുന്നതുകൊണ്ട് അങ്ങനെ പോകുന്നു. അതല്ലാതെ പല ബുദ്ധിമുട്ടുകളും ഉണ്ട്, പുറത്തു പറയാന്‍ താത്പര്യമില്ല. എങ്ങനെയെങ്കിലും ഒരു ജോലി നേടിയെടുക്കണം എന്നാണ് ഇപ്പോൾ’, രേണു പറഞ്ഞു.

സുധിയുടെ രണ്ടാം ഭാര്യയാണ് രേണു. മൂത്ത മകൻ കിച്ചു കുഞ്ഞായിരിക്കുമ്പോഴാണ് ആദ്യ ഭാര്യ സുധിയെ ഉപേക്ഷിച്ച് പോയത്. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് സുധിയും രേണുവും പ്രണയിച്ച് വിവാഹിതരായത്. സ്വന്തം മകനെ പോലെയാണ് രേണു കിച്ചുവിനെ നോക്കുന്നതെന്ന് സുധി മുൻപ് പറഞ്ഞിട്ടുണ്ട്. അച്ഛൻ കൂടെയില്ലെന്നൊരു തോന്നലില്ലെന്നും രേണു തനിക്ക് രണ്ടാനമ്മയല്ല, അമ്മ തന്നെയാണെന്നും കിച്ചു അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker