എ.ടി.എമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടാല്‍ ഉപഭോക്താവിന് ദിവസം 100 രൂപ നഷ്ടപരിഹാരം; നടപടിക്രമങ്ങള്‍ ഇങ്ങനെ
മുംബൈ: എ.ടി.എം മെഷിന്റെ തകരാര്‍ മൂലം അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടാലോ അല്ലെങ്കില്‍ തന്റേതല്ലാത്ത കാരണത്താല്‍ പണം നഷ്ടപ്പെട്ടാലോ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് ആര്‍ബിഐ. കേന്ദ്ര ബാങ്കിന്റെ ഏറ്റവും പുതിയ സര്‍ക്കുലര്‍ അനുസരിച്ച് അഞ്ച് ദിവസത്തിന് ശേഷവും അക്കൗണ്ടില്‍ പണം തിരികെ എത്തിയില്ലെങ്കില്‍ ദിവസമൊന്നിന് 100 നിരക്കില്‍ നഷ്ടപരിഹാരം ലഭിക്കും. അത് ബാങ്ക് സ്വന്തം ഉത്തരവാദിത്വത്തില്‍ തിരികെ നല്‍കണം.
ആര്‍.ബി.ഐ നിര്‍ദേശമനുസരിച്ച് ഈ തുക അഞ്ച് ദിവസത്തിനകം പണം തിരികെ അക്കൗണ്ടിലേക്കിടണം. ഇതില്‍ പരാജയപ്പെടുന്ന പക്ഷം ശേഷം വരുന്ന ഒരോ ദിവസവും 100 രൂപ വീതം നഷ്ടപരിഹാരമായി നല്‍കണം.
ഇത്തരം സംഭവങ്ങളുണ്ടായാല്‍ അക്കൗണ്ടുള്ള ബാങ്കിലോ എടിഎം മെഷിന്‍ ഏതു ബാങ്കിന്റേതാണോ അവിടെയോ വേണം പരാതി നല്‍കാന്‍. പരാതി നല്‍കി 30 ദിവസത്തിന് ശേഷവും നടപടിയുണ്ടായില്ലെങ്കില്‍ ബാങ്കിംഗ് ഓംബുഡ്‌സ്മാനെ സമീപിക്കാം. ആര്‍.ബി.ഐ പോര്‍ട്ടലിലെ കംപ്ലെയിന്റ് മാനേജ്‌മെന്റ് സിസ്റ്റം വഴി പരാതി നല്‍കാം.