ഐസ്‌ക്രീം വാങ്ങി തരുമോ എന്ന് കുട്ടികളുടെ ചോദ്യം; എല്ലാവര്‍ക്കും ഐസ്‌ക്രീം വാങ്ങി നല്‍കി ഇടുക്കി സബ്കളക്ടര്‍
മൂന്നാര്‍: കുശലാന്വേഷണത്തിനിടെ ഐസ് ക്രീം വാങ്ങിത്തരുമോയെന്ന് ചോദിച്ച കുട്ടികള്‍ക്ക് ഐസ്‌ക്രീം വാങ്ങി നല്‍കി ഇടുക്കി സബ്കളക്ടര്‍ പ്രേം കൃഷ്ണ. മൂന്നാറില്‍ വിന്റര്‍ കാര്‍ണിവലില്‍ എത്തിയ കുട്ടികള്‍ക്കാണ് സബ്കളക്ടറുടെ സ്നേഹ സമ്മാനം ലഭിച്ചത്. മൂന്നാറില്‍ 15 ദിവസം നീണ്ടുനിന്ന വിന്റര്‍ കാര്‍ണിവലിന്റെ സമാപന ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യുന്നതിനാണ് കഴിഞ്ഞ ദിവസം സബ് കളക്ടര്‍ പ്രേം കൃഷ്ണ ബൊട്ടാനിക്ക് ഗാര്‍ഡനിലെത്തിയത്. 14 സ്‌കൂളുകളില്‍ നിന്നായി 600 കുട്ടികള്‍ ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഗാര്‍ഡനിലെത്തിയിരുന്നു. ഇവര്‍ ഭക്ഷണശാല സന്ദര്‍ശിക്കുന്നതിനിടെ കുട്ടികളില്‍ ഒരാള്‍ സബ് കളക്ടറോഡ് ഐസ്‌ക്രീം വേണമെന്ന ആവശ്യവുമായി എത്തുകയായിരുന്നു.
കുട്ടിയുമായി കടയിലെത്തി ഐസ്‌ക്രീം വാങ്ങുന്നതിനിടെ ഞങ്ങള്‍ക്കും ഐസ്‌ക്രീം വേണമെന്ന ആവശ്യവുമായി അവിടെ നിന്ന കുട്ടികള്‍ മുഴുവന്‍ സബ് കളക്ടറെ വളഞ്ഞു. പണം കൈവശമില്ലെന്ന് പറയുന്നതിനിടെ ആരോ മേഴ്സി ഹോമിലെ കുട്ടികളാണ് അവരെന്ന് അറിയിച്ചു. അതോടെ മുഴുവന്‍ പേര്‍ക്കും ഐസ്‌ക്രീം വാങ്ങി നല്‍കി ആഗ്രഹം സാധിച്ചു നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.