തൊടുപുഴ: പച്ചമീൻ കഴിക്കുന്നവർക്ക് തുടർച്ചയായി ഭക്ഷ്യവിഷബാധയുണ്ടാകുന്നത് ഇടുക്കിയെ ആശങ്കയിലാക്കുന്നു. നെടുങ്കണ്ടം തൂക്കുപാലത്താണ് മീൻ കഴിച്ചവരിൽ വ്യാപകമായി ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. പച്ചമീനിന്റെ അവശിഷ്ടം കഴിച്ച പൂച്ചകൾ ചാകുകയും മീൻ കഴിച്ച വിദ്യാർഥികൾ ആശുപത്രിയിലാകുകയും ചെയ്തു. ഈ ഭീതി നിലനിൽക്കെയാണ് കഴിഞ്ഞ ദിവസം വറുത്ത മീൻ കഴിച്ച സ്ത്രീയെ ആശുപത്രിയിലാക്കിയത്. ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കിയിരിക്കുകയാണ്. വിഷയത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജും ഇടപെട്ടു.
കേടാകാതിരിക്കാൻ മീനിൽ ചേർക്കുന്ന രാസവസ്തുക്കളാണ് വില്ലനെന്ന് സംശയിക്കുന്നു. രാസവസ്തുക്കളാണ് ഭക്ഷ്യവിഷബാധക്ക് കാരണമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. നിയമവിരുദ്ധമായ രാസവസ്തുക്കൾ കലർന്ന മീൻ പിടികൂടാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കിയിരിക്കുകയാണ്. മത്സ്യം, മാംസം ഉൾപ്പെടെ പഴകിയ ഭക്ഷണപദാർഥങ്ങൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കണമെന്ന് കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.
തൂക്കുപാലം മേഖലയിൽ മീൻ കഴിച്ച വിദ്യാർഥികൾ വയറുവേദനയെത്തുടർന്ന് ചികിത്സ തേടിയതോടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉണർന്ന് പ്രവർത്തിച്ചു. കർശന നടപടി സ്വീകരിക്കാൻ മന്ത്രിയും നിർദേശം നൽകി. തുടർന്ന് പരിശോധനക്കായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. പരിശോധനയിൽ ജില്ലയിൽ പലയിടത്തു നിന്നും ചീഞ്ഞ മത്സ്യം പിടികൂടി. നാലു ദിവസത്തിനിടെ 65 കിലോ മീനാണ് നശിപ്പിച്ചത്.
41 ഇടങ്ങളിൽ പരിശോധന നടത്തി. 31 സാംപിളുകൾ പരിശോധനക്കായി അയച്ചെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു. തമിഴ്നാട്ടിൽ നിന്നുമാണ് ജില്ലയിലേക്ക് കൂടുതൽ മീൻ എത്തുന്നത്. കൊല്ലം, എറണാകുളം എന്നിവിടങ്ങളിൽനിന്നും ഇടുക്കിയിലേക്ക് മീൻ എത്തുന്നുണ്ട്.
വിപണന കേന്ദ്രങ്ങളിലും ഹോട്ടലുകളിലും പരിശോധന നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം വറുത്ത മീൻ കഴിച്ച തോവാളപ്പടി വല്യാറച്ചിറ പുഷ്പവല്ലി (60) ആണ് ആശുപത്രിയിലായത്.
വഴിയോരക്കച്ചവടക്കാരിൽനിന്നാണ് മീൻ വാങ്ങിയത്. മീൻ കഴിച്ച് തലകറക്കവും അസ്വസ്ഥതയുമായതോടെ മനടക്കാൻ പറ്റാതായി. അയൽവാസികളാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുഷ്പവല്ലിയുടെ നഖങ്ങളിലടക്കം നീലനിറം വ്യാപിക്കുകയും ചെയ്തു.