ഇടുക്കി: ഡാമിൽ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് എത്താനുള്ള സാധ്യത വർധിച്ചതോടെ വൈദ്യുതി വകുപ്പ് ഇന്നു തിരുവനന്തപുരത്ത് അടിയന്തര യോഗം ചേരും.വൈദ്യുതി ബോർഡ് ചെയർമാനും ഡയറക്ടർമാരും ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന യോഗത്തിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യും.
ഡാം തുറക്കുന്നതിനു പകരം ഇടുക്കിയിൽ നിന്നുള്ള ഉത്പാദനം വർധിപ്പിച്ച് വൈദ്യുതി പുറത്തുവിൽക്കാനുള്ള സാധ്യതകളാണ് ബോർഡ് ആരായുന്നത്. ഉത്പാദനം നിലവിലുള്ളതിന്റെ ഇരട്ടിയാക്കുന്നതിലൂടെ ഡാമിലെ ജലനിരപ്പ് താഴ്ത്തി നിർത്താനാവുമെന്നതാണ് ഇതിന്റെ മെച്ചം.
ഇത്തരത്തിൽ വൈദ്യുതി വിൽക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെ ന്നും ഓർഡർ ലഭിച്ചാലുടൻ മൂലമറ്റം വൈദ്യുതി നിലയത്തിൽ ഉത്പാദനം വർധിപ്പിക്കാനുമാണ് പദ്ധതി.ഉപഭോഗം കുറവായതോടെ അഞ്ചു മില്യണ്‍ യൂണിറ്റിൽ താഴെയാണ് ഇടുക്കിയിലെ പ്രതിദിന ഉത്പാദനം. നിലവിലെ സാഹചര്യത്തിൽ പ്രതിദിനം പത്തു മില്യണ്‍ യൂണിറ്റ് വരെ മൂലമറ്റം നിലയത്തിൽ നിന്ന് ഉത്പ്പാദിപ്പിക്കാനാവും.