കൊച്ചി: കുട്ടികളുടെ അടക്കം അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി റെയ്ഡ്. ലോക്ക്ഡൗണ്‍ കാലയളവില്‍ സൈബര്‍ ഡോം, ഹൈടെക്ക് എന്‍ക്വയറി സെല്‍ എന്നിവയുടെ നേതൃത്വത്തിലാണ് ‘ഓപ്പറേഷന്‍ പി ഹണ്ട്’ എന്ന പേരിട്ടിരിക്കുന്ന റെയ്ഡ് നടക്കുന്നത്.
കഴിഞ്ഞ രണ്ടുമാസത്തിനിടെ സൈബര്‍ ഡോം നടത്തിയ നിരീക്ഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. കുട്ടികളുടെ അടക്കം അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന വലിയൊരു സംഘത്തെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിരുന്നു. കുട്ടികളുടെ അടക്കം അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച 150 മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വാട്സ്ആപ്പിലും ടെലഗ്രാമിലും അടക്കം മലയാളികള്‍ അഡ്മിനായുള്ള ആറ് ഗ്രൂപ്പുകള്‍ ഉണ്ടെന്നും കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, സൈബര്‍ ഡോം മേധാവി എഡിജിപി മനോജ് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ഒരു ടീം രൂപീകരിച്ചിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്താന്‍ തീരുമാനിച്ചത്. നിലവില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സൈബര്‍ ഡോമിന്റെയും ഹൈടെക്ക് എന്‍ക്വയറി സെല്ലിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ റെയ്ഡ് നടക്കുകയാണ്. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.