നടിയെ ആക്രമിച്ച കേസില്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂറുമാറി
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി ഉപദ്രവിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂറുമാറി. പോലീസിന് നല്‍കിയ മൊഴിയില്‍നിന്നു വ്യത്യസ്തമായാണ് അദ്ദേഹം കോടതിയില്‍ മൊഴി നല്‍കിയത്. എട്ടാം പ്രതിയായ നടന്‍ ദിലീപ് സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തി എന്നാരോപിച്ച് ആക്രമിക്കപ്പെട്ട നടി അമ്മയില്‍ നേരത്തെ പരാതി നല്‍കിയിരുന്നു.
എന്നാല്‍ രേഖാമൂലം പരാതി കിട്ടിയില്ലെന്നായിരുന്നു സംഘടനയുടെ വാദം. അങ്ങനെയൊരു പരാതിയെക്കുറിച്ച് ഓര്‍ക്കുന്നില്ലെന്നാണു വിസ്താരത്തിനിടെ ബാബു പറഞ്ഞത്. പ്രതിക്ക് അനുകൂലമായി മൊഴി മാറ്റിയതോടെ ഇടവേള ബാബു കൂറുമാറിയതായി പ്രഖ്യാപിക്കണമെന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
നടിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്നു തോന്നിയിരുന്നു. ദിലീപുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ എന്തിനാണ് ഇടപെടുന്നതെന്നു ദിലീപിനോട് ചോദിച്ചു. ഒരു സ്റ്റേജ് പരിപാടിക്കിടെ നടിയും ദിലീപും തമ്മില്‍ തര്‍ക്കമുണ്ടായി. അതിനുശേഷം കാവ്യയും നടിയും തമ്മില്‍ മിണ്ടാതായി എന്നാണു ബാബു നേരത്തെ നല്‍കിയ മൊഴി.