ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയിലെ ചേരി തകര്‍ത്തതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും അമിത് ഷാ പിന്‍വലിക്കുകയും കുടിയൊഴിപ്പിക്കപ്പെട്ട എല്ലാവരെയും പുനരധിവസിപ്പിക്കുകയും ചെയ്താല്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
‘ചേരിയിലെ ജനങ്ങള്‍ക്കെതിരെ നിങ്ങള്‍ നല്‍കിയ എല്ലാ കേസുകളും പിന്‍വലിക്കുക. അവര്‍ കുടിയൊഴിപ്പിക്കപ്പെട്ട അതേ ഭൂമിയില്‍ എല്ലാവര്‍ക്കും വീട് നല്‍കും എന്ന് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുക. ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു. അല്ലാത്തപക്ഷം കെജ്രിവാള്‍ എവിടേക്കെങ്കിലും ഓടി പോകും എന്ന് കരുതേണ്ട” കെജ്രിവാള്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഡല്‍ഹിയിലെ ചേരികള്‍ തകര്‍ക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും കെജ്രിവാള്‍ ആരോപിച്ചു. അവര്‍ക്ക് ആദ്യം വേണ്ടത് നിങ്ങളുടെ വോട്ടും തിരഞ്ഞെടുപ്പിന് ശേഷം നിങ്ങളുടെ ഭൂമിയുമാണ്. ബി ജെ പിയുടെ ‘ജഹാന്‍ ജുഗ്ഗി വഹന്‍ മകാന്‍’ പദ്ധതിയേയും അദ്ദേഹം തള്ളിക്കളഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ചേരിനിവാസികള്‍ക്കായി 4700 ഫ്ളാറ്റുകള്‍ മാത്രമാണ് നിര്‍മ്മിച്ചതെന്ന് കെജ്രിവാള്‍ പറഞ്ഞു.
ഇത് കാരണം നഗരത്തിലെ 4 ലക്ഷം ചേരി കുടുംബങ്ങള്‍ അനാഥമായി എന്നും ഈ വേഗതയില്‍ എല്ലാവര്‍ക്കും വീട് നല്‍കാന്‍ 1000 വര്‍ഷമെടുക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിസംബര്‍ 27 ന് ചേരി പ്രദേശങ്ങളുടെ ഭൂവിനിയോഗം ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ മാറ്റിയെന്നും തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ അവ പൊളിക്കുന്നതിന് വഴിയൊരുക്കിയതായും അദ്ദേഹം ആരോപിച്ചു. സെപ്തംബര്‍ 30ന് ചേരികള്‍ കൈവശപ്പെടുത്തിയ ഭൂമി റെയില്‍വേ ടെന്‍ഡര്‍ ചെയ്തതായി അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഹര്‍ദീപ് സിംഗ് പുരി കെജ്രിവാളിന്റെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളും മറ്റ് ചേരി പുനരധിവാസ പദ്ധതികളും ഡല്‍ഹിയിലെ എഎപി സര്‍ക്കാര്‍ ബോധപൂര്‍വം വൈകിപ്പിച്ചതായി അദ്ദേഹം തിരിച്ചടിച്ചു. അനധികൃത കോളനികള്‍ നിയന്ത്രിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണ് എന്നും എന്നാല്‍ എഎപി സര്‍ക്കാര്‍ സഹകരിച്ചില്ല എന്നും പുരി പറഞ്ഞു.
എഎപിയുടെ സ്വന്തം ഭരണപരാജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കെജ്രിവാള്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളുമായി വരുന്നത്. ചേരി പുനരധിവാസ പദ്ധതികള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 2017 ല്‍ താന്‍ ഡല്‍ഹി സര്‍ക്കാരിന് ഒരു കത്ത് അയച്ചിരുന്നു. എന്നാല്‍ ആദ്യം സര്‍വേ നടത്തണമെന്ന് അവര്‍ നിര്‍ബന്ധിച്ചു. ചേരി നിവാസികള്‍ക്കുള്ള ഭവന പദ്ധതികളെ പിന്തുണയ്ക്കാതെയാണ് എഎപി നേതാക്കള്‍ ഭൂമി ഏറ്റെടുക്കുന്നതില്‍ താല്‍പര്യം കാണിച്ചതെന്നും പുരി ആരോപിച്ചു.
ഡല്‍ഹിയില്‍ തുടര്‍ച്ചയായി മൂന്നാം തവണയും അധികാരം ഉറപ്പിക്കാനാണ് എഎപി ലക്ഷ്യമിടുന്നത്. 2020ല്‍ 70ല്‍ 62 സീറ്റുകളും നേടിയ പാര്‍ട്ടി, ചേരി നിവാസികള്‍ ഉള്‍പ്പെടെയുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങള്‍ക്കിടയില്‍ തങ്ങളുടെ വോട്ടര്‍ അടിത്തറ ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ്.