‘എറണാകുളം മുഴുവൻ ഞാൻ നടന്ന് പോയിട്ടുണ്ട്, കാർ വാങ്ങിയത് വിവാദമാക്കുന്നവർക്ക് അതറിയില്ല; മമ്മൂക്കക്ക് അറിയാം
കൊച്ചി:മലയാളത്തിലെ യുവതാരങ്ങളിലെ പ്രധാനിയാണ് നടൻ ഉണ്ണി മുകുന്ദൻ. സിനിമ പാരമ്പര്യങ്ങൾ ഒന്നുമില്ലാതെ മലയാള സിനിമയുടെ പടി കടന്നെത്തിയ ഉണ്ണി മുകുന്ദൻ ഇന്ന് നടനായും നിർമ്മാതാവായുമെല്ലാം തന്റേതായ ഒരിടം കണ്ടെത്തി കഴിഞ്ഞു. തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ലോഹിതദാസിനെ പരിചയപ്പെട്ടതാണ് ഉണ്ണി മുകുന്ദന്റെ കരിയറിൽ വഴിത്തിരിവായത്.
2002 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദൻ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ വെള്ളിത്തിരയിലേക്ക് എത്തുന്നത്. 2011 ലാണ് ചിത്രം റിലീസ് ചെയുന്നത്. അതേവർഷം തന്നെ ബോംബേ മാർച്ച് 12 എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കുകയായിരുന്നു.
ലോഹിതദാസിന് എഴുതിയ ഒരു കത്തിലൂടെയാണ് താൻ സിനിമയിലേക്ക് എത്തിയതെന്ന് ഉണ്ണി മുകുന്ദൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, അതേക്കുറിച്ച് പറയുകയാണ് ഉണ്ണി മുകുന്ദൻ. താൻ പുതിയ കാർ വാങ്ങിയതിന്റെ പേരിൽ വിവാദമുണ്ടാകുമ്പോൾ അതിൽ വിഷമം ഇല്ലെന്നും പകരം കാറൊന്നും ഇല്ലാതിരുന്ന സമയത്ത് സെറ്റിൽ വെയിൽ കൊള്ളാതിരിക്കാൻ പിടിച്ചിരുന്ന 13 കുടകൾ നഷ്ടമായതിലാണ് വിഷമമെന്നും ഉണ്ണി പറയുന്നു. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
സിനിമാ സ്വപ്‌നങ്ങളുമായി ഞാന്‍ ഗുജറാത്തില്‍ നിന്ന് കേരളത്തിലേക്ക് വണ്ടി കയറുമ്പോള്‍ എന്റെ സുഹൃത്ത് എടുത്ത എന്റെയൊരു ഫോട്ടോ ഇപ്പോഴും ആല്‍ബത്തില്‍ ഉണ്ട്. ആ ദിവസം എനിക്ക് മറക്കാന്‍ പറ്റില്ല. അന്ന് ലോഹിതദാസ് സാറിന് കത്ത് എഴുതുമ്പോള്‍ പോലും അത് അദ്ദേഹം വായിക്കുക പോലും ചെയ്യില്ലെന്നാണ് കരുതിയത്. അച്ഛനാണ് ആ കത്ത് അയച്ചത്. രജിസ്റ്റേർഡ് ആയിട്ടാണ് അയച്ചത്. കത്ത് തിരിച്ചുവരാതായപ്പോള്‍ അച്ഛന്‍ പറഞ്ഞു കിട്ടിക്കാണുമെന്ന്.
അങ്ങനെയിരിക്കെ ഒരു മാസം കഴിഞ്ഞപ്പോഴാണ് സാറിന്റെ കോള്‍ വരുന്നത്. അപ്പോഴാണ് ഞാനത് വിശ്വസിച്ചത്. പക്ഷെ ആ കത്തിനും കോളിനുമിടയിൽ എന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. കോളേജ് ജീവിതം അവസാനിപ്പിച്ച് ഞാൻ ജോലിയ്ക്ക് പോയി തുടങ്ങിയിരുന്നു. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വീട്ടില്‍ വന്ന് ഉറങ്ങുമ്പോഴായിരുന്നു സാറിന്റെ കോള്‍ വന്നത്.
അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ് വിളിച്ചത്. അദ്ദേഹം ഞാൻ ചെന്നപ്പോൾ എന്നോട് വളരെ നല്ല രീതിയിലാണ് പെരുമാറിയതൊക്കെ. അതിനു ശേഷമുള്ള എന്റെ ജീവിതം സിനിമാറ്റിക് ആയിട്ടാണ് എനിക്ക് തോന്നുന്നത്.
ഞാന്‍ ജോലി ചെയ്ത സ്ഥലത്ത് ഒരു മാസം ലീവ് ചെയ്യാതെ ജോലി ചെയ്യാല്‍ രണ്ടര ദിവസത്തെ ഓട്ടോലീവ് കിട്ടും. പെയ്ഡ് ലീവ്. അങ്ങനെ മൂന്ന് മാസം ലീവ് എടുക്കാതെ ജോലി ചെയ്താല്‍ എനിക്ക് എട്ട് ദിവസത്തെ ലീവ് കിട്ടും. ആ ലീവ് എടുത്ത് നാട്ടില്‍ വന്ന് സിനിമയിലെ അവസരങ്ങള്‍ക്ക് വേണ്ടി അലയും.
എന്നാൽ യാത്രയ്ക്ക് മൂന്ന് നാല് ദിവസം പോകും. കാണാമെന്ന് പറയുന്നവരെ ആ സ്ഥലത്തു വെച്ച് കാണാൻ കഴിയില്ല അപ്പോഴേക്കും എന്റെ ലീവ് കഴിയും. തിരിച്ചു പോരേണ്ടി വരും. എന്റെ മൂന്ന് മാസത്തെയും എട്ട് ദിവസത്തെയും കഷ്ടപ്പാടാണ് അവിടെ ഇല്ലാതാവുന്നത്. അങ്ങനെ തേടിയും അലഞ്ഞുമാണ് ഓരോ അവസരങ്ങളും നേടിയെടുത്തതെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഇന്ന് ഞാന്‍ ഒരു വലിയ വണ്ടി വാങ്ങി എന്ന് പറഞ്ഞ് അത് വിവാദമായി. എന്നാൽ ഈ എറണാകുളം സിറ്റി മുഴുവന്‍ ഞാന്‍ നടന്ന് പോയിട്ടുണ്ട് അതൊന്നും ആര്‍ക്കും അറിയില്ല. ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്ന് തേവര വരെയൊക്കെ നടന്ന് പോയിട്ടുണ്ട്.
വണ്ടി ഇല്ലാത്ത കാലത്ത് കുടയും ചൂടിയാണ് ഓരോ ലൊക്കേഷനിലും അവസരം ചോദിച്ചും, സിനിമയുടെ മീറ്റിങിനും അല്ലാതെയും ഒക്കെ പോകുന്നത്. എന്റെ പതിമൂന്ന് കുടകള്‍ പല ലൊക്കേഷനുകളില്‍ നിന്നായി നഷ്ടപ്പെട്ടിട്ടുണ്ട്.
ആ കഥയൊക്കെ മമ്മൂക്കയ്ക്ക് അറിയാം. അദ്ദേഹം ഇതൊക്കെ ശ്രദ്ധിച്ചിട്ടുണ്ട്. അപ്പോൾ ഈ ആളുകൾ പറയുന്നതിൽ ഒന്നുമല്ല എന്റെ വിഷമം അന്നത്തെ കുടകൾ പോയതാണ്. അത്രയും കഷ്ടപ്പെട്ടതിന് ശേഷമാണ് ഇന്ന് എനിക്ക് സ്വന്തമായി വാഹനങ്ങളൊക്കെ വന്നതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.