ആരും കേസുമായി വരരുത്; രണ്ട് ഭാര്യമാര്‍ എനിക്കുണ്ട്! സിനിമാ പ്രൊമോഷനിടെ രസകരമായ കഥ പറഞ്ഞ് മമ്മൂട്ടി
കൊച്ചി:പുതിയ വര്‍ഷത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന സിനിമ ആദ്യ സിനിമ റിലീസിനെത്തുകയാണ്. കഴിഞ്ഞ വര്‍ഷം ഭീഷ്മപര്‍വ്വം പോലെ സൂപ്പര്‍ഹിറ്റ് സിനിമയുമായി എത്തിയ താരം ഇത്തവണയും മിന്നിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയാണ് ഉടന്‍ റിലീസിനെത്തുന്നത്.
ജനുവരി പത്തൊന്‍പതിന് തിയറ്ററുകളിലേക്ക് എത്തുന്ന സിനിമയുടെ വിശേഷങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്നത്. അതേ സമയം സിനിമയിലെ നായികമാരെ കുറിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങളും വൈറലായി. തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന തരത്തില്‍ മമ്മൂട്ടി നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ ആരാധകരും ഏറ്റുപിടിച്ചത്.
നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ പ്രചരണത്തിന് എത്തിയതായിരുന്നു മമ്മൂട്ടി അടക്കം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. മാധ്യമങ്ങളുമായി സംവദിക്കുന്നതിനിടയില്‍ ഈ ചിത്രത്തിലെ ഓരോ താരങ്ങളും കഥാപാത്രങ്ങളുമായി എത്രത്തോളം അടുത്ത് നില്‍ക്കുന്നുണ്ടെന്ന് പറയാന്‍ ശ്രമിച്ചു. ഇതിന് പിന്നാലെയാണ് തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്നും അതുകേട്ട് ആരും കേസ് കൊടുക്കാന്‍ നില്‍ക്കരുതെന്നും മമ്മൂട്ടി പറഞ്ഞത്.
‘ഈ പടത്തില്‍ എനിക്ക് രണ്ട് നായികമാരാണ്. രണ്ട് പേരും എന്റെ ഭാര്യമാരായിട്ടാണ് അഭിനയിക്കുന്നത്. ആരും കേസൊന്നും കൊടുക്കാന്‍ പോവരുത്. സിനിമയിലാണ്. ഒന്ന് തമിഴ് ഭാര്യ, ഒന്ന് മലയാളം ഭാര്യ’, എന്നുമാണ് തമാശരൂപേണ മമ്മൂട്ടി പറഞ്ഞത്. പിന്നാലെ സിനിമയിലെ നായികമാരെ കുറിച്ചും ഷൂട്ടിങ്ങിനിടയില്‍ ഉണ്ടായ രസകരമായ അനുഭവങ്ങളും താരം പങ്കുവെച്ചു.
ഒരു നായിക ഭയങ്കര ഡാന്‍സറാണ്. ഷൂട്ടിങ്ങ് സമയത്ത് പനിയൊക്കെ വരും. സത്യത്തില്‍ പേടിച്ച് പനിക്കുന്നതാണ്. അവിടുത്തെ കാലവസ്ഥ വളരെ മോശമായിരുന്നു. ചൂട് കൂടുതലായിരുന്നു. ഇദ്ദേഹത്തിന് പനി എപ്പോള്‍ വരുമെന്നോര്‍ത്ത് ഭയന്നാണ് ഞങ്ങള്‍ ഷൂട്ടിങ്ങ് മുന്നോട്ട് കൊണ്ട് പോയി കൊണ്ടിരുന്നത്.
പനി വന്നാല്‍ വേറെ ചില കുഴപ്പങ്ങള്‍ കൂടി ഉണ്ടായിരുന്നു. അഭിനയിച്ച് വന്നാല്‍ പിന്നെ കുറച്ച് നേരത്തേക്ക് തളര്‍ന്ന് ക്ഷീണിച്ചൊക്കെ ഇരിക്കും. അഭിനയം വല്ലാത്തൊരു അധ്വാനമാണെന്ന് എനിക്കപ്പോഴാണ് മനസിലായത്. അത്രത്തോളം കഥാപാത്രങ്ങളുമായി അവര്‍ അടുത്തിടപഴകിയിരുന്നു.
സിനിമയിലെ രണ്ട് നായികമാരുടെ പേരും രമ്യ എന്നാണ്. ഒരാള്‍ രമ്യ പാണ്ഡ്യനും മറ്റെയാള്‍ രമ്യ സുധിയും. ഒരേ പേരില്‍ രണ്ട് പേരെ ഞങ്ങളങ്ങ് സംഘടിപ്പിച്ചു. രമ്യ പാണ്ഡ്യന്‍, അരുണ്‍ പാണ്ഡ്യന്‍ എന്ന നടന്റെ അനിയന്റെ മകളാണ്.
സിനിമയുമായി കുറച്ചൂടി അടുത്ത് നില്‍ക്കുന്ന ആളാണ്. ഇപ്പോള്‍ സ്ഥിരമായി അഭിനയിക്കുന്നുണ്ടെന്നും മമ്മൂട്ടി പറയുന്നു. പിന്നാലെ രമ്യ പാണ്ഡ്യനും വേദിയില്‍ സംസാരിച്ചിരുന്നു. തനിക്ക് മലയാളം അത്ര നന്നായി അറിയില്ലെന്ന് പറഞ്ഞാണ് നടി തമിഴിലും മലയാളത്തിലുമായി സംസാരിച്ചത്.
വേളാങ്കണ്ണിയില്‍ തീര്‍ഥാടനത്തിന് പോയിട്ട് തിരികെ വരുന്ന ഒരു പ്രൊഫഷണല്‍ നാടകസംഘത്തെ സംബന്ധിക്കുന്ന കഥയാണ് നന്‍പകല്‍നേരത്ത് മയക്കം എന്ന സിനിമയിലൂടെ പറയുന്നത്. എസ് ഹരീഷ് തിരക്കഥ ഒരുക്കുന്ന ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയ്ക്ക് പുറമേ, അശോകന്‍, രമ്യ പാണ്ഡ്യന്‍, എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.