കൊച്ചി:സ്വാസികയെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മലയാളത്തിൽ ഒരിടവേളയ്ക്ക് ശേഷം എത്തിയ ഇറോട്ടിക് ഗണത്തിൽ പെടുന്ന ചിത്രമാണിത്. റോഷൻ മാത്യു, അലൻസിയർ തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്.
ചിത്രത്തിൽ സെലേന എന്ന കഥാപാത്രത്തെയാണ് സ്വാസിക അവതരിപ്പിക്കുന്നത്. മലയാള മിനിസ്ക്രീൻ, ബിഗ് സ്ക്രീൻ പ്രേക്ഷകർക്ക് ഒരുപോലെ സുപരിചിതയായ സ്വാസിക ഇതുവരെ കാണാത്ത വേഷത്തിലാണ് ചതുരത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. വളരെ ഗ്ലാമറസ് ആയ വേഷമാണ് നടി കൈകാര്യം ചെയ്തിരിക്കുന്നത്.
അധികമാരും ഏറ്റെടുക്കാൻ തയ്യാറാത്ത വിധത്തിലുള്ള കഥാപാത്രത്തെ ഏറ്റെടുത്ത് മനോഹരമാക്കിയിട്ടുണ്ട് സ്വാസിക. സിനിമ കണ്ട പ്രേക്ഷകർ എല്ലാം സ്വാസികയ്ക്ക് കയ്യടിക്കുകയാണ്. സെലേന എന്ന കഥാപാത്രത്തെ അതിന്റെ പൂർണതയിൽ എത്തിക്കാൻ സ്വാസികയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്.
ഇപ്പോഴിതാ, സെലേന എന്ന വേഷം അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല എന്ന് പറയുകയാണ് സ്വാസിക. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ചും അതിനടുത്ത തയ്യാറെടുപ്പുകൾ കുറിച്ചും മനസ് തുറക്കുകയാണ് സ്വാസിക ഇപ്പോൾ. നല്ല കുട്ടി ഇമേജ് പോകുമെന്ന ഭയം തനിക്ക് ഉണ്ടായിരുന്നില്ലെന്നും എല്ലാ രംഗങ്ങളും താൻ തന്നെ ചെയ്തത് ആണെന്നും സ്വാസിക പറയുന്നുണ്ട്.
‘മറ്റെല്ലാ സീനുകൾ ചെയ്തപ്പോൾ തോന്നിയത് തന്നെയാണ് ഇന്റിമേറ്റ് സീനുകൾ ചെയ്‌തപ്പോഴും തോന്നിയത്. അലൻ ചേട്ടൻ ആയാലും റോഷൻ ആയാലും ഞാനുമായി സംസാരിച്ച് നമുക്ക് കംഫര്‍ട്ടബിൾ ആയി എങ്ങനെ ഒരു സീൻ ചെയ്യാം എന്ന് തീരുമാനിച്ചാണ് ക്യാമറക്ക് മുന്നിൽ എത്തുന്നത്. സിനിമ കാണുമ്പോൾ പ്രേക്ഷകന് ഉണ്ടാകുന്ന മനോഭാവം അല്ല അഭിനയിക്കുമ്പോൾ താരങ്ങൾക്ക് ഉണ്ടാകുന്നത്. റിഹേഴ്സൽ ചെയ്തും വീണ്ടും വീണ്ടും ടേക്ക് എടുത്തുമാണ് ഒരു രംഗം പൂർത്തിയാക്കുന്നത്,’
‘ഇന്റിമേറ്റ് സീനുകളെക്കാൾ ചാലഞ്ചിങ് ആയിട്ട് തോന്നിയത് സെലേന എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങൾ കൊണ്ടുവരാൻ ആയിരുന്നു. ഗ്രേസ്ഫുൾ ആയ വാക്കിലും നോക്കിലും ഇരിപ്പിലും നടപ്പിലും ചിരിയിലും എല്ലാം മനോഹാരിതയുള്ള ഒരു കഥാപാത്രമായിട്ടാണ് സെലേനയെ സിദ്ധുവേട്ടൻ കഥാപാത്ര സൃഷ്ട്ടി നടത്തിയിരുന്നത്. സെലേന ആയി മാറാൻ സ്വാസിക എന്ന വ്യക്തിയെ പൂർണമായും മറക്കേണ്ടി വന്നു. ഇത്തരമൊരു കഥാപാത്രം ആദ്യമായിട്ടാണ് അത് നല്ല വെല്ലുവിളി ആയിരുന്നു,’ സ്വാസിക പറഞ്ഞു.
ഈ സിനിമ റിലീസ് ചെയ്യുമ്പോൾ ഒരുപാട് ചർച്ചകളുണ്ടാകുമെന്നും വിമർശനങ്ങൾ വരുമെന്നും ഉറപ്പുണ്ടായിരുന്നെന്നും. അതെല്ലാം മുന്നിൽ കണ്ടാണ് സിനിമയെടുത്തെന്നും നടി പറഞ്ഞു. നല്ല കുട്ടി ഇമേജ് പോകുമെന്ന പേടി തനിക്ക് ഉണ്ടായിരുന്നില്ലെന്നും സ്വാസിക പറഞ്ഞു.
‘ഞാൻ അഭിനയിച്ചിട്ടുള്ള കഥാപാത്രത്തെ കണ്ടിട്ടാണ് എന്നെക്കുറിച്ചുള്ള ധാരണ ഓരോരുത്തരും ഉണ്ടാക്കിയിരിക്കുന്നത്. ഏതു കഥാപാത്രം ചെയ്താലും ആ കഥാപാത്രമായിട്ടായിരിക്കും പ്രേക്ഷകർ നമ്മെ കാണുന്നത്. എന്റെ സീത എന്ന കഥാപാത്രത്തെ എല്ലാവർക്കും ഇഷ്ടമായിരുന്നു അതാണ് എനിക്ക് അങ്ങനെ ഒരു ഇമേജ് വന്നത്. ഇതെല്ലാം ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ മാത്രമാണ്.
‘ചതുരത്തിലെ കഥാപാത്രത്തെ കണ്ടിട്ട് എന്നെക്കുറിച്ച് മോശമായി ധരിക്കുന്നവരോട് ഒന്നും പറയാനില്ല. ഒരു കഥാപാത്രം ഡിമാൻഡ് ചെയ്യുന്ന തരത്തിൽ അഭിനയിക്കാൻ മടിയില്ല. ചിത്രത്തിൽ ഡ്യൂപ് ഒന്നുമില്ല. എല്ലാ സീനുകളും ഒറിജിനൽ ആണ്. ഡ്യൂപ് ആണ് അഭിനയിച്ചതെന്ന് ചില കമന്റുകൾ കണ്ടു. ഞാൻ ഇതിനു മുൻപ് എന്റെ ശരീരഭാഗങ്ങൾ കാണിക്കുന്ന വസ്ത്രം ധരിച്ചിട്ടില്ല. അതുകൊണ്ട് എന്റെ ശരീരം എങ്ങനെയാണെന്ന് ആളുകൾക്ക് അറിയില്ല,’
‘സിനിമയിൽ കാണിച്ചത് എന്റെ കാലുകൾ തന്നെയാണ്. എന്റെ കാലുകൾ അത്യാവശ്യം ഭംഗിയുള്ളതാണ്. സെലേന എന്ന കഥാപാത്രത്തിന് ആവശ്യമായ കാര്യങ്ങൾ എല്ലാം ഞാൻ ചെയ്തിട്ടുണ്ട്. ചതുരത്തിന്റെ ട്രെയിലർ ഇറങ്ങിയപ്പോൾ തന്നെ ഇന്റിമേറ്റ് സീനുകളെപ്പറ്റി വിമർശനങ്ങളും അഭിപ്രായങ്ങളും വന്നിരുന്നു. അത് ഒന്നുരണ്ടു സീനുകൾ മാത്രം കണ്ടു ജഡ്ജ് ചെയ്യുന്നതിന്റെ കുഴപ്പമാണ്. ആ സീനുകളുടെ ആവശ്യം എന്തായിരുന്നുവെന്ന് സിനിമ കണ്ടാൽ അല്ലെ അറിയൂ,’
‘ചിത്രം ഇറങ്ങിക്കഴിഞ്ഞു കിട്ടുന്ന പ്രതികരണങ്ങൾ വളരെ നല്ലതാണ്. ഞങ്ങളുടെ പെർഫോമൻസ് വിലയിരുത്തിയിട്ടാണ് പ്രതികരണങ്ങൾ വരുന്നത്. കാലോ കയ്യോ കാണുന്നതിന് പകരം സിനിമയുടെ മൊത്തത്തിലുള്ള വിലയിരുത്തലാണ് ആളുകൾ ഇപ്പോൾ നടത്തുന്നത്. കുടുംബ പ്രേക്ഷകർ തിയറ്ററിൽ എത്തുന്നുണ്ട്, അത് ചിത്രത്തിന്റെ വിജയമായിട്ടു കാണുന്നു,’