ഡബിള്‍ മീനിങ് വരികളുള്ള പാട്ട് എനിക്ക് മനസിലാവില്ല; കെ.എസ് ചിത്ര
കൊച്ചി:ഡബിള്‍ മീനിങ് വരികളുള്ള തനിക്ക് മനസിലാവാറില്ലെന്ന് ഗായിക കെ.എസ് ചിത്ര. കരിയറില്‍ താന്‍ എല്ലാത്തരം ഗാനങ്ങളും താന്‍ പാടിയിട്ടുണ്ട്. എന്നാല്‍ തമിഴില്‍ ഒരു ഗാനം മോശമാണെന്ന് തോന്നിയപ്പോള്‍ അത് പാടാന്‍ ബുദ്ധിമുട്ടുണ്ടെന്ന് താന്‍ അറിയിച്ചിരുന്നു. അത് പ്രശ്‌നമാവുകയും ചെയ്തു എന്നാണ് ചിത്ര പറയുന്നത്.
”പച്ചയ്ക്ക് വരുന്ന, നമുക്ക് പാടാന്‍ ഒരു സങ്കോചം തോന്നുന്ന വരികള്‍ ഒന്ന് രണ്ടു തവണ വന്നപ്പോള്‍ ആ വരി മാറ്റമോ എന്ന് ഞാന്‍ അപേക്ഷിച്ചിട്ടുണ്ട്. പക്ഷേ തമിഴിലെ വളരെ പ്രശസ്തനായ, മുതിര്‍ന്ന ഒരു കവിയുടെ വരികള്‍ ആയിരുന്നു. ഞാന്‍ അത് ചോദിച്ചത് അദ്ദേഹത്തിന് ഇഷ്ടമായില്ല.”
”അത് വലിയൊരു പ്രശ്‌നമായി. ഇളയരാജ സാറിന്റെ അടുത്ത് പരാതിയെത്തി. ഒരു റെക്കോര്‍ഡിംഗിന് പോയപ്പോള്‍ രാജ സാര്‍ വിളിച്ച് ഉപദേശിച്ചു. ഓരോരുത്തര്‍ക്ക് ഓരോ ജോലി പറഞ്ഞിട്ടുണ്ട്. അത് ചെയ്യുക. അദ്ദേഹം ചീത്ത വരികള്‍ എഴുതണം എന്ന ആഗ്രഹം കൊണ്ട് എഴുതുന്നതല്ല. ആ സിനിമയുടെ സിറ്റുവേഷന് വേണ്ടിയാണ് എഴുതിയിരിക്കുന്നത്.”
”അത് മാറ്റാന്‍ പറയാന്‍ നിനക്ക് അധികാരമില്ല. നിന്റെ ജോലി ആ പാട്ട് നിന്റെ ശബ്ദത്തിലൂടെ പാടി കൊടുക്കുക എന്നത് മാത്രമാണ്. അതിലൊന്നും ഇങ്ങനെ പറയാന്‍ പാടില്ല എന്ന് പറഞ്ഞു. അച്ഛന്‍ മകള്‍ക്ക് നല്‍കുന്ന ഉപദേശം പോലെയാണ് ഞാന്‍ അത് എടുത്തത്. ഡബിള്‍ മീനിങ് ഉള്ള പാട്ട് പാടുന്നതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിച്ചിരുന്നു.”
”മുമ്പ് ഡബിള്‍ മീനിങ് ഉള്ള പാട്ടു പാടിയെന്ന് പറഞ്ഞ് ഒരാള്‍ അതിനെ കുറിച്ച് ചോദിച്ചിരുന്നു. എനിക്ക് അത് ഡബിള്‍ മീനിങ് ആണെന്ന് മനസിലായില്ല. ഭക്തിയുടെ രീതിയിലാണ് ഞാന്‍ ആ പാട്ട് മനസിലാക്കിയത്. നിനക്ക് തമിഴൊക്കെ അറിയുന്നതല്ലേ, വരികള്‍ കേട്ടപ്പോള്‍ വേണ്ട എന്ന് പറയാമായിരുന്നില്ലേ.”
”ഇത്രയധികം പാട്ടുകള്‍ പാടിയ ആള്‍ക്ക് പറ്റില്ലെങ്കില്‍ വേണ്ടെന്ന് വയ്ക്കാമെന്നും ഇളയരാജ സര്‍ പറഞ്ഞു തന്നു. ഇനി ഡബിള്‍ മീനിങ് ആണെന്ന് പറഞ്ഞ് വരുന്നവരോട് ഞാന്‍ ഭക്തി ഗാനങ്ങള്‍ പാടിയിട്ടുണ്ട്, അത് കേള്‍ക്കൂ എന്ന് പറയണം. അതിന് ശേഷം ഒരു പാട്ടും ഞാന്‍ വരികള്‍ കാരണം പാടില്ലെന്ന് പറഞ്ഞിട്ടില്ല” എന്നാണ് ചിത്ര പറയുന്നത്.