അല്ലു അർജുൻ ആരാധകർക്കെതിരെ കേസെടുത്ത് ഹൈദരബാദ് പൊലീസ്, നടപടി തെലങ്കാന മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപത്തിൽ
ഹൈദരാബാദ് : അല്ലു അർജുൻ ആരാധകർക്കെതിരെ കേസെടുത്ത് ഹൈദരബാദ് പൊലീസ്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിന്മേലാണ് നടപടി. ഹൈദരാബാദ് സ്വദേശിയായ രാജ്‌കുമാർ നൽകിയ പരാതിയിലാണ് കേസെടുത്തത്. അല്ലു അർജുന്റെ അറസ്റ്റിന് പിന്നാലെയായിരുന്നു അധിക്ഷേപ പോസ്റ്റുകൾ.
പുഷ്പ-2 റിലീസിംഗ് ദിനത്തിലെ തിരക്കിനിടെ പരിക്കേറ്റ 9 വയസുകാരന് മസ്തിഷ്ക മരണം സംഭവിച്ചതായി ഹൈദരാബാദ് പൊലീസ് അറിയിച്ചു. കുട്ടി വെന്ർറിലേറ്ററിൽ തുടരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. പുഷ്പ 2 ആദ്യ ദിന പ്രദർശനത്തിനായി അല്ലു അർജുൻ എത്തിയ തിയേറ്ററിലെ തിരക്കിൽ പെട്ട് ബോധരഹിതനായ കുട്ടിയെ ഈ മാസം നാലിനാണ് സെക്കന്തരബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംസ്ഥാന ആരോഗ്യ സെക്രട്ടറിക്കൊപ്പം ആശുപത്രിയിലെത്തിയ ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണർ കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്ന് വ്യക്തമാക്കി. പിന്നാലെ പൊലീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി പറയുന്നത്. തലച്ചോറിന്റെ പ്രവർത്തനത്തിൽ കാര്യമായ പുരോഗതിയില്ലെന്നും പനിക്ക് പിന്നാലെയുണ്ടായ അണുബാധ കാരണം ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്നും ആശുപത്രി മെഡിക്കൽ ബുള്ളറിനും പുറത്തിറക്കി.
ശ്വാസതടസ്സം കലശലായതിനാൽ ട്രക്കിയോസ്റ്റമി ആലോചിക്കുന്നതായും പരാമർശമുണ്ട്. തിരക്കിൽ പെട്ട് ശ്രീതേജയുടെ അമ്മ രേവതിക്ക് ജീവൻ നഷ്ടമായതിനെ തുടർന്ന് അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സന്ധ്യ തിയേറ്ററിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയ ഹൈദരാബാദ് പൊലീസ് നിലപാട് കടുപ്പിച്ചു. അല്ലു അർജുൻ എത്തുമെന്ന് പൊലീസിനെ അറിയിച്ചില്ലെന്നും തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും സംവിധാനം ഉണ്ടായില്ലെന്നും നോട്ടീസിൽ പറയുന്നു.