ജോലി രാജിവെച്ചില്ല; മാധ്യമപ്രവര്‍ത്തകയെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു
കറാച്ചി: ജോലി രാജിവയ്ക്കാന്‍ വിസമ്മതിച്ച മാധ്യമപ്രവര്‍ത്തകയെ ഭര്‍ത്താവ് വെടിവച്ച് കൊന്നു. പാകിസ്താനിലെ ഉറുദു പത്രത്തിലെ ജീവനക്കാരിയായ ഉറൂജ് ഇഖ്ബാല്‍ എന്ന ഇരുപത്തേഴുകാരിയെയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ദിലാവര്‍ അലിയ്ക്കെതിരെ പോലീസ് കേസെടുത്തു. ഏഴ് മാസങ്ങള്‍ക്ക് മുമ്പ് പ്രണയിച്ച് വിവാഹിതരായ ഇവരുടെ ബന്ധത്തില്‍ പെട്ടന്നാണ് അസ്വാരസ്യങ്ങള്‍ ഉടലെടുത്തതെന്ന് ഉറൂജിന്റെ സഹോദരന്‍ യാസിര്‍ ഇഖ്ബാല്‍ പറഞ്ഞു.
സെന്‍ട്രല്‍ ലാഹോറിലെ ഓഫീസില്‍ ജോലിക്കെത്തിയ യുവതിയെ ദിലാവര്‍ അലി തലയ്ക്ക് വെടി വെക്കുകയായിരുന്നു. വെടിയേറ്റ യുവതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദിലാവറും മറ്റൊരു ഉറുദു പത്രത്തിലെ ജീവനക്കാരനാണ്. ജോലി രാജിവയ്ക്കണമെന്ന് നിരന്തരമായി ദിലാവര്‍ ഉറൂജിനോട് ആവശ്യപ്പെട്ടിരുന്നതായി സഹോദരന്‍ പോലീസിനോട് വെളിപ്പെടുത്തി. ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ ഉറൂജ് പോലീസില്‍ പരാതിപ്പെടുകയും തുര്‍ന്ന് താമസം ഓഫീസിന് സമീപത്തേയ്ക്ക് മാറ്റുകയുമായിരുന്നു.