ഇടുക്കി:മാങ്കുളം ആനക്കുളത്ത് വീട്ടില്‍ ഭാര്യയെയും ഭർത്താവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 51കാരിയായ സെലിന്‍, ഭര്‍ത്താവ് ജോസ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ കൊന്ന് കെട്ടിത്തൂക്കിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം ഇരുവരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇക്കാര്യത്തിൽ കൂടുതൽ പരിശോധന അനിവാര്യമാണെന്ന നിലപാടിലാണ് പൊലീസ്. ഇവരുടെ അടുത്ത ബന്ധുക്കളിൽനിന്ന് പൊലീസ് മൊഴി എടുക്കുന്നുണ്ട്. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ ഉടൻ അന്വേഷണം കൂടുതൽ ഊർജിതമാക്കാമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
ചിറ്റാറിൽ പതിന്നാലുകാരിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീടിനു സമീപത്തെ മരത്തിലാണ് പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുമരംകുന്ന് കോളനിയില്‍ കൃഷ്ണകുമാറിന്റെ മകളാണ് മരിച്ചത്. അച്ഛനും അമ്മയും ജോലിക്ക് പോയി തിരിച്ച് എത്തിയപ്പോഴാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ നാട്ടുകാരും ബന്ധുക്കളും ദുരൂഹത ആരോപിക്കുന്നുണ്ട്. കുട്ടിയുടെ മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇരുപതുകാരൻ പിടിയിൽ. തളിപ്പറമ്പ് സ്വദേശിനിയായ 16കാരിയെയാണ് ഇരുക്കൂർ സ്വദേശിയായ റാഫി(20) എന്നയാൾ പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പ് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. കോയമ്ബത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് പ്രതിയെയും പെൺകുട്ടിയെയും പൊലീസ് പിടികൂടിയത്.
പെൺകുട്ടി ഓൺലൈൻ ക്ലാസിനായി ഉപയോഗിച്ചിരുന്നത് മാതാവിന്‍റെ ഫോൺ ആയിരുന്നു. മാതാവിന്‍റെ ഇൻസ്റ്റാഗ്രാം അക്കൌണ്ടിലൂടെയാണ് പെൺകുട്ടിയുമായി റാഫി പരിചയത്തിലാകുന്നത്. തുടർന്ന് ഇരുവരും പതിവായി ചാറ്റ് ചെയ്യുകയും ഫോൺ ചെയ്യുകയും ചെയ്തു. മകൾ ഓൺലൈൻ ക്ലാസിലാണെന്ന് കരുതിയ വീട്ടുകാർ ഇക്കാര്യങ്ങളൊന്നും അറിഞ്ഞില്ല. ഒടുവിൽ പെൺകുട്ടിയെ റാഫി കടത്തിക്കൊണ്ടുപോകുകയായിരുന്നു. ഇരുവരും കണ്ണൂരിൽനിന്ന് ട്രെയിനിൽ കോയമ്പത്തൂരിലേക്ക് പോകുകയായിരുന്നു.
കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കുട്ടിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കോയമ്പത്തൂരിൽനിന്ന് റെയിൽവേ പൊലീസിന്‍റെ സന്ദേശം എത്തിയത്. കോയമ്പത്തൂർ റെയിൽവേസ്റ്റേഷൻ പ്ലാറ്റ്ഫോമിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവാവിനെയും പെൺകുട്ടിയെയും ചോദ്യം ചെയ്തതോടെയാണ് തളിപ്പറമ്പ് സ്വദേശിനിയാണെന്ന് വ്യക്തമായത്. തുടർന്ന് കോയമ്പത്തൂരിലെ റെയിൽവേ പൊലീസ് വിവരം തളിപ്പറമ്പിൽ അറിയിക്കുകയായിരുന്നു.
വൈകാതെ തളിപ്പറമ്പ് പൊലീസ് കോയമ്പത്തൂരിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇരുവരെയും തിരികെ നാട്ടിലെത്തിക്കുകയും യുവാവിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. തളിപ്പറമ്പ് ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനുശേഷം പൊലീസ് മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞുവിട്ടു.