
കോട്ടയം: ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടേയും ആത്മഹത്യ കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ അടങ്ങുന്ന വാട്‌സപ്പ് ശബ്ദ സന്ദേശം പുറത്ത്. അടുത്ത സുഹൃത്തിന് മരിക്കുന്നതിന് മുന്‍പ് ഷൈനി അയച്ച ശബ്ദ സന്ദേശമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മരിച്ച ഷൈനി കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചുവെന്ന് ശബ്ദ സന്ദേശത്തില്‍ വ്യക്തമാണ്.
പലതവണ ശ്രമിച്ചിട്ടും ജോലി കിട്ടാത്തത് ഷൈനിയെ അസ്വസ്ഥയാക്കിയിരുന്നു.മക്കളെ ഹോസ്റ്റലില്‍ നിര്‍ത്തിയിട്ട് ജോലിക്ക് പോകാമെന്നായിരുന്നു ഷൈനി കരുതിയത്. എന്നാല്‍ കിണഞ്ഞു ശ്രമിച്ചിട്ടും ഇവര്‍ക്ക് നാട്ടില്‍ ജോലി കിട്ടിയില്ല. വിദേശത്തേക്ക് പോവാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ജോലിയിലെ മുന്‍പരിചയ കുറവ് കാരണം അതും സാധ്യമായില്ല.
ഇതിന് പുറമേ വിവാഹ മോചനത്തിന് ഭര്‍ത്താവ് സഹകരിക്കുന്നില്ലെന്നും ഷൈനി പറയുന്നു.പല തവണ നോട്ടീസ് അയച്ചിട്ടും ഭര്‍ത്താവ് നോബി അത് കൈപ്പറ്റിയില്ല.ഫെബ്രുവരി 17 ന് കോടതിയില്‍ വിളിച്ചിട്ടും നോബി എത്തിയില്ല.കേസ് നീണ്ടുപോകുകയാണെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ഷൈനി സുഹൃത്തിനോട് പറഞ്ഞു.
ഷൈനിയുടെ ഭര്‍ത്താവ് നോബിയെ കഴിഞ്ഞ് ദിവസം ഏറ്റുമാനൂര്‍ പോലീസ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.ഷൈനി(42), മക്കളായ അലീന(11), ഇവാന(10) എന്നിവരാണ് തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഏറ്റുമാനൂരിന് സമീപം പാറോലിക്കലില്‍ കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. റെയില്‍വേപാളത്തിലേക്ക് ചാടിയ അമ്മയും മക്കളും ലോക്കോ പൈലറ്റ് നിരന്തരം ഹോണ്‍ മുഴക്കിയിട്ടും പാളത്തില്‍നിന്ന് മാറിയിരുന്നില്ല.
അമ്മയെ ചേര്‍ത്തുപിടിച്ചാണ് രണ്ടുമക്കളും പാളത്തിലിരുന്നത്. പിന്നാലെ ട്രെയിന്‍ ഇവരെ ഇടിച്ചിട്ടുകടന്നുപോയി. ഉടന്‍തന്നെ ലോക്കോ പൈലറ്റ് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തിയപ്പോള്‍ ചിതറിയനിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. പോലീസ് നടത്തിയ അന്വേഷണത്തില്‍ മരിച്ചത് ഷൈനിയും മക്കളുമാണെന്ന് തിരിച്ചറിഞ്ഞു.
കുടുംബപ്രശ്നങ്ങളാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമായതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഷൈനിയുടെ ഭര്‍ത്താവ് നോബി മര്‍ച്ചന്റ് നേവി ജീവനക്കാരനാണ്. കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ഒമ്പതുമാസമായി ഷൈനിയും രണ്ടുമക്കളും പാറോലിക്കലിലെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ഇവരുടെ മറ്റൊരു മകനായ എഡ്വിന്‍ (14)എറണാകുളത്ത് സ്പോര്‍ട്‌സ് സ്‌കൂളില്‍ പഠിക്കുകയാണ്. ബി.എസ്സി. നഴ്സിങ് ബിരുദധാരിയായ ഷൈനി നാട്ടില്‍ ജോലിക്ക് ശ്രമിച്ചുവരുകയായിരുന്നു.
അതേസമയം, നോബിയും കുടുംബാംഗങ്ങളും ഷൈനിക്ക് ജോലി കിട്ടാതിരിക്കാന്‍ പോലും ശ്രമിച്ചതായി ആരോപണമുയര്‍ന്നിരുന്നു. നോബിയുടെ സഹോദരനായ വിദേശത്തുള്ള വൈദികനെതിരേയും ആരോപണമുയര്‍ന്നു. നേരത്തെ നോബിക്കെതിരേ ഷൈനി ഗാര്‍ഹികപീഡനത്തിന് പരാതിയും നല്‍കിയിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 04712552056)