മുക്കം: സ്ത്രീധനം ആവശ്യപ്പെട്ട് രണ്ട് മക്കളുടെ മാതാവായ യുവതിയെ ഭര്‍ത്താവ് കഴുത്തില്‍ കത്തികൊണ്ട് മുറിവേല്‍പിച്ചതായി പരാതി. കാരശ്ശേരി പഞ്ചായത്തിലെ കല്‍പ്പൂര് സ്വദേശിനിയായ യുവതിയാണ് ക്രൂരമായ പീഡനത്തിനിരയായത്. എട്ടുവര്‍ഷം മുമ്പായിരുന്നു യുവതിയുടെ വിവാഹം. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃമാതാവില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും ക്രൂരമായ മര്‍ദനങ്ങളാണ് ഏല്‍ക്കേണ്ടിവന്നതെന്ന് യുവതി പറയുന്നു.
സ്ത്രീധനത്തിന്റെ പേരുപറഞ്ഞ് പലപ്പോഴും വീട്ടുതടങ്കലില്‍ വെക്കുകയും നിരന്തരം മാനസികമായി സമ്മര്‍ദത്തിലാഴ്ത്തുകയും ചെയ്യുന്നതായും ഇവര്‍ പറയുന്നു. ഭര്‍ത്താവ് യുവതിയുടെ കഴുത്തില്‍ കത്തിവെക്കുകയും തുടര്‍ന്ന് മുറിവേല്‍പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് യുവതിയുടെ സഹോദരന്‍ പറഞ്ഞു. അവശനിലയിലായ യുവതിയെ മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സക്കുശേഷം സഹോദരന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
മുമ്പ് രണ്ടുതവണ തനിക്കു നേരെ വധശ്രമം ഉണ്ടായിട്ടുണ്ടെന്നും യുവതി പറഞ്ഞു. മകളെ ഇനിയും ഭര്‍തൃഗൃഹത്തിലേക്കയക്കാന്‍ ഭയമാണെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. എന്നാല്‍, ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും വീണതിനെ തുടര്‍ന്നാണ് യുവതിക്ക് പരിക്കേറ്റതെന്നും ഭര്‍ത്താവ് പറഞ്ഞു.തന്റെ പ്രായമായ മാതാവിനെ യുവതി പലപ്പോഴും തള്ളിയിടാറും മര്‍ദിക്കാറുമുണ്ട്. അതിനെ തുടര്‍ന്നാണ് താന്‍ ഭാര്യയെ ശകാരിക്കാറുള്ളത്. യുവതിയുടെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ ഗാര്‍ഹിക പീഡന നിയമങ്ങള്‍ ചുമത്തി മുക്കം പോലീസ് കേസെടുത്തു.