അതിരമ്പുഴ സ്വദേശിയായ നവവധുവിന്റെ മരണം; അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍
ഭോപാല്‍: മധ്യപ്രദേശില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനിയായിരുന്ന അതിരമ്പുഴ സ്വദേശിയായ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അഞ്ചു വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. ഒളിവിലായിരുന്ന ഭര്‍ത്താവ് കല്ലറ ചെരുവില്‍ പുത്തന്‍പുരയില്‍ ലിനു തോമസിനെയാണ് അഞ്ചു വര്‍ഷത്തിനു ശേഷം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ സ്ത്രീധന പീഡനമാണ് പോലീസ് ചുമത്തിയിരിക്കുന്ന കേസ്.
2014ല്‍ ആണ് കോട്ടയം അതിമ്പുഴ നെടും തൊട്ടിയില്‍ റോയ് ജോസഫിന്റെ മകള്‍ ഹണി മോള്‍ റോയ് (24)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനു ശേഷം ഒളിവില്‍ കഴിയുകയായിരുന്നു ഭര്‍ത്താവ് ലിനു. ഭോപാലിലെ സ്‌കൂള്‍ ബസില്‍ ഡ്രൈവറായിരുന്നു ഇയാള്‍.
ഭോപാലില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനിയായിരുന്ന ഹണി മോളെ വിവാഹം കഴിഞ്ഞ് 3 മാസത്തിനകം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ത്രീധന പീഡനം മൂലമാണു മരണമെന്നാരോപിച്ച് പിതാവ് റോയ് ജോസഫ് പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ലിനു നാടുവിട്ടു. അന്വേഷണവുമായി പോലീസ് മുന്നോട്ട് പോയി. അതിനെ തുടര്‍ന്നാണ് ലിനുവിനെ അറസ്റ്റ് ചെയ്യുന്നത്.