KeralaNews

മനുഷ്യ-വന്യജീവി സംഘർഷം:പി.വി അൻവർ സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡൽഹി: വന്യജീവി ആക്രമണങ്ങളെത്തുടർന്ന് മലയോര ജില്ലകളിൽ സംസ്ഥാന സർക്കാരിനെതിരെ ഉയർന്നിരിക്കുന്ന ജനരോഷം മറികടക്കാൻ സിപിഎമ്മിന്റെ നിർണായക നീക്കം. മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള കർമപരിപാടി തയ്യാറാക്കുന്നതിനായി കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് പി.വി അൻവർ എം.എൽ.എ സുപ്രീംകോടതിയെ സമീപിച്ചു. വന്യജീവികളുടെ അക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് പ്രത്യേക ഫണ്ട് രൂപീകരിക്കാൻ കേന്ദ്രത്തിനോട് നിർദേശിക്കണമെന്നും ഹർജിയിൽ അൻവർ ആവശ്യപെട്ടിട്ടുണ്ട്.

വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷങ്ങൾ തടയാൻ സംസ്ഥാന വനംവകുപ്പിന് കഴിയുന്നില്ലെന്ന ആക്ഷേപം മലയോരമേഖലകളിലുണ്ടായിരുന്നു. ഈ ജനരോഷം ചുരുങ്ങിയത് പത്തോളം മണ്ഡലങ്ങളിൽ ഇടതുസ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് വിജയസാധ്യതയെ ബാധിക്കുമെന്ന ആശങ്കയും മുന്നണിയിലെ ഘടകക്ഷികൾക്കുണ്ട്. ചില മതസംഘടനകൾകൂടി വിഷയത്തിൽ പരസ്യനിലപാട് സ്വീകരിച്ചതോടെ സർക്കാർ കൂടുതൽ പ്രതിസന്ധിയിലായിരുന്നു. ഇതിന് പിന്നാലെയാണ് പി.വി അൻവർ എം.എൽ.എയുടെ നീക്കമെന്നാണ് സൂചന.

മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള കർമപരിപാടി തയ്യാറാക്കുന്നതിന് സുപ്രീംകോടതിയിൽനിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിക്കണമെന്നാണ് അൻവറിന്റെ ഹർജിയിലെ പ്രധാന ആവശ്യം. ശാസ്ത്ര-സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലായിരിക്കണം കർമപരിപാടി തയ്യാറാക്കേണ്ടതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രനാണ് നിലമ്പൂർ എം.എൽ.എയുടെ ഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്.

വന്യജീവികളെ കൊല്ലുന്നതിന് പകരം വന്ധ്യംകരണവും മറ്റ് ​ഗർഭ നിരോധന മാർ​ഗങ്ങളും ഉപയോ​ഗിച്ച് അവയുടെ ജനസംഖ്യ നിയന്ത്രിക്കണമെന്ന ആവശ്യവും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ചില വന്യജീവികളെ കൊല്ലേണ്ടിവരും. ഇതിനായുള്ള സമഗ്രനയം തയ്യാറാക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണം. അക്രമകാരികളായ വന്യമൃഗങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള നയത്തിന് രൂപംനൽണം.

ഡ്രോണുകൾ ഉൾപ്പടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വന്യജീവികളുടെ നീക്കങ്ങൾ നിരീക്ഷിക്കണം. ശാസ്ത്രീയ മാർ​ഗങ്ങൾ ഉപയോഗിച്ച് വന്യജീവികൾ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയണം. വേനലിൽ വന്യജീവികൾക്ക് വനത്തിനുള്ളിൽ ദാഹജലം ഉറപ്പാക്കണം.

വന്യജീവികളുടെ ആക്രമണത്തെത്തുടർന്ന് ജീവനും സ്വത്തും നഷ്ടപ്പെടുന്നവർക്കായി പ്രത്യേക ഇൻഷുറൻസ് പരിരക്ഷ തയ്യാറാക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണം. തേക്ക്, യൂക്കാലിപ്റ്റസ് തുടങ്ങിയ മരങ്ങൾ പ്രദേശവാസികളുടെ സഹായത്തോടെ നീക്കിയശേഷം വനംപ്രദേശങ്ങളുടെ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്ന തരത്തിലുള്ള മരങ്ങൾ വെച്ചുപിടിപ്പിക്കണം. ഇതിന് ആവശ്യമായ ഫണ്ട് നൽകാൻ കേന്ദ്രത്തിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button