49ാം വയസ്സിൽ രണ്ടാം വിവാഹത്തിന് ഹൃതിക് റോഷൻ?; ആദ്യ ഭാര്യയും മറ്റൊരു ബന്ധത്തിൽ
മുംബൈ:ബോളിവുഡിലെ സ്റ്റെെലിഷ് താരമായ ഹൃതിക് റോഷന് വൻ ആരാധകവൃന്ദമാണ് ഇന്ത്യയിലൊട്ടുക്കും ഉള്ളത്. നായികമാരിൽ സൗന്ദര്യം കൊണ്ട് വിസ്മയിപ്പിച്ചത് ഐശ്വര്യ റായ് ആണെങ്കിൽ നായകൻമാരിൽ ആ ഖ്യാതി ലഭിച്ചത് ഹൃതിക് റോഷനാണ്. ബോളിവുഡിന്റെ ഗ്രീക്ക് ദേവനായാണ് ഹൃതിക് റോഷൻ അറിയപ്പെടുന്നത്. ധൂം 2, ജോധാ അക്ബർ, കൈറ്റ്സ് തുടങ്ങിയ സിനിമകളിലെ ഹൃതിക് റോഷന്റെ സ്റ്റെെൽ പ്രേക്ഷക പ്രശംസ നേടി.
സിനിമയ്ക്കപ്പുറം ഹൃതിക്കിന്റെ വ്യക്തി ജീവിതം എന്നും വാർത്തകളിൽ നിറയാറുണ്ട്. നടി സബ അസദുമായി ഏറെ നാളായി പ്രണയത്തിലാണ് ഹൃതിക്ക്. ഹൃതിക്കിന്റെ കുടുംബവുമായും സബ അടുത്തു. സുഹൃത്തുക്കളുടെ വിരുന്നുകൾക്കും മറ്റും ഹൃതിക്കും സബയും ഒരുമിച്ചാണ് ഇപ്പോൾ എത്താറ്. താരങ്ങളെക്കുറിച്ചുള്ള പുതിയൊരു വിവരമാണിപ്പോൾ പുറത്ത് വരുന്നത്. അധികം വൈകാതെ രണ്ട് പേരും വിവാഹിതരാകുമെന്നാണ് സൂചന.
കുടുംബത്തിന്റെ സമ്മതം കൂടി ലഭിച്ച സാഹചര്യത്തിൽ വിവാഹ ജീവിത്തിലേക്ക് കടക്കാം എന്ന് രണ്ട് പേരും തീരുമാനിച്ചതായി ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല. 49 കാരനാണ് ഹൃതിക് റോഷൻ. കാമുകി സബയുടെ പ്രായം 37 ഉം. നേരത്തെയും ഇവർ വിവാഹിതരാകാൻ പോകുന്നെന്ന് ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ അന്ന് നടന്റെ കുടുംബം ഈ വാർത്ത നിഷേധിച്ചു.
ഹൃതിക്കിന്റെ ആദ്യ വിവാഹബന്ധം പരാജയപ്പെട്ടതാണ്. സൂസൻ ഖാനാണ് നടന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ രണ്ട് മക്കളുമുണ്ട്. 2000 ത്തിലാണ് ഹൃതിക്കും സൂസനും വിവാഹിതരാകുന്നത്. പ്രണയവിവാഹമായിരുന്നു. എന്നാൽ 2014 ൽ ഇരുവരും വേർപിരിഞ്ഞു. രണ്ട് പേർക്കുമിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് മനസ്സിലാക്കി വിവാഹമോചനം നേടി.
പിരിഞ്ഞ ശേഷവും ഇവർ സുഹൃത്തുക്കളായി തുടർന്നു. കുട്ടികളുടെ ആവശ്യങ്ങൾക്ക് ഇരുവരും ഒരുമിച്ച് എത്താറുണ്ട്. ഹൃതിക്കിനെ പോലെ സൂസനും മറ്റൊരു ബന്ധത്തിേലേക്ക് കടന്നു. നടൻ അർസ്ലൻ ഗോണിയാണ് സൂസൻ ഖാന്റെ കാമുകൻ. വിവാഹമോചനമുൾപ്പെടെ ആരോപണ പ്രത്യാരോപണങ്ങൾ ഇല്ലാതെ അഭിമുഖീകരിച്ച ഹൃതിക്കിനെ പക്ഷെ നടി കങ്കണ റണൗത്തുമായി ചേർത്ത് വന്ന ഗോസിപ്പുകൾ ഏറെ ബാധിച്ചിരുന്നു. ഹൃതിക് തന്റെ കാമുകൻ ആയിരുന്നെന്നാണ് കങ്കണ റണൗത്ത് പറഞ്ഞത്.
എന്നാൽ ഈ വാദം ഹൃതിക് നിഷേധിച്ചു. നടിക്കെതിരെ കേസും കൊടുത്തു. എന്നാൽ കങ്കണ ഹൃതിക്കിനെതിരെയുള്ള ആരോപണങ്ങൾ തുടർന്നു. വിവാഹേതര ബന്ധം ആയതുകൊണ്ട് ഹൃതിക് താനുമായുള്ള പ്രണയം രഹസ്യമാക്കി വെച്ചെന്നാണ് കങ്കണ ഉന്നയിച്ച വാദം.
എന്നാൽ കങ്കണ തന്നെ ശല്യപ്പെടുത്തുകയായിരുന്നെന്ന് ഹൃതികും ആരോപിച്ചു. ഹൃതിക്കിന്റെ പിതാവ് രാകേഷ് റോഷനുൾപ്പെടെ കങ്കണയ്ക്കെതിരെ രംഗത്ത് വന്നു. മകന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടാതിരിക്കാൻ രാകേഷ് റോഷൻ തുടക്ക കാലം തൊട്ട് ശ്രദ്ധിച്ചിരുന്നു. പക്ഷെ ഇതെല്ലാം കങ്കണ കാറ്റിൽ പറത്തി. ഹൃതിക്കിന്റെ വഞ്ചനയെക്കുറിച്ച് നിരവധി അഭിമുഖങ്ങളിൽ കങ്കണ സംസാരിച്ചു. അന്ന് നടനെതിരെ വ്യാപക വിമർശനവും വന്നു. എന്നാൽ സൂസൻ ഖാനുൾപ്പെടെ അന്ന് ഹൃതിക്കിനെ പിന്തുണച്ചാണ് സംസാരിച്ചത്. കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് ഈ വിവാദങ്ങൾ കെട്ടടങ്ങിയത്.
ഫൈറ്റർ ആണ് ഹൃതിക്കിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ചിത്രത്തിൽ നായികയായെത്തുന്നത് ദീപിക പദുകോൺ ആണ്. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. അനിൽ കപൂറും പ്രധാന വേഷത്തിലെത്തുന്നു. സിദ്ധാർത്ഥ് ആനന്ദാണ് സിനിമയുടെ സംവിധായകൻ.