KeralaNews

പ്രൊഫൈലിൽ താരമെങ്കിൽ ഓർക്കുക, ഐ.ഡി ഫേക്കു തന്നെ, നവ മാധ്യമങ്ങളിലെ ഫേക്കൻമാരെ ഇങ്ങനെ തിരിച്ചറിയാം

കൊച്ചി:നവ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇതിൽ കൂടുതലും ദുരുപയോഗം നടക്കുന്നത് വ്യാജ അക്കൗണ്ടുകളിലൂടെയാണ് (പ്രൊഫൈലുകളിലൂടെയാണ്). ഒരു തമാശക്ക് തുടങ്ങുന്ന വ്യാജ പ്രൊഫൈലുകൾ, സ്വന്തം പ്രൊഫൈലിൽ നിന്ന് പലയിടത്തും കമന്റ് ഇടാൻ മടിച്ച് അതിനു വേണ്ടി ഉണ്ടാക്കുന്ന വ്യാജ പ്രൊഫൈലുകൾ എന്നിവയ്ക്ക് പുറമെ തട്ടിപ്പിനും സ്ത്രീപീഢനത്തിനും കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് പോലെയുള്ള കുറ്റകരമായ പ്രവൃത്തികൾക്ക് വരെ വ്യാജ പ്രൊഫൈലുകൾ ഉപയോഗിക്കുന്നു.

ഇത്തരത്തിലുള്ള ദുർവിനിയോഗം കുറയ്ക്കാൻ കുട്ടികളുടെ നവ മാധ്യമ ഉപയോഗത്തിന് മേൽ രക്ഷിതാക്കൾ ജാഗ്രത പുലർത്തേണ്ടത് ആവശ്യമാണ്. വിദ്യാർഥികളുടെ ഫെയ്സ്ബുക്, വാട്സാപ് അക്കൗണ്ടുകളും ചാറ്റുകളും പതിവായി രക്ഷിതാക്കൾ നിരീക്ഷിച്ച് അവർക്ക് വേണ്ട നിർദേശങ്ങൾ നൽകുക എന്നതും ഇതിന്റെ ഭാഗമാണ്.

ഓൺലൈൻ മാധ്യമങ്ങളുടെ ഉപയോഗം വാരിധിച്ചു വരുന്ന ഈ സമയത്ത് അവ ശ്രദ്ധയോടെ ഉപയോഗിക്കാനും ഇത്തരം സൈബർ ഇടങ്ങളിൽ ആശയവിനിമയം നടത്തുമ്പോൾ കൈക്കൊള്ളേണ്ട മുൻകരുതലുകളെ കുറിച്ചും മുന്നറിയിപ്പും നിർദേശങ്ങളുമായി കേരള പൊലീസ്.

ഫ്രണ്ട് റിക്വസ്റ്റുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ കുരുക്കിലാകും നിങ്ങളുടെ ജീവിതം. നേരിട്ട് പരിചയമില്ലാത്ത ആളുകൾക്ക് ഫ്രണ്ട് റിക്വസ്റ്റുകൾ അയക്കാതിരിക്കുക. ഇങ്ങനെ പരിചയമില്ലാത്ത അക്കൗണ്ടുകളിൽ പലതും ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ടവയാകാം.

പരിചയമില്ലാത്ത പ്രൊഫൈലുകളിൽ നിന്നും വരുന്ന ചാറ്റ് റിക്വസ്റ്റുകൾക്ക് തമാശയ്ക്ക് പോലും മറുപടി നൽകരുത്. ഒരുപക്ഷെ നമ്മെക്കുറിച്ച് കൃത്യമായി അറിഞ്ഞിട്ടാകാം വ്യാജ ഐഡി വഴി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നത്.

വ്യാജ പ്രൊഫൈൽ തിരിച്ചറിയേണ്ട വഴികൾ

1. പ്രൊഫൈൽ ചിത്രം ആൽബത്തിൽ ആകെ ഒരു പ്രൊഫൈൽ ഫോട്ടോ മാത്രം ഉള്ളൂവെങ്കിൽ അക്കൗണ്ട് വ്യാജൻ ആയിരിക്കാനുള്ള സാധ്യതയുണ്ട്. പ്രൊഫൈൽ ചിത്രം സിനിമാ നടിയുടേതോ നടന്റേതോ ആണെങ്കിലും ഇത്തരത്തിലുള്ള വ്യാജ അക്കൗണ്ട് ആവാനും സാധ്യതയുണ്ട്. പ്രൊഫൈൽ ഇമേജ് ആൽബത്തിൽ സെലിബ്രിറ്റികളുടെ ചിത്രങ്ങൾ ആയിരിക്കും കൂടുതൽ.

2. ടൈം ലൈനും, സ്റ്റാറ്റസ് അപ്ഡേറ്റും പരിശോധിക്കുക. വളരെ കാലമായി ഒരു സ്റ്റാറ്റസും അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ വ്യാജനാകാം.

3. പോസ്റ്റ് ഇടാതിരിക്കുക, മറ്റുള്ളവരുടെ പോസ്റ്റിനു കമന്റ് ചെയ്യാതിരിക്കുക. ഇതൊക്കെ വ്യാജ അക്കൗണ്ടുകൾ ആണെന്നതിന്റെ ലക്ഷണങ്ങളാണ്. കൂടുതൽ വ്യാജന്മാരും ഒരിക്കൽ പോലും ഒരു സ്റ്റാറ്റസ് അപ്ഡേറ്റ് പോലും നടത്താത്തവരാണ്.

4.അക്കൗണ്ടിലെ അടുത്തകാലത്തെ ആക്റ്റിവിറ്റികൾ നോക്കുക. ഒരു പേജും ലൈക് ചെയ്യാതെ, ഒരു ഗ്രൂപ്പിലും ജോയിൻ ചെയ്യാതെ വെറുതെ ഫ്രണ്ട്സിന്റെ എണ്ണം മാത്രം വർധിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്ന പ്രൊഫൈലുകൾ വ്യാജനായിരിക്കാം.

5. ഫ്രണ്ട്സ് ലിസ്റ്റ് പരിശോധിക്കുക. ഒരു സ്ത്രീയുടെ അക്കൗണ്ടിൽ ഭൂരിപക്ഷവും പുരുഷന്മാർ, അല്ലെങ്കിൽ പുരുഷ അക്കൗണ്ടിൽ ഭൂരിപക്ഷവും സ്ത്രീകൾ ആയിരിക്കുന്നത് വ്യാജ അക്കൗണ്ടുകൾ ആണെന്നതിന്റെ ലക്ഷണമാണ്.

6. ജനനതീയതി, ജോലി ചെയ്യുന്ന സ്ഥലം, പഠിച്ചത് എവിടെ തുടങ്ങി കാര്യങ്ങളിൽ ഗൗരവമല്ലാത്ത രീതിയിൽ മറുപടി കൊടുത്തിരിക്കുന്ന പ്രൊഫൈലുകളുടെ കാര്യത്തിലും കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker