HealthKeralaNews

മുഖം കോടിപോകുന്ന ‘ബെൽസ് പാൾസി’യെ ഭയക്കേണ്ടതുണ്ടോ? എങ്ങനെ ചികിത്സിച്ച് മാറ്റാം? ഡോ. വിദഗ്ദർ പറയുന്നു

കൊച്ചി:ഒരു സുപ്രഭാതത്തില്‍ മുഖത്തിന്റെ ഒരു ഭാഗം കോടിപ്പോകുക അതുകൊണ്ട് സംസാരിക്കാനും ചിരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നതിനെ കുറിച്ച്‌ ചിന്തിക്കുമ്ബോള്‍ മാനസികമായി നമ്മള്‍ തളര്‍ന്നുപോകും.

കഴിഞ്ഞ ദിവസം സിനിമ- സീരിയല്‍ നടന്‍ മനോജിന്റെ കഥയിലൂടെയാണ് ‘ബെല്‍സ് പാള്‍സി’ എന്ന ഭീകരനെ മലയാളി അടുത്തറിഞ്ഞത്. എന്നാല്‍ ‘ബെല്‍സ് പാള്‍സി’ ഭയപ്പെടുന്നത് പോലെ ഗുരുതരമല്ലെന്നും പൂര്‍ണ്ണമായും ഭേദപ്പെടുത്താന്‍ കഴിയുന്ന സാധാരണ രോഗമാണെന്നും പറയുകയാണ് കണ്‍സള്‍ട്ടന്റ് ന്യൂറോ സര്‍ജനായ ഡോക്ടര്‍ അരുണ്‍ ഉമ്മന്‍.

ബെല്‍സ് പാള്‍സി വളരെ സര്‍വസാധാരണമായ അസുഖമാണ്. സിനിമാനടന് രോഗം വന്നതോടെ എല്ലാവരും ശ്രദ്ധിച്ചു എന്നുമാത്രം. ബെല്‍സ് പാള്‍സി സ്‌ട്രോക്കല്ല, മുഖത്തെ ഞരമ്ബുകള്‍ക്ക് ഉണ്ടാകുന്ന തളര്‍ച്ചയാണ്. നെറ്റി ചുളിക്കുക, കണ്ണടയ്ക്കുക, ചിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നത് ഫേഷ്യല്‍ മസില്‍സിന്റെ സഹായത്തോടെയാണ്. ഈ മസില്‍സിനെ സപ്പോര്‍ട്ട് ചെയ്യുന്നത് ഫേഷ്യല്‍ നെര്‍വ് ആണ്. ആ ഞരമ്ബുകളെ ബാധിക്കുന്ന രോഗമാണ് ബെല്‍സ് പാള്‍സി. ഇഡിയോപ്പതിക് ലോവര്‍ മോട്ടോര്‍ ന്യൂറോണ്‍ ഫേഷ്യല്‍ നെര്‍വ് പാള്‍സി എന്നാണ് ഈ രോഗത്തിന്റെ സയന്റിഫിക് നാമം.

രോഗം വരാന്‍ പ്രത്യേകിച്ച്‌ കാരണമൊന്നുമില്ല. പെട്ടെന്നുണ്ടാകുള്ള ഞരമ്ബിന്റെ പ്രവര്‍ത്തന വൈകല്യമാണ്. അതായത് ഞരമ്ബില്‍ നീര് വന്നത് പോലെ തളര്‍ച്ചയുണ്ടാകും. അതുകൊണ്ടാണ് ഇതിനെ ഇഡിയോപ്പതിക് എന്ന് പറയുന്നത്. മുഖം നോര്‍മല്‍ സൈഡിലേക്ക് കോടിപ്പോകും. നെറ്റി ചുളിക്കാന്‍ പറ്റില്ല, കണ്ണടയ്ക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും, വിസില്‍ അടിക്കാന്‍ പറ്റില്ല, ഭക്ഷണം കഴിക്കുമ്ബോള്‍ കവിളില്‍ കെട്ടിക്കിടക്കും.

ബെല്‍സ് പാള്‍സി മൂലമുണ്ടാകുന്ന പ്രധാന ബുദ്ധിമുട്ട് മുഖത്തിന്റെ ഭംഗി പോകും എന്നതാണ്. രോഗം കണ്ടുകഴിഞ്ഞാല്‍ സ്ട്രോക് ആണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കാറുണ്ട്. വരുമ്ബോള്‍ പ്രത്യേകം ശ്രദ്ധിക്കണം. രണ്ടുമൂന്നു ശതമാനം ആളുകള്‍ക്ക് മാത്രം ഫേഷ്യല്‍ നെര്‍വില്‍ ട്യൂമറോ തകരാറോ കാണാറുണ്ട്. അപകടം സംഭവിച്ച്‌ ഞരമ്ബുകള്‍ക്ക് തകരാറ് സംഭവിക്കുമ്ബോഴും ഇങ്ങനെ വരാം.

ബെല്‍സ് പാള്‍സി വന്നു കഴിഞ്ഞാല്‍ കൃത്യസമയത്ത് മരുന്ന് കൊടുത്ത് ചികിത്സ ആരംഭിക്കണം. ഒപ്പം ഫിസിയോതെറാപ്പിയും ആരംഭിക്കാം. കൂടെ ടെന്‍സ് എന്ന് പറയുന്ന ചികിത്സ കൂടിയുണ്ട്. ഞരമ്ബുകളെ ഉത്തേജിപ്പിക്കാന്‍ ചെറിയ ഇലക്‌ട്രോഡ് വച്ച്‌ ഷോക്ക് ഏല്‍പ്പിക്കുന്നതാണ് ടെന്‍സ്.

ഇതൊക്കെ ചെയ്തു കഴിഞ്ഞാല്‍ തൊണ്ണൂറ്റിയഞ്ച് ശതമാനം ആളുകള്‍ക്കും രോഗം പൂര്‍ണ്ണമായും ഭേദമാകും. ചിലര്‍ക്ക് കുറച്ചുനാളത്തേക്ക് നിലനില്‍ക്കും. വൈറല്‍ ഇന്‍ഫെക്ഷന്‍ മൂലവും രോഗം വരാം. അതിനു ആന്റിബയോട്ടിക് മരുന്നുകള്‍ എടുത്താല്‍ മതിയാകും.

ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ബെല്‍സ് പാള്‍സി വരാവുന്നതേയുള്ളൂ.. ചിലര്‍ തനിയെ മാറിക്കോളും എന്ന് പറഞ്ഞിരിക്കും. അത് പറ്റില്ല, നിര്‍ബന്ധമായും ഫിസിയോതെറാപ്പി ചെയ്യണം. തുടക്കത്തില്‍ തന്നെ കൃത്യമായ ചികിത്സ ആരംഭിക്കുകയാണെങ്കില്‍ പൂര്‍ണ്ണമായും മാറും.

ആദ്യത്തെ മണിക്കൂറുകളിലുള്ള ചികിത്സ പ്രധാനമാണ്. ഒരു തവണ വന്ന് മാറിക്കഴിഞ്ഞാലും പിന്നീട് വരാം. പക്ഷെ, പേടിക്കേണ്ട കാര്യമില്ല. രോഗം വന്ന് മാറിക്കഴിഞ്ഞാല്‍ പിന്നെ സ്ഥിരമായി മരുന്ന് കഴിക്കേണ്ട സാഹചര്യമില്ല. അതുകൊണ്ട് ബെല്‍സ് പാള്‍സിയെ കുറിച്ചോര്‍ത്ത് ഇനി ഭയം വേണ്ട.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker