KeralaNews

ഗ്ലാസ് ഡോറില്‍ തല ഇടിച്ചശേഷം,വയറ്റില്‍ ചില്ല് തുളച്ചുകയറി,100 മീറ്റര്‍ അടുത്തുള്ള ആശുപത്രിയില്‍ പോലും എത്താന്‍ കാത്തുനിന്നില്ല,വീട്ടമ്മയുടേത് ഞെട്ടിയ്ക്കുന്ന മരണം

കൊച്ചി:ഞെട്ടിയ്ക്കുന്ന വാര്‍ത്തയായിരുന്നു ഇന്നുച്ചയോടെ പെരുമ്പാവൂരില്‍ നിന്ന് പുറത്തുവന്നത്.ബാങ്കിലെ ഗ്ലാസ് ഡോറില്‍ തലയിടിച്ച് വീട്ടമ്മയുടെ മരണം. കൂവപ്പാടി ചേലക്കാട്ടില്‍ നോബിയുടെ ഭാര്യ ബീന ആണ് മരിച്ചത്. പെരുമ്പാവൂര്‍ എ എം റോഡിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ഗ്ലാസ് ഡോറില്‍ തലയിടിച്ചശേഷം നില തെറ്റി തറയില്‍ വീണപ്പോള്‍ അവിടെ പൊട്ടിക്കിടന്നിരുന്ന ചില്ല് വയറ്റില്‍ തറഞ്ഞ് കയറിയാണ് ബീനയുടെ ദേഹത്ത് ഗുരുതരമായ മുറിവുണ്ടായതെന്നാണ് പ്രാഥമികനിഗമനം. തൊട്ടടുത്ത്, അതായത് ഏതാണ്ട് 100 മീറ്റര്‍ അകലെയുള്ള പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ ഇവരെ എത്തിച്ചപ്പോഴേയ്ക്ക് മരിച്ചിരുന്നു.

ബാങ്കില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എത്തിയതായിരുന്നു ബീന. ക്യൂവില്‍ നില്‍ക്കുന്നതിന് തൊട്ടുമുമ്പ് പേഴ്‌സ് എടുത്തില്ലല്ലോ എന്ന് പറഞ്ഞ് പുറത്തേക്ക് ഓടിപ്പോവുകയായിരുന്നു. പെട്ടെന്ന് ക്യൂവിലേക്ക് തിരികെ വരാനായി ഓടുകയായിരുന്നു ബീന എന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ഓടിയ ബീന ബാങ്കിന് മുന്‍വശത്തെ ഗ്ലാസില്‍ ഇടിച്ച് വീണു. ഇതിനിടെ ഗ്ലാസും പൊട്ടി വീണിരുന്നു. പൊട്ടി വീണ ഗ്ലാസിന്റെ ചില്ല് ബീനയുടെ വയറിലാണ് തുളച്ച് കയറിയത്.

പൊട്ടിക്കിടന്ന ചില്ലില്‍ കൈ കുത്തി ബീന പതുക്കെ എഴുന്നേറ്റ് നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. അപ്പോഴേക്ക് ബാങ്ക് ജീവനക്കാരും ബാങ്കിലുണ്ടായിരുന്ന മറ്റുള്ളവരും ഓടിയെത്തുന്നുണ്ട്. ഇവരെ പതുക്കെ താങ്ങിപ്പിടിച്ച് തൊട്ടടുത്തുള്ള കസേരയ്ക്ക് അരികിലേക്ക് നിര്‍ത്തുമ്പോഴേയ്ക്ക് വലിയ രക്തസ്രാവം ഉണ്ടായിരുന്നു.

ചുറ്റും ചോര വീഴുന്നത് കണ്ട് പരിഭ്രാന്തരായ ബാങ്ക് ജീവനക്കാര്‍ ഇവരെ ഉടനടി ആശുപത്രിയിലേക്ക് കൊണ്ടുപോയി. നൂറ് മീറ്റര്‍ മാത്രം അകലെ ആശുപത്രിയുണ്ടായിരുന്നിട്ടും അവരുടെ ജീവന്‍ രക്ഷിക്കാനായില്ല. വയറ്റില്‍ ചില്ല് തറച്ച് കയറി ഉണ്ടായ മുറിവ് അത്ര ആഴത്തിലുള്ളതും ഗുരുതരവുമായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ബാങ്കിന് മുന്നിലെ ചില്ലിന് കട്ടി കുറവായിരുന്നുവെന്ന് ബന്ധുക്കളും ആരോപിക്കുന്നു. നിലവില്‍ ബീനയുടെ മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button