ഹരിപ്പാട്: ദീര്‍ഘനാളത്തെ സ്വപ്നമായ വീടെന്ന സ്വപ്നം പൂവണിഞ്ഞപ്പോള്‍ അത് കാണാന്‍ അജി ഭൂമിയില്‍ ജീവനോടെ ഉണ്ടായിരുന്നില്ല. വീടിന്റെ പാല്കാച്ചല് ദിനത്തില്‍ അജിയെതേടിയെത്തിയത് മരണമായിരുന്നു. വീടിന്റെ വാസ്തുബലി ദിവസം ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഗൃഹനാഥന് തോട്ടില്‍ വീണ് മരിച്ചു. ദുരന്ത വിവരം മറച്ചുവച്ച് ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ സ്വപ്നവീടിന് ഗൃഹനാഥ പാലുകാച്ചി.
മഹാദേവികാട് മുക്കേല്‍ മുരളിയുടെ മകന് അജി (കുട്ടന്- 31) ആണ് ഈ ദുര്‍വിധി. ഇന്നലെയായിരുന്നു പാലുകാച്ചല്‍ നിശ്ചയിച്ചിരുന്നത്. രാവിലെ 6.30 ഓടെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് സൈക്കിളില്‍ വരുന്നതിനിടെ വീടിന് സമീപത്തെ തോട്ടില്‍ വീഴുകയായിരുന്നുവെന്ന് സംശയിക്കുന്നത്. തോട്ടില്‍ സൈക്കിള്‍ കിടക്കുന്നതു കൊണ്ട് കണ്ട സ്ത്രീകള്‍ വിവരം പറഞ്ഞതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ സൈക്കിള്‍ ഉയര്‍ത്തിയപ്പോഴാണ് അജിയെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വൈകിട്ട് 4.30 ഓടെ മരിച്ചു.
പാലുകാച്ചല്‍ മുഹൂര്‍ത്തമായിട്ടും അജിയെ കാണാതിരുന്നതിനാല്‍ ഭാര്യ സുബിത ഇക്കാര്യം അന്വേഷിക്കുന്നുണ്ടായിരുന്നു. മുഹൂര്‍ത്തം തെറ്റിക്കേണ്ടെന്നു പറഞ്ഞ് ബന്ധുക്കള്‍ നിര്‍ബന്ധിച്ചതിനാലാണ് സുബിത ചടങ്ങിന് തയ്യാറായത്. ഇതിനു ശേഷമാണ് അജിക്ക് ചെറിയൊരു അപകടം പറ്റിയെന്നു മാത്രം ബന്ധുക്കള്‍ അറിയിച്ചത്. രാത്രി വൈകിയാണ് സുബിതയെ മരണവിവരം അറിയിച്ചത്.