News

ഹണിട്രാപ്പില്‍ ഞെട്ടി കോട്ടയം,പ്രമുഖ രാഷ്ട്രീയ നേതാക്കളും വ്യവസായികളും തേന്‍കെണിയില്‍പെട്ടതായി ആശങ്ക,പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം,സംസ്ഥാനത്ത് ഹണിട്രാപ്പ് സംഘങ്ങള്‍ അഴിഞ്ഞാടുന്നു

കൊച്ചി ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്തെ ഞെട്ടിച്ച മൂന്നു വമ്പന്‍ ഹണിട്രാപ്പ് കുറ്റകൃതൃങ്ങളാണ് പുറത്തുവന്നത്.കോട്ടയത്തും കോതംഗലത്തും വ്യാപരികളെ കെണിയില്‍പ്പെടുത്തി പണം തട്ടുകയായിരുന്നു തേന്‍കെണി സംഘത്തിന്റെ ലക്ഷ്യമെങ്കില്‍ കൊച്ചിയില്‍ ഒരാള്‍ക്ക് ജീവന്‍ തന്നെ നഷ്ടമായി.

കോട്ടയം നഗരമധ്യത്തില്‍ ചിങ്ങവനത്തെ സ്വര്‍ണ്ണ വ്യാപാരിയാണ് ഹട്രാപ്പില്‍ കുടുങ്ങിയത്.കെണിയില്‍ വീഴ്ത്തിയ സുന്ദരി അടക്കം നാലു പേര്‍ കൂടി പോലീസ് പിടിയിലായി. കേസിലെ പ്രതിയായ കാസര്‍കോട് പടന്ന ഉദിനൂര്‍ അന്‍സാറിന്റെ ഭാര്യ സുമ (30)യുടെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് പ്രതികള്‍ തേന്‍കെണിയ്ക്കായി ഉപയോഗിക്കുകയായിരുന്നു. സുമയ്ക്കൊപ്പം ഇരുത്തിയാണ് സ്വര്‍ണ്ണ വ്യാപാരിയുടെ നഗ്‌നചിത്രം പ്രതികള്‍ പകര്‍ത്തിയതും, ഭീഷണിപ്പെടുത്തിയതും. സുമയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ പ്രതിയായ പുയ്യാപ്ല നസീറിന്റെ രണ്ടാം ഭാര്യ കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ എളംബച്ചി വില്ലേജില്‍ പുത്തന്‍ പുരയില്‍ വീട്ടില്‍ മെഹ്മൂദ് കളപ്പുരക്കല്‍ മകള്‍ ഫസീല (34)യാണ് ഫോണ്‍ ചെയ്തു സ്വര്‍ണ്ണ വ്യാപാരിയെ കുടുക്കിയതെന്നും പോലീസ് കണ്ടെത്തി. ഫസീലയും അറസ്റ്റിലായിട്ടുണ്ട്.

സംഭവത്തിന്റെ മുഖ്യ ആസൂത്രകന്‍ കണ്ണൂര്‍ തളിപ്പറമ്പ് കുറ്റിയാട്ടൂര്‍ മയ്യില്‍ നാഷാദിനെ(പുയ്യാപ്ല നൗഷാദ് -41), യും, കാസര്‍ഗോഡ് പടന്ന ഉദിനൂര്‍ പോസ്റ്റല്‍ അതിര്‍ത്തിയില്‍ ഇബ്രാഹിം മകന്‍ അന്‍സാറി(23)നെയുമാണ് കോട്ടയം ജില്ലാ പോലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും അനധികൃതമായി എത്തിക്കുന്ന കുഴല്‍പ്പണം, വാഹനം ആക്രമിച്ച തട്ടിയെടുക്കലാണ് പുയ്യാപ്ല നൗഷാദിന്റെ പ്രധാന ജോലി. ഇയാള്‍ ഇപ്പോള്‍ കണ്ണൂര്‍ മട്ടന്നൂര്‍ ഭാഗത്താണ് താമസിച്ചിരുന്നത്. കൊവിഡിനെ തുടര്‍ന്നു മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേയ്ക്കു കള്ളപ്പണം ഒഴുകുന്നതിനു വലിയ തടസം നേരിട്ടു. ഇതേ തുടര്‍ന്നാണ് നൗഷാദ് പുതിയ വരുമാനം മാര്‍ഗം തേടി കോട്ടയത്തേയ്ക്ക് എത്തിയത്.

കോട്ടയത്ത് എത്തിയ നൗഷാദ് ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയുമായി സൗഹൃദം സ്ഥാപിക്കുകയും ഹണിട്രാപ്പിനായി കളമൊരുക്കുകയുമായിരുന്നു. തന്റെ ഭാര്യയേയും കൂട്ടുകാരിയെയും ഉപയോഗിച്ച് ബിസിനസ് ആവശ്യത്തിനെന്ന വ്യാജേന ചിങ്ങവനം സ്വദേശിയായ സ്വര്‍ണ്ണ വ്യാപാരിയെ കുടുക്കുകയായിരുന്നു. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മൂന്നു ലക്ഷത്തോളം രൂപ ഇത്തരത്തില്‍ ചിങ്ങവനം സ്വദേശിയായ സ്വര്‍ണ്ണ വ്യാപാരിയില്‍ നിന്നും സംഘം തട്ടിയെടുത്തു. തട്ടിപ്പിന് ഇരയായ സ്വര്‍ണ്ണ വ്യാപാരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതികളും, കേസിലെ മുഖ്യ ആസൂത്രകരുമായ എല്ലാവരും ഒളിവില്‍ പോയത്.

കേസിലെ പ്രതികളെ കണ്ടെത്തുന്നതിനായി ജില്ലാ പോലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് പ്രതികള്‍ കര്‍ണ്ണാടക അതിര്‍ത്തിയില്‍ ഉണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്നു, കോട്ടയം ഡിവൈഎസ്പി ആര്‍ ശ്രീകുമാറിന്റെ മേല്‍ നോട്ടത്തില്‍ പോലീസ് സംഘം ഒരാഴ്ചയായി കാസര്‍കോഡ് ജില്ലയില്‍ താമസിച്ച് പ്രതികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രതികളെപ്പറ്റി വിവരം ലഭിച്ചത്. ഈസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ നിര്‍മ്മല്‍ ബോസിന്റെ നേതൃത്വത്തില്‍ കോട്ടയം ഈസ്റ്റ് സബ് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് വിശ്വനാഥന്‍, കോട്ടയം ഡി വൈ എസ് പി ഓഫീസിലെ അസിസ്റ്റന്റ്റ് സബ് ഇന്‍സ്പെക്ടര്‍ അരുണ്‍കുമാര്‍ കെ ആര്‍, സബ് ഇന്‍സ്പെക്ടര്‍ ഷിബുക്കുട്ടന്‍, സൈബര്‍ സെല്‍ വിദഗ്ധനായ മനോജ് കുമാര്‍ വി എസ് എന്നിവര്‍ ചേര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ കര്‍ണ്ണാടകയില്‍ നിന്നും പിടികൂടുകയായിരുന്നു.

പോലീസ് തന്നെ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കി നൗഷാദ് തല മുണ്ഡനം ചെയ്തു വേഷം മാറി ജീവിച്ചു വരികയായിരുന്നു. മറ്റൊരു സ്വര്‍ണ്ണ വ്യാപാരിയും പ്രമുഖ രാഷ്ട്രീയക്കാരനെയും ഇത്തരത്തില്‍ കുടുക്കാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൂടുതല്‍ തട്ടിപ്പുകള്‍ പ്ലാന്‍ ചെയ്തിരുന്നെങ്കിലും ചിങ്ങവനം സ്വദേശി പോലീസില്‍ പരാതിപ്പെട്ടതോടെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു. ഈ കേസില്‍ സഹായികളായി പ്രവര്‍ത്തിച്ചിരുന്ന സുനാമി എന്നറിയപ്പെടുന്ന പ്രവീണ്‍, മലപ്പുറം സ്വദേശി മുഹമ്മദ് ഹാനിഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ഇനിയും കോട്ടയം സ്വദേശിയായ കുപ്രസിദ്ധ ഗുണ്ടയെയും മറ്റൊരു കാസര്‍ഗോഡ് സ്വദേശിയും അറസ്റ്റുചെയ്യാനുണ്ട്.

കണ്ണൂര്‍ ജില്ലയിലും സമീപ പ്രദേശങ്ങളിലും, കര്‍ണ്ണാടക സസ്ഥാനത്തുമായി ഇയാള്‍ക്കെതിരെ ഇരുപതിലധികം കൂട്ടായ്മ കവര്‍ച്ച കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഞ്ചു കോടി രൂപ വരെ ഇയാള്‍ ഒറ്റ തവണ കവര്‍ച്ച ചെയ്തിട്ടുണ്ട്. മൂന്നാം ക്ലാസ് മാത്രം വിദ്യാഭ്യാസം ഉള്ള ഇയാള്‍ക്ക് മൂന്നു ഭാര്യമാരും ഉണ്ട്. ഹവാലപണവും നികുതി വെട്ടിച്ചു കടത്തുന്ന വലിയ തുകകളും നിരീക്ഷിച്ചു അവ കൊണ്ടുപോകുന്ന വാഹനങ്ങള്‍ വിവിധ റോഡുകളില്‍ വച്ചു ആക്രമിച്ച് പണം തട്ടുന്നതാണ് നാഷാദിന്റെ പതിവ് രീതി. നൗഷാദിന്റെ രണ്ടു സഹോദരങ്ങളും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ നിര്‍മ്മല്‍ ബോസ് അറസ്റ്റ് രേഖപ്പെടുത്തി.

സിനിമയെ പോലും വെല്ലുന്ന തരത്തിലുള്ള സാഹചര്യങ്ങള്‍ ഒരുക്കിയാണ് കോതമംഗലത്ത് ഹണി ട്രാപ്പ് തട്ടിപ്പ് നടത്തിയത്. ലോഡ്ജില്‍ വിളിച്ചു വരുത്തിനഗ്‌ന ചിത്രങ്ങള്‍ എടുത്തു കടയുടമയെ ബ്ലാക്മെയില്‍ ചെയ്ത് പണവും കാറും കൈവശപ്പെടുത്തുകയായിരുന്നു യുവതിയും കൂട്ടാളിയും ചെയ്തത്. സംഭവത്തില്‍ ഇഞ്ചതൊട്ടി സ്വദേശിനിയായ യുവതിയും കുറ്റിലഞ്ഞി, നെല്ലിക്കുഴി സ്വദേശികളായ 4 യുവാക്കളുമാണ് പിടിയിലായത്.

മൂവാറ്റുപുഴ സ്വദേശിയായ കടയുടമയെ തട്ടിക്കൊണ്ടുപോയി ബ്ലാക്മെയില്‍ ചെയ്ത് പണവും കാറും ഫോണും ആറംഗ സംഘം തട്ടി എടുക്കുകയായിരുന്നു. ഈ സംഘത്തിലെ 5 പേരാണ് പിടിയിലായത്. നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിനു സമീപം വാടകയ്ക്ക് താമസിക്കുന്ന കുട്ടമ്പുഴ ഇഞ്ചത്തൊട്ടി സ്വദേശി മുളയംകോട്ടില്‍ ആര്യ (25),നെല്ലിക്കുഴി സ്വദേശികളായ കാപ്പു ചാല്‍ മുഹമ്മത് യാസിന്‍ (22), പറമ്പില്‍ റിസ്വാന്‍ 21 ) കുറ്റിലഞ്ഞി സ്വദേശികളായകപ്പട കാട്ട് അശ്വിന്‍ (19), കാഞ്ഞിരകുഴി ആസിഫ് (19) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

.

ആര്യ വ്യാപാരിയെ കോതമംഗലത്തെ ലോഡ്ജില്‍ വിളിച്ചുവരുത്തുകയും ബ്ലാക്മെയില്‍ ചെയ്യുകയും ആയിരുന്നു. തുടര്‍ന്ന് പണവും കാറും തട്ടിയെടുക്കുകയും ചെയ്തു. ഇയാളുടെ മൂവാറ്റുപുഴയിലെ ഡിടിപി സെന്ററില്‍ ആര്യ ജീവനക്കാരിയായിരുന്നു. ലോക്ഡൗണ്‍ കാലത്ത് ഇവിടത്തെ കടയില്‍ തിരക്കില്ലാത്തതിനാല്‍ തല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. ആര്യക്ക് അങ്കമാലിയില്‍ ഒരു സ്ഥാപനത്തില്‍ ജോലി കിട്ടിയെന്നും അതിന്റെ ചെലവ് ചെയ്യാമെന്നും പറഞ്ഞ് കടയുടമയെ ലോഡ്ജില്‍ വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

വ്യാപാരി എത്തി കുറച്ച് കഴിഞ്ഞപ്പോള്‍ അഞ്ചംഗ സംഘം ലോഡ്ജില്‍ എത്തി ഇരുവരുമൊരുമിച്ചുള്ള ചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ചോദിച്ചു. തുടര്‍ന്ന് കടയുടമയുടെ കൈവശം ഉണ്ടായിരുന്ന എടിഎം കാര്‍ഡും തട്ടിയെടുത്തു. പിന്നീട് കട ഉടമയേയും കൂട്ടി കാറില്‍ വിവിധ സ്ഥലങ്ങളില്‍ കറങ്ങി നടന്നു. ഇതിനിടയില്‍ കോട്ടപ്പടിയില്‍ എത്തിയപ്പോള്‍ അശ്വിന്‍ സ്ഥലത്തെ കോളേജില്‍ എന്തോ ആവശ്യത്തിനു പോയ സമയത്ത് കടയുടമ മൂത്രമൊഴിക്കാനെന്നു പറഞ്ഞ് കാറില്‍നിന്ന് പുറത്തിറങ്ങി. അവിടത്തെ ഒരു സ്റ്റാഫിന്റെ കാല്‍ക്കല്‍ വീണ് സംഭവം വിശദീകരിച്ചു. ഇതോടെ കടയുടമയെ മര്‍ദിച്ച് കാറുമായി മറ്റുള്ളവര്‍ കടന്നു.

അശ്വിനെ പിന്നീട് കോട്ടപ്പടി പോലീസ് പിടികൂടി കോതമംഗലം പോലീസിന് കൈമാറി. നെല്ലിക്കുഴിയില്‍ എത്തിയപ്പോള്‍ സംഘത്തിലൊരാള്‍ക്കൊപ്പം സ്ഥലംവിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആര്യയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിലെ മറ്റ് പ്രതികള്‍ക്കായി പോലീസ് നടത്തിയ അന്വോഷണത്തിലാണ് 3 പേര്‍ പിടിയിലായത്. സംഭവത്തില്‍ മറ്റ് പ്രതികള്‍ക്കായി അന്വോഷണം നടത്തി വരികയാണന്ന് പോലീസ് പറഞ്ഞു. കോതമംഗലം സി ഐ അനില്‍ ബി, എസ് ഐ ശ്യാംകുമാര്‍, എ എസ് ഐമാരായ നിജു ഭാസ്‌ക്കര്‍, രഘുനാഥ്, മുഹമ്മത്, സി പി ഒ മാരായ നിഷാന്ത്, പരീത്, ആസാദ്, അനൂപ് എന്നിവടരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

കൊല്ലം സ്വദേശിയായ ദിവാകരന്‍ നായരും സഹോദരനുമായുള്ള സ്വത്തുതര്‍ക്കത്തിന്റെ ഒടുവില്‍ ദിവാകരന്‍ നായരെ കൊല്ലാന്‍ ബന്ധു ക്വൊട്ടേഷന്‍ നല്‍കി.സംഘത്തിലെ 30 കാരന്റെ കാമുകിയായ 55 കാരിയായ കാമുകിയ്ക്കായിരുന്നു ദിവാകരന്‍നായരെ കൊച്ചിയിലെത്തിയ്ക്കാനുള്ള ദൗത്യം.ഷാനിഫയ്ക്ക് കൊല്ലത്ത് ഭര്‍ത്താവും മക്കളളുമൊക്കെയുള്ളതാണ്.കാമുകന്റെ നിര്‍ദ്ദേശപ്രകാരം ദിവാകരന്‍ നായരുമായി സെക്‌സ് ചാറ്റിലൂടെയും മറ്റും ഷാനിഫ അടുത്തു. നേരിട്ട് കാണാന്‍ ആഗ്രഹമുണ്ട് കൊച്ചിയിലേക്ക് വരാന്‍ പറഞ്ഞു. തുടര്‍ന്ന് കൊച്ചിയില്‍ ദിവാകരന്‍ നായരെത്തിയപ്പോള്‍ കാറില്‍ കയറ്റി കൊന്ന് വഴിയില്‍ തള്ളുകയായിരുന്നു.

കൊച്ചിയിലെത്തിക്കാന്‍ ഹണിട്രാപ്പ് – നാല്‍പ്പതുകാരനായ രാജേഷ് കാമുകിയായ 55കാരി ഷാനിഫയെയാണ് ദിവാകരന്‍ നായരെ കൊല്ലത്തെത്തിക്കാന്‍ ഉപയോഗിച്ചത്. ഷാനിഫ ദിവാകരന്‍ നായരുമായി ഫോണിലൂടെ സംസാരിച്ച് അടുപ്പം സ്ഥാപിച്ച ശേഷം ആലുവയില്‍ എത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കാക്കാനാട്ടുള്ള പ്ലോട്ട് സന്ദര്‍ശിക്കാനെന്ന പേരില്‍ കൊച്ചിയില്‍ എത്തിയ ദിവാകരനെ ഷാനിഫയെ കാണാന്‍ ആലുവയിലേക്ക് പോകും വഴി പ്രതികള്‍ ഇന്നോവ കാറില്‍ കയറ്റുകയായിരുന്നു. ക്രൂരമായി മര്‍ദ്ദിച്ച ശേഷം ശ്വാസം മുട്ടിച്ച് വഴിയരികില്‍ ഉപേക്ഷിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker