വെച്ചുകെട്ടിയാൽ എന്താണ് പ്രശ്നം,ഞാൻ വെച്ചുകെട്ടി പോകുന്നത് ആരെയാണ് ബാധിയ്ക്കുന്നത് ?ആഞ്ഞടിച്ച് ഹണി റോസ്

കൊച്ചി: ശരീരത്തിന്റേയും വസ്ത്രധാരണത്തിന്റേയും പേരിൽ വളരെ അധികം സൈബർ അധിക്ഷേപങ്ങൾ നേരിടുന്ന താരമാണ് നടി ഹണി റോസ്. അടുത്തിടെ ഇത്തരം അധിക്ഷേപങ്ങൾക്കെതിരെ വലിയൊരു നിയമപോരാട്ടം തന്നെ ഹണി നടത്തിയിരുന്നു. വ്യവസായിയായ ബോബി ചെമ്മണ്ണൂരിനെതിരെയായിരുന്നു ഹണി പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചെന്നും ദ്വയാർത്ഥ പ്രയോഗം നടത്തിയെന്നും കാണിച്ച് ഹണി നൽകിയ പരാതിയിൽ ബോബിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
സംഭവത്തിൽ വലിയൊരു വിഭാഗം ഹണി റോസിനെ പിന്തുണച്ചപ്പോൾ ഒരുകൂട്ടർ ബോബി ചെമ്മണ്ണൂരിനൊപ്പമായിരുന്നു. വെച്ചുകെട്ടിയല്ലേ നടക്കുന്നത് പിന്നെന്തിനാണ് നടി ഇത്രയും ബഹളം വെയ്ക്കുന്നതെന്നായിരുന്നു ആക്ഷേപം. ഇപ്പോഴിതാ ഇതിന് മറുപടി നൽകുകയാണ് ഹണി റോസ്. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
നടിയുടെ വാക്കുകൾ ഇങ്ങനെ-
‘ഞാൻ വെച്ചുകെട്ടിയാൽ എന്താണ് പ്രശ്നം, ഇനി ഞാൻ വെച്ച് കെട്ടിയാണ് പോകുന്നതെങ്കിൽ അത് ആരെയാണ് ബാധിക്കുന്നത്? ഇത് എന്നെ ബാധിക്കുന്ന കാര്യമല്ലേ, ഇതൊക്കെ നിങ്ങളെ എങ്ങനെയാണ് ബാധിക്കുന്നത് എന്നത് എനിക്ക് മനസിലാകുന്നില്ല. എന്റെ ശരീരത്തിൽ നൂറ് ശതമാനം അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ. വെച്ച് കെട്ടാണെങ്കിൽ തന്നെ എന്റെ ശരീരത്തിലല്ലേ, മറ്റാരുടേയും ശരീരത്തിൽ അല്ലല്ലോ, ഇതൊന്നും നമ്മൾ ആരേയും ബോധിപ്പിക്കേണ്ട വിഷയങ്ങൾ അല്ല, എത്രത്തോളം വൃത്തികേടുകളാണ് വരുന്നത്. ഇത് ഞാൻ എങ്ങനെ തെളിയിക്കണം എന്നാണ് നിങ്ങൾ പറയുന്നത്.
ഭയങ്കര ഫ്രസ്ട്രേറ്റഡ് ആയിട്ടുള്ള ഒരു കൂട്ടം ആളുകൾ ഉണ്ടാക്കിവെക്കുന്ന ചിന്താഗതികളാണ് കെട്ടിയൊരുങ്ങി നടന്നാൽ തെറി വിളിക്കാമെന്ന ചിന്ത. അങ്ങനെ യാതൊരു അധികാരവുമില്ല, ഇതിനൊക്കെ ശക്തമായ നിയമങ്ങൾ ഉണ്ട്. ആ നിയമം അതിന്റേതായ രീതിയിൽ നിയപരമായി തന്നെ പോകും. സമൂഹത്തിൽ പെരുമാറേണ്ടത് എങ്ങനെയെന്നതൊക്കെ നമ്മൾ ചെറുപ്പത്തിലേ പഠിക്കുന്നതല്ലേ, ഒരു സ്ത്രീയോടും പുരുഷനോടും മുതിർന്നവരോടും ഒക്കെ എങ്ങനെ പെരുമാറണമെന്ന് കുടുംബത്തിൽ നിന്നും സ്കൂളുകളിൽ നിന്നുമൊക്കെ നമ്മൾ പഠിക്കുന്നതാണ്.
മറ്റൊരാളെ ഉപദ്രവിക്കാൻ പോകാത്തിടത്തോളം കാലം എന്റെ ശരീരത്തിൽ എന്തും ചെയ്യാനുള്ള അവകാശം എനിക്കുണ്ട്, സ്വാതന്ത്ര്യം എനിക്കുണ്ട്. ഞാൻ ചെയ്യുന്ന കാര്യങ്ങളുടെ ശരിയോ തെറ്റോ അല്ല, എന്റെ ശരികൾ നിങ്ങൾക്ക് ശരിയാകണമെന്നില്ല, എല്ലാവരേയും എല്ലാം ബോധ്യപ്പെടുത്തി ശരിയെന്ന കാര്യങ്ങൾ മാത്രം ചെയ്യാൻ എനിക്ക് സാധിക്കില്ല, ഇത് എന്റെ ജീവിതമല്ലേ, ഇതിലേക്ക് ആരും കൈകടത്തരുതേ എന്നേ ഉള്ളൂ. മറ്റൊരാളെ ഉപദ്രവിക്കാൻ പോകാത്തിടത്തോളം സമാധനമായും സന്തോഷമായും ജീവിക്കാനുള്ളൊരു അന്തരീക്ഷം നമ്മുക്ക് ഉണ്ട് ഇവിടെ , അങ്ങനെയൊരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്.
ഞാൻ നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യുമ്പോൾ പലരും ചോദിക്കാറുണ്ട് അത്തരം കഥാപാത്രങ്ങൾ ചെയ്യുമ്പോൾ നെഗറ്റീവായി ബാധിക്കില്ലേയെന്ന്. ശരിക്കും ഇത്തരം ആളുകളും നമ്മുടെ സമൂഹത്തിൽ ഉണ്ട്. നമ്മൾ നൻമരങ്ങളെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളെയേ കാണാറുള്ളൂ, എന്നാൽ സമൂഹത്തിൽ പല തരം ആളുകളുണ്ട്. അവരെ കൂടി റെപ്രസന്റ് ചെയ്യാനുള്ല അവസരമാണ് സിനിമയിൽ കിട്ടുന്നത്. അതുകൊണ്ട് തന്നെ എന്തിന് അത്തരം കഥാപാത്രങ്ങൾ ചെയ്യാതിരിക്കണം.
ജീവിതത്തിലും അങ്ങനെ തന്നെ, ഞാൻ ചെയ്യുന്നത് ശരിയോ തെറ്റോ എന്നൊന്നും ആരേയും ബോധ്യപ്പെടുത്തി ജീവിക്കാൻ പറ്റില്ല, എന്റെ മനസാക്ഷിക്ക് അനുസരിച്ചാണ് ഞാൻ ജീവിക്കുന്നത്. അങ്ങനെ മുന്നോട്ട് പോകുകയെന്നതാണ് എന്റെ ആഗ്രഹം’, ഹണി റോസ് പറഞ്ഞു. അതേസമയം ഈ പ്രതികരണത്തിന് താഴേയും നടിക്കെതിരായ വിമർശനങ്ങൾക്ക് കുറവൊന്നുമില്ല. മാന്യമായ വസ്ത്രം ധരിക്കണമെന്നാണ് ഇപ്പോഴും ചിലരുടെ ഉപദേശം. വെച്ച് കെട്ടുന്നത് ജനങ്ങളെ കാണിക്കാൻ അല്ലേ,അപ്പൊ ജനങ്ങൾക് അതിനെ കുറിച്ച് അഭിപ്രായം പറയാൻ അധികാരമുണ്ടെന്ന വിചിത്ര വാദം പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്.