ആലുവ: പഞ്ചസാര ലായനിക്കൊപ്പം ഫെവിക്കോളും നിറം ലഭിക്കാന്‍ അല്‍പ്പം വാര്‍ണിഷും, തേന്‍ റെഡി. അത്ഭുതപ്പെടേണ്ട, ആലുവ ബൈപ്പാസ് മേല്‍പ്പാലത്തിനടിയില്‍ തമ്പടിച്ച നാടോടികളെ പിടികൂടിയപ്പോഴാണ് മനുഷ്യ ശരീരത്തിന് ദോഷകരമാകുന്ന രീതിയിലെ കൃതൃമ തേനിന്റെ ചേരുവ പുറത്ത് വന്നത്. ആലുവയിലെ മാര്‍ക്കറ്റില്‍ നിന്ന് നാടോടികള്‍ ചാക്കു കണക്കിന് പഞ്ചസാര വാങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കള്ളത്തരം പുറത്ത്‌വന്നത്.
തിളപ്പിച്ചെടുത്ത പഞ്ചസാര ലായനിയിലേക്ക് ശര്‍ക്കരയും പശമയം ലഭിക്കാന്‍ ഫെവിക്കോളും ചേര്‍ക്കും. നിറത്തിനായി വാര്‍ണിഷും ചേര്‍ക്കുന്നതോടെ വ്യാജ തേന്‍ തയ്യാറാകും. നാടോടി സംഘത്തിലെ സ്ത്രീകളാണ് കൃത്രിമ തേന്‍ ഉണ്ടാക്കുന്നത്. പുരുഷന്‍മാര്‍ ഇത് തേനാണെന്ന് പറഞ്ഞ് പല സ്ഥലങ്ങളില്‍ വില്‍പ്പന നടത്തും. പോലീസെത്തി പരിശോധിച്ചപ്പോള്‍ കഞ്ഞിയാണെന്ന് പറഞ്ഞ് സ്ത്രീകള്‍ ആദ്യം തടഞ്ഞു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൃത്രിമ തേനും നിര്‍മാണ വസ്തുക്കളും കണ്ടെത്തുകയായിരുന്നു. തേന്‍ വില്‍പ്പന തടഞ്ഞ പോലീസ് നാടോടി സംഘത്തോട് ആലുവ വിട്ടു പോകാന്‍ നിര്‍ദേശം നല്‍കി.