റാ റാ റാസ്പുടിന്‍…. ആരാണ് റസ്പുട്ടിന്‍,റഷ്യന്‍ രാഞ്ജിയെ മയക്കിയ നിഗൂഡസന്യാസി,റസ്പുടിന്‍ ഗാനം പാടിയ ഫാരലിനും അതേ വിധി,ജാനകിയുടെയും നവീന്റെയും നൃത്തത്തിലൂടെ ലോകം വീണ്ടും തെരയുന്ന ചരിത്രം
കൊച്ചി ലോകമെമ്പാടുമുള്ള മധ്യവയസ് പിന്നിട്ടവരുടെ ഗൃഹാതുര ഓര്‍മ്മകളെ തൊട്ടുണര്‍ത്തിയാണ്
മെഡിക്കല്‍ വിദ്യാര്‍ഥികളായ നവീന്റെയും ജാനകിയുടെയും നൃത്തം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയത്.ഇതിനു പിന്നാലെ റാ റാ റാസ്പുടിന്‍ എന്ന പാശ്ചാത്യ സംഗീതലോകത്തെ ഹിറ്റ് ഗാനത്തിലേക്കും ആ ഗാനം അവതരിപ്പിച്ച ബോണി എം എന്ന സംഗീത ട്രൂപ്പിലേക്കും വീണ്ടും കാതുകള്‍ കൂര്‍പ്പിക്കുകയാണ് സംഗീതപ്രിയര്‍.ഒരു തലമുറയെ ഏറെക്കാലം നൃത്തം ചെയ്യിച്ച ബോബി ഫാരല്‍ എന്ന ബോണിഎം ട്രൂപ്പ് ഗായകനെ പതിറ്റാണ്ടുകള്‍ക്കു ശേഷം കേള്‍ക്കുമ്പോഴും കാതില്‍ അതേ പുതുമ..ആനന്ദം..
റഷ്യന്‍ രാജ്ഞിയുടെയും പ്രഭുകുമാരിമാരുടെയും രഹസ്യാനുരാഗിയായ റാസ്പുട്ടിന്റെ കഥയാണ് ബോബി ഫാരലിന്റെ നിത്യഹരിത നമ്പര്‍ ‘റാ റാ റാസ്പുടിന്‍…’ വെറും ട്രിപ്പിളും ഗിറ്റാറും മാത്രം പിന്നണി ചേര്‍ന്ന ഗാനം. ഫ്രാങ്ക് ഫാരിയനാണ് ഈ മനോഹര ഗാനം എഴുതിയത്.
ബോണിഎമ്മിന്റെ ഏറ്റവും ജനപ്രീതിയാര്‍ന്ന ഹിറ്റുകളില്‍ ഒന്നായി മാറി റാസ്പുടിന്റെ ജീവിതകഥ പാടുന്ന ഗാനം. മെയ്സി വില്യംസ്, ലിസ് മിഷേല്‍, മാര്‍സിയ ബാരറ്റ്… റാസ്പുടിന്‍കഥയുമായി വേദികളില്‍ നിന്ന് വേദികളിലേക്കു ചിറകുവച്ച് പറക്കുമ്പോള്‍ ഈ മൂന്നു സുന്ദരികള്‍ കൂടിയുണ്ടായിരുന്നു ബോബി ഫാരലിനൊപ്പം. 1976ല്‍ ആണ് ഈ നാല്‍വര്‍ സംഘം ബോണിഎം എന്ന ഗായകസംഘത്തിനു വേണ്ടി ആദ്യമായി പാടിയൊരുമിക്കുന്നത്. എഴുപതുകളുടെ അവസാനത്തിലും എണ്‍പതുകളിലും പാശ്ചാത്യ സംഗീതലോകത്ത് ഇവര്‍ നാലുപേരും ചേര്‍ന്നെഴുതിയ പാട്ടുകെട്ടിന്റെ കൂട്ടുവിലാസം പിന്നീടങ്ങോട്ട് നാളിതുവരെ മാഞ്ഞുപോയിട്ടില്ല.
1976ല്‍ പുറത്തിറങ്ങിയ ടേക്ക് ദി ഹീറ്റ് ഓഫ് മീ എന്ന ആദ്യ ആല്‍ബം മുതല്‍ തുടങ്ങിയ അശ്വമേധമാണ് ബോണിഎമ്മിന്റേത്. തുടര്‍ന്ന് ലവ് ഫോര്‍ സെയില്‍, നൈറ്റ് ഫ്‌ലൈറ്റ് ടു വീനസ്, ഓഷ്യന്‍സ് ഓഫ് ഫാന്റസി, ടെന്‍ തൗസന്റ് ലൈറ്റ് ഇയേഴ്സ്… ഐ ഡാന്‍സ്, റി മിക്സ് 88 തുടങ്ങി ഹിറ്റുകളില്‍ നിന്ന് ഹിറ്റുകളിലേക്ക് ഒരു മൂളിപ്പാട്ടു വേഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ, ബോണി എമ്മിന്. രണ്ടാമത്തെ ആല്‍ബമായ നൈറ്റ് ഫ്‌ലൈറ്റ് ടു വീനസിലേതാണ് റാ റാ റാസ്പുടിന്‍ എന്ന ഡിസ്‌കോ ഹിറ്റ് ഗാനം.
മുങ്ങിമരിച്ചെന്നു കരുതപ്പെടുന്ന നേവാ നദിയുടെ തണുപ്പില്‍ നിന്നും കെട്ടുകഥകളിലെ റഷ്യന്‍ രാജ്ഞിയുടെ പ്രണയ മണിയറയില്‍നിന്നും റാസ്പുടിന്റെ ഗംഭീരമായ തിരിച്ചുവരവായിരുന്നു ബോബി ഫാരലിന്റെ ചുണ്ടുകളിലേക്ക്. ലോകത്തെ മുഴുവന്‍ ഒരേ പാട്ടുലഹരിയില്‍ നൃത്തമാടിച്ച ഫാരല്‍ചുവടുകളുടെ ചടുലതയിലേക്ക്. കൊടുങ്കാറ്റുവേഗം ആടിയുലഞ്ഞ യൂറോപ്പിലെ നൂറായിരം പാട്ടുവേദികളിലേക്ക്… ലോകത്തിന്റെ മുഴുവന്‍ ഹിറ്റ് ചാര്‍ട്ടുകളിലേക്ക്..
പക്ഷേ, എത്ര ഗംഭീരമായി പുനര്‍ജ്ജീവിച്ചിട്ടും റാസ്പുടിന്റെ മരണക്കൊതി തീര്‍ന്നുകാണില്ല. അതുകൊണ്ടല്ലേ റാസ്പുടിന്റെ അതേ മരണനിയോഗം ബോബിയെയും കാത്തിരുന്നത്! റാസ്പുടിന്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷികദിനത്തില്‍, അതേ സെന്റ് പീറ്റേഴ്സ്ബര്‍ഗ് നഗരത്തില്‍ തന്നെയായിരുന്നു ബോബി ഫാരലിന്റെ മരണവും. ഒരു ദുര്‍മരണത്തിന്റെ ദുരാവര്‍ത്തനം.
അറുപത്തൊന്നുകാരനായ ബോബി ഫാരലിനെ സംഗീതപരിപാടിക്കു ശേഷം ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷം ഉള്ളില്‍ ചെന്നിട്ടെന്നും ശ്വാസതടസ്സമുണ്ടായിട്ടെന്നും ഹൃദയാഘാതം മൂലമെന്നും പല കാരണങ്ങള്‍ നിരത്തപ്പെട്ടു. കാരണം, അതൊരു ഒറ്റ മരണമായിരുന്നില്ലല്ലോ! ബോബി ഫാരലിനൊപ്പം റാസ്പുടിന്‍ ഒരിക്കല്‍കൂടി മരിക്കുകയായിരുന്നോ ? റാസ്പുടിന്റെ കഥ പാടിത്തീരുംമുമ്പേ, മുഖത്തെ കടുംചായങ്ങള്‍ മായ്ച്ചുകളയുംമുമ്പേ, രാത്രിയുടെ നിശ്ശബ്ദരഥങ്ങളില്‍ എപ്പോഴോ സാക്ഷാല്‍ റാസ്പുടിന്‍ വന്ന് ബോബി ഫാരലിനെ തൊട്ടുവിളിച്ചുകൊണ്ടുപോയിരിക്കണം…
p>റാസ്പുടിനിലൂടെ ബോബി ഫാരല്‍ ജീവിക്കുകയായിരുന്നു, ഇനിയൊരിക്കലും മരണമില്ലാത്തൊരു പാട്ടുകാരനായി ലോകത്തിന്റെ മുഴുവന്‍ കാതുകളിലേക്കു പാടിപ്പാടി പുനര്‍ജനിക്കുകയായിരുന്നു. അതെ, അതുകൊണ്ടാണ് ഇന്നും നാം ബോബിയെ കേള്‍ക്കുന്നത്; ആ റാസ്പുടിന്‍കഥയും. ചില പാട്ടുകള്‍ വെറും പാട്ടുകള്‍ മാത്രമല്ല!
ഗ്രിഗറി യെഫിമോവിക് റാസ്പുടിന്‍ ആ പേര് കേട്ടാല്‍ ഒരു കാലത്ത് റഷ്യന്‍ ചക്രവര്‍ത്തി നിക്കോളാസ് രണ്ടാമന്‍ പോലും ഭയന്നിരുന്നു. മുന്നില്‍ ചെന്ന് നിന്നാലാകട്ടെ ആ കണ്ണുകളിലേക്ക് നോക്കി സംസാരിക്കാന്‍ പോലും ആര്‍ക്കും സാധിച്ചിരുന്നില്ല. അത്ര തീക്ഷണമായിരുന്നു അഗ്‌നിസ്ഫുലിംഗങ്ങള്‍ ചിതറുന്ന പോലുള്ള നോട്ടം. നീണ്ടു വളര്‍ന്ന താടിയും മുടിയും, കരുത്തുറ്റ ശരീരം, ആരെയും വീഴ്ത്തുന്ന വാക്ചാതുരി..ഇതൊക്കെയായിരുന്നു റാസ്പുടിന്‍. ചരിത്രത്തിന്റെ താളുകളില്‍ കറുത്ത മഷികൊണ്ട് എഴുതപ്പെട്ടതാണ് ആ പേര്. ഒരു കുഗ്രാമത്തില്‍ ജനിച്ച് റഷ്യന്‍ സാമ്രാജ്യത്തിന്റെ ഭരണത്തിലേക്കും ഏറെത്താമസിയാതെ സാറിസ്റ്റ് ഭരണത്തിന്റെ അന്ത്യത്തിനും കാരണക്കാരനായ കുശാഗ്രബുദ്ധിയും വിഷയലമ്പടനുമായ വ്യക്തി.
റഷ്യയുടെ മഞ്ഞുറയുന്ന സൈബീരിയന്‍ മേഖലയിലെ ഒരു കാര്‍ഷിക കുടുംബത്തിലാണ് റാസ്പുടിന്‍ ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ നിഗൂഢ മന്ത്രവാദത്തില്‍ തത്പരനായിരുന്ന റാസ്പുടിന്‍ റഷ്യന്‍ ഗ്രാമങ്ങളില്‍ അദ്ഭുതസിദ്ധികളുള്ള സന്യാസിയെന്ന നിലയില്‍ അറിയപ്പെട്ടു തുടങ്ങി. സ്ത്രീകളായിരുന്നു റാസ്പുടിന്റെ അനുയായികള്‍ കൂടുതലും. നിലവിലുള്ള സാമുദായികാചാരങ്ങളെ അശേഷം ഗൗനിക്കാത്ത റാസ്പുടിനെ മതമേധാവികള്‍ സംശയത്തോടെയാണ് കണ്ടത്. എന്നാല്‍ റാസ്പുടിനെ എതിര്‍ക്കാന്‍ അവര്‍ക്ക് ധൈര്യമുണ്ടായിരുന്നില്ല.
ആരുടെയും രോഗം മാറ്റുന്ന അദ്ഭുതശക്തിയുള്ള സന്യാസിയെപ്പറ്റി റഷ്യ മുഴുവന്‍ അറിയാന്‍ അധികം വൈകിയില്ല. മരിച്ചുപോയവരെ ജീവിപ്പിക്കാന്‍ പോലും ആ സന്യാസിക്ക് കഴിയുമെന്ന് ജനങ്ങള്‍ വിശ്വസിച്ചു.
ആധുനിക കാലത്ത് വിദഗ്ധമായ സംസാരത്തിന്റെ അടിസ്ഥാന ഗുണങ്ങളിലൊന്നായി പറയപ്പെടുന്ന ‘ഐ കോണ്‍ടാക്റ്റ്’ അതിവിദഗ്ധമായി പ്രയോഗിച്ച ഒരാളായിരുന്നു റാസ്പുടിന്‍. ചരിത്രത്തില്‍ റാസ്പുടിനെ ഇക്കാര്യത്തില്‍ വെല്ലുന്ന ഒരാളേയുള്ളൂ. നാസി ഏകാധിപതിയായിരുന്ന സാക്ഷാല്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍. റാസ്പുടിന്‍ തനിക്ക് ആവശ്യമുള്ള ഇരകളെ മാത്രം കണ്ണ് കൊണ്ട് വീഴ്ത്തിയെങ്കില്‍ ഹിറ്റ്‌ലറാകട്ടെ പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന ലക്ഷക്കണക്കിന് ആള്‍ക്കാരെ മുഴുവന്‍ തന്റെ തീക്ഷണമായ നോട്ടം കൊണ്ട് അടിമകളാക്കിയിരുന്നത്രേ.
റഷ്യന്‍ ചക്രവര്‍ത്തി നിക്കോളാസ് രണ്ടാമന്റെ ചക്രവര്‍ത്തിനിയായിരുന്ന അലക്‌സാണ്ട്രിയ ഈ അത്ഭുത സന്യാസിയുടെ സിദ്ധികളെപ്പറ്റി അറിഞ്ഞതോടെയാണ് റാസ്പുടിന്റെ ശുക്രനുദിച്ചത്. അവരുടെ ഒരേയൊരു മകനായ അലക്‌സേയ് ഹീമോഫീലിയ മൂലം കഷ്ടതയനുഭവിക്കുന്ന സമയമായിരുന്നു അത്. അത്ഭുതസിദ്ധികളുള്ള ആ ദിവ്യന് തന്റെ പുത്രനെ സുഖപ്പെടുത്താനാകുമെന്ന് അലക്‌സാണ്ട്രിയ വിശ്വസിച്ചു. കൊട്ടാരത്തിലേക്ക് ക്ഷണം കിട്ടിയ റാസ്പുടിന്‍ വളരെ വേഗം തന്നെ ചക്രവര്‍ത്തിനിയുടെ വിശ്വാസം ആര്‍ജിച്ചു.
മകന്റെ അസുഖത്തിന് ശമനം കിട്ടിയതോടെ ചക്രവര്‍ത്തിനി പൂര്‍ണമായും സന്യാസിയുടെ സ്വാധീനത്തിലായി. റാസ്പുടിന്റെ അടുപ്പം കൊട്ടാരത്തിന്റെ അന്തപ്പുരങ്ങളിലേക്ക് വളര്‍ന്നതോടെ അദ്ദേഹത്തിന്റെ സ്വാധീനവും വളര്‍ന്നു. ചക്രവര്‍ത്തിനിയെ ഉപയോഗിച്ച് റാസ്പുടിന്‍ ഭരണകാര്യങ്ങള്‍ നിയന്ത്രിക്കുന്നതിലേക്ക് വരെയായി കാര്യങ്ങള്‍.
അപാരമായ തന്റെ ആകര്‍ഷണശക്തിയുപയോഗിച്ച് രാജകുടുംബത്തിലും പുറത്തുമുള്ള നിരവധി സ്ത്രീകളെ റാസ്പുടിന്‍ ചൂഷണം ചെയ്തു. കൊട്ടാരത്തിന്റെ പ്രധാന ചടങ്ങുകളിലെല്ലാം റാസ്പുടിനായി കാര്‍മികന്‍. വൈദികന്മാര്‍ റാസ്പുടിന്റെ പ്രാകൃത ആരാധന രീതികള്‍ കണ്ട് മുറുമുറപ്പുയര്‍ത്തിയെങ്കിലും അദ്ദേഹത്തിനെതിരെ ശബ്ദിക്കാന്‍ ഭയന്നു.
നിലവിട്ട റാസ്പുടിന്റെ ജീവിതശൈലിക്കെതിരെ പ്രത്യക്ഷമായി എതിര്‍പ്പൊന്നുമുണ്ടായില്ലെങ്കിലും അണിയറയില്‍ ആ സന്യാസിയെ കൊലപ്പെടുത്താന്‍ നീക്കങ്ങള്‍ നടന്നു. ഓരോ തവണയും അദ്ഭുതകരമായി റാസ്പുടിന്‍ രക്ഷപ്പെട്ടതോടെ അദ്ദേഹത്തിന് അത്ഭുതസിദ്ധികളുണ്ടെന്ന് ശത്രുക്കള്‍ പോലും വിശ്വസിച്ചു തുടങ്ങി.
ഒന്നാംലോകമഹായുദ്ധത്തിലെ റഷ്യയുടെ പരാജത്തിന്റെ പ്രധാന കാരണം റാസ്പുടിന്റെ ഭരണകാര്യങ്ങളിലുള്ള ഇടപെടലാണെന്ന് മനസ്സിലായതോടെ രാജകുടുംബാഗങ്ങള്‍ ഫെലക്‌സ് യൂസപ്പോവ് രാജകുമാരന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ വധിക്കാന്‍ പദ്ധതിയിട്ടു. ഒരു രാത്രിയില്‍ വിരുന്നിന് ക്ഷണിച്ച റാസ്പുടിന് കൊടിയ വിഷം കലര്‍ത്തിയ വീഞ്ഞാണ് നല്‍കിയത്. എന്നാല്‍ അവര്‍ വിചാരിച്ചപോലെ കാര്യങ്ങള്‍ നടന്നില്ല. വീഞ്ഞ് കുടിച്ചിട്ടും റാസ്പുടിന്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ ഇരിക്കുന്നത് കണ്ടതോടെ വിഷവീര്യം അയാള്‍ക്കേറ്റില്ല എന്ന് മനസ്സിലായ ശത്രുക്കള്‍ വെടിയുതിര്‍ത്തു. വെടിയേറ്റ് നിലത്തുവീണെങ്കിലും അതും മരണകാരണമായില്ല. അയാള്‍ എഴുന്നേറ്റ് നടന്നതോടെ അവര്‍ വീണ്ടും പലവട്ടം വെടിയുതിര്‍ക്കുകയും ഇരുമ്പുകമ്പി കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. അതിനുശേഷം ആ ശരീരം മഞ്ഞുറഞ്ഞ നേവാ നദിയിലെറിയാന്‍ കൊണ്ടുപോകുമ്പോഴും റാസ്പുടിന് ജീവനുണ്ടായിരുന്നത്രേ! കണ്ടെടുക്കപ്പെട്ട ശരീരം അന്നത്തെ രീതിയിലുള്ള പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കിയപ്പോള്‍ ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞിരുന്നു. അതായത് മുങ്ങിമരണം!
മഞ്ഞു പെയ്ത ആ രാത്രിയിലെ സംഭവങ്ങള്‍ ആരും പുറത്തുപറഞ്ഞില്ല. നേവാ നദിയിലൂടെ പിന്നെയും ജലമൊരുപാട് ഒഴുകിപ്പോയി. സാറിസ്റ്റ് ഭരണത്തിന്റെ അന്ത്യം കുറിച്ച് സോവിയറ്റ് യൂണിയന്‍ നിലവില്‍ വന്നു. കാലചക്രത്തിന്റെ കറക്കത്തില്‍ റാസ്പുടിന്റെ നിഗൂഡമായ കഥകള്‍ പണ്ടെങ്ങോ കേട്ടുമറന്ന ഒരു കെട്ടുകഥയായി അവശേഷിച്ചു.
റഷ്യന്‍ നാടോടിക്കഥകളുടെ കൂട്ടത്തില്‍ പഴകി തുരുമ്പെടുത്തിരുന്ന നിഗൂഢ സന്യാസിയുടെ കഥകള്‍ ബോണി എമ്മിന്റെ പാട്ടിലൂടെ പുനര്‍ജനിച്ചതോടെ റാസ്പുടിന്‍ അനശ്വരനായി. എന്നാല്‍ റാസ്പുടിന് എന്ന നിഗൂഢത അവസാനിച്ചിരുന്നില്ല. സംഗീതപരിപാടികളില്‍ ആ ഗാനം പാടിയവതരിപ്പിച്ച ബോബി ഫാരലിനെയും തേടിയെത്തി ആ ദുരൂഹത. 2010 ഡിസംബര്‍ 30ന് സെന്റ് പിറ്റേഴേസ്ബര്‍ഗിലെ സംഗീതപരിപാടിക്ക് ശേഷം ഹോട്ടലില്‍ തങ്ങിയ ഫാരലിനെ പിറ്റേന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. യഥാര്‍ഥ കാരണമെന്തെന്ന് ഇതുവരെയും തെളിയിക്കപ്പെടാത്ത അസ്വാഭാവിക മരണം. 1916-ല്‍ അതേ നഗരത്തില്‍ വച്ച് അതേ ദിവസം തന്നെയായിരുന്നു റാസ്പുടിന്റെ മരണമെന്നത് തികച്ചും യാദൃശ്ഛികമാവാം.
റാസ്പുടിനും ഫാരലും കാലയവനികയില്‍ മറഞ്ഞെങ്കിലും ഇന്നും ലോകമെങ്ങും ആ സംഗീതം അലയടിക്കുന്നു. റാ..റാ..റാസ്പുടിന്‍ ലവര്‍ ഓഫ് ദ് റഷ്യന്‍ ക്വീന്‍ ..